ലോകത്തിലെ സുരക്ഷിത നഗരമായി അബൂദബി
text_fieldsഅബൂദബി: ലോകത്തിലെ സുരക്ഷിത നഗരമായി അബൂദബി തുടരുന്നുവെന്ന് കണക്ക്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് റോഡ് അപകടങ്ങളില്‍ 4.44 ശതമാനത്തിന്റെ കുറവുണ്ടായി. പോയവര്‍ഷത്തെ അപേക്ഷിച്ച് ഗുരുതര കുറ്റകൃത്യം 57.1 ശതമാനം കുറഞ്ഞു. ലക്ഷം പേരുടെ കണക്ക് അടിസ്ഥാനമാക്കിയാണ് ഈ റിപ്പോര്‍ട്ട്. അടിയന്തര പ്രതികരണ സേവനങ്ങള്‍ 31.92 ശതമാനം മെച്ചപ്പെട്ടതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇലക്ട്രോണിക് കുറ്റകൃത്യങ്ങളില്‍ 29.7 ശതമാനവും മോഷണക്കുറ്റങ്ങളില്‍ 33.83 ശതമാനവും നാര്‍ക്കോട്ടിക്സ് കേസുകളില്‍ 47.1 ശതമാനവും കുറവുണ്ടായി.
ലോകത്തിലെ സുരക്ഷിത നഗരമാണ് യു.എ.ഇ തലസ്ഥാനമെന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കുകളെന്ന് അബൂദബി പൊലീസ് പറഞ്ഞു. പൊലീസ്, സുരക്ഷ സേവനങ്ങള്‍ അടക്കം സര്‍വ മേഖലയിലും എപ്പോഴും മുന്‍പന്തിയില്‍ നില്‍ക്കാനുള്ള യു.എ.ഇ രാഷ്ട്രനേതാക്കളുടെ നിര്‍ദേശം പാലിച്ചാണ് നേട്ടം കൈവരിച്ചതെന്ന് അബൂദബി പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ സ്റ്റാഫ് പൈലറ്റ് ഫാരിസ് അല്‍ മസ്രൂയി പറഞ്ഞു.
കഴിഞ്ഞവര്‍ഷം തുടര്‍ച്ചയായ ആറാംതവണയും അബൂദബി ലോകത്തിലെ സുരക്ഷിതനഗരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ആഗോള ഇൻഫർമേഷൻ പ്ലാറ്റ്ഫോമായ 'നമ്പിയോ'യാണ് സര്‍വേ നടത്തി സുരക്ഷിത നഗരങ്ങളുടെ പട്ടിക പുറത്തുവിട്ടത്. സ്ത്രീകളുടെ സുരക്ഷയിലും തലയെടുപ്പോടെ നില്‍ക്കുകയാണ് അബൂദബി എമിറേറ്റ്സ്. സ്ത്രീകള്‍ക്ക് ഭയാശങ്കകളില്ലാതെ ഏതുരാവിലും തെരുവുകളിലൂടെ നടക്കാനാവുമെന്നാണ് ജോര്‍ജ് ടൗണ്‍ യൂനിവേഴ്സിറ്റി പുറത്തുവിട്ട സ്ത്രീകള്‍, സമാധാനം, സുരക്ഷ സൂചിക വ്യക്തമാക്കുന്നത്.
നഗരമെന്ന രീതിയില്‍ അനുദിനം വലിയതോതില്‍ വളര്‍ച്ച നേടുകയും എന്നാല്‍ സ്വൈര്യജീവിതം ഉറപ്പാക്കുന്നതിന് നിയമം കര്‍ശനമായി നടപ്പാക്കുകയും മികച്ച രീതിയിൽ നഗരാസൂത്രണം പ്രാവര്‍ത്തികമാക്കുന്നതുമാണ് അബൂദബിയെ ലോകത്ത് മികവുറ്റതാക്കുന്നത്.
ഏഷ്യയിലെ ആദ്യ സൈക്ലിങ് സൗഹൃദ നഗരമെന്ന ഖ്യാതിയും (ബൈക്ക് സിറ്റി) അബൂദബിക്കു സ്വന്തമാണ്. നോര്‍വേ, കോപന്ഹേഗന്, ഗ്ലാസ്ഗോ, പാരിസ്, വാന്‍കൂവര്‍ തുടങ്ങിയ നഗരങ്ങള്‍ക്കൊപ്പമാണ് അബൂദബി ബൈക്ക് സിറ്റി പട്ടം നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.