അബൂദബി അന്താരാഷ്ട്ര ഭക്ഷ്യോത്സവത്തിന് തുടക്കം
text_fieldsഅബൂദബി: അന്താരാഷ്ട്ര ഭക്ഷ്യോത്സവത്തിന് അബൂദബി പ്രദര്‍ശനനഗരിയില്‍ തുടക്കമായി. വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല് നഹ്യാന്റെ രക്ഷാകര്‍തൃത്വത്തില്‍ അബൂദബി അഗ്രികൾചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ പിന്തുണയോടെ നടക്കുന്ന പ്രദര്‍ശനം നവംബര്‍ 29 വരെ നീണ്ടുനിൽക്കും. യു.എ.ഇ സഹിഷ്ണുത, സഹവര്‍ത്തിത്വ മന്ത്രി ശൈഖ് നഹ്യാന് ബിന്‍ മുബാറക് ആല് നഹ്യാന്, പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ് ചെയര്‍മാനുമായ എം.എ. യൂസുഫലി എന്നിവര്‍ പ്രദര്‍ശനനഗരി സന്ദര്‍ശിച്ചു. ഇന്ത്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍നിന്നുള്ള കമ്പനികള്‍ പ്രദര്‍ശന നഗരിയിലുണ്ട്. പലചരക്ക്, ഓര്‍ഗാനിക് ആൻഡ് വെല്‍നസ്, മാംസം, ഫുഡ്ടെക്, മിഠായി, തേന്‍, ഈന്തപ്പഴം, പാല് എന്നിവയുടെ സ്റ്റാളുകളാണ് പ്രധാനമായും പ്രദർശനത്തിലുള്ളത്.
വിവിധ രാജ്യങ്ങളില്‍നിന്നുള്ള പാചക വിദഗ്ധരുടെ ലൈവ് പാചകപ്രദര്ശനവും പാചകമത്സരവും ഭക്ഷ്യോത്സവത്തിന്റെ പ്രത്യേകതയാണ്. പുതിയ ഉൽപന്നങ്ങളെ അടുത്തറിയാനും വിപണിയെ പരിചയപ്പെടുത്താനും പ്രദര്‍ശനം സഹായിക്കുന്നുവെന്ന് വിവിധ കമ്പനി പ്രതിനിധികള്‍ പറഞ്ഞു. രാവിലെ പത്തിന് തുടങ്ങുന്ന പ്രദര്‍ശനം വൈകീട്ട് ആറുവരെ നീളും. നഗരിയില്‍ ഇന്ത്യ പ്രത്യേകം പവിലിയന്തന്നെ ഒരുക്കിയിട്ടുണ്ട്. ഭക്ഷ്യ ഉൽപന്ന മേഖലയില്‍ ഏറ്റവും പുതിയ മാറ്റങ്ങളെക്കുറിച്ച് അറിയാന്‍ ഏറെ സഹായകമാണ് മേള. ചെയര്മാന് എം.എ. യൂസുഫലിയുടെ സാന്നിധ്യത്തില്‍ ലുലു ഗ്രൂപ് ഇന്റര്‍നാഷനല്‍ ഗ്രൂപ്പിനുവേണ്ടി ഡയറക്ടര്‍മാരായ ഷമീം സൈനുല്‍ ആബിദീന്‍, റിയാദ് ജബ്ബാര്‍, ടി.കെ. നൗഷാദ് എന്നിവര്‍ വിവിധ കമ്പനികളുമായുള്ള ധാരണപത്രത്തില്‍ ഒപ്പുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.