ലോകത്തിലെ സുരക്ഷിത നഗരമായി അഞ്ചാംവർഷവും അബൂദബി
text_fieldsഅബൂദബി: യു.എ.ഇ തലസ്ഥാന നഗരമായ അബൂദബി തുടർച്ചയായി അഞ്ചാം വർഷവും ലോകത്തിലെ സുരക്ഷിത നഗരമായി. രാജ്യത്തെ ഷാർജ, ദുബൈ നഗരങ്ങളും ആദ്യ പത്തിൽ ഇടം നേടി. ഡാറ്റ ക്രൗഡ് സോഴ്സിങ് വെബ്സൈറ്റായ നംബിയോ നടത്തിയ സർവേയിലാണ് തെരഞ്ഞെടുത്തത്. സുരക്ഷയിൽ 88.46 ശതമാനം പോയിേൻറാടെയാണ് നംബിയോയുടെ ക്വാളിറ്റി ഓഫ് ലൈഫ് സൂചിക പ്രകാരം ലോകത്തെ 431 നഗരങ്ങളെക്കാൾ അബൂദബി മുന്നിലെത്തിയത്. പട്ടികയിൽ 83.59 പോയൻറ് നേടി ആറാം സ്ഥാനത്താണ് ഷാർജ. 83.44 പോയൻറ് നേടി ദുബൈ നഗരവും തൊട്ടു പിന്നിലെത്തി. ദോഹ, തായ്പേയ്, ക്യൂബെക്ക് സിറ്റി, സൂറിച്ച്, മ്യൂണിച്ച്, ക്ലൂജ്-നാപ്പോക, മസ്കറ്റ് എന്നിവയാണ് ആദ്യ പത്തിൽ ഇടം നേടിയ മറ്റു ലോക നഗരങ്ങൾ.
യു.എ.ഇയിലെ ജനത ആസ്വദിക്കുന്ന സുരക്ഷക്കും സുസ്ഥിരതക്കുമുള്ള അംഗീകാരത്തിെൻറ തെളിവാണ് ഈ റാങ്കിങ്ങെന്ന് അബൂദബി പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സ്റ്റാഫ് പൈലറ്റ് ഫാരിസ് ഖലഫ് അൽ മസ്രൂയി ചൂണ്ടിക്കാട്ടി. അബൂദബി എമിറേറ്റിൽ ഏറ്റവും കുറഞ്ഞ കുറ്റകൃത്യ സൂചിക വെറും 11.54 ആണ്.
താമസത്തിനും നിക്ഷേപത്തിനും ജോലിചെയ്യാനും സന്ദർശിക്കാനും അഭികാമ്യമായ ലക്ഷ്യസ്ഥാനമെന്ന നിലയിൽ അബൂദബിയുടെ സ്ഥാനം ഉറപ്പിക്കുന്നതാണ് ഈ ഫലം.
തുടർച്ചയായ നേട്ടങ്ങൾക്കും പുരോഗതിക്കും ഈ ഫലം സഹായിക്കും. ആഗോള മത്സര സൂചികയിൽ രാജ്യത്തിെൻറ മുൻനിര സ്ഥാനം ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികൾ നടപ്പാക്കും. പൊതുജനങ്ങളുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും സമൂഹത്തിെൻറ വിശ്വാസം വളർത്തിയെടുക്കുന്നതിനും അബൂദബി പൊലീസ് ശ്രദ്ധാലുവാണെന്നും അൽ മസ്രൂയി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.