ഡിജിറ്റൽ സാക്ഷരത മെച്ചപ്പെടുത്താൻ പുതിയ പദ്ധതിയുമായി അബൂദബി
text_fieldsഅബൂദബി: അബൂദബിയിലെ തൊഴിലാളികൾക്കിടയിലെ ഡിജിറ്റൽ കരിയറും നേതൃശേഷിയും കണ്ടെത്തുന്നതിനായി അബൂദബി സ്കൂൾ ഓഫ് ഗവൺമെന്‍റ് (എ.ഡി.എസ്.ജി) ഫ്യൂച്ചർ ഷേപേഴ്സ് പദ്ധതിക്കു തുടക്കംകുറിച്ചു. അബൂദബി സർക്കാറിന്‍റെ ഡിജിറ്റൽ അജണ്ടയെ പിന്തുണക്കുക, തൊഴിലാളികളുടെ ശേഷി ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യമാണ് എ.ഡി.എസ്.ജിയുടെ പുതിയ നീക്കത്തിനു പിന്നിൽ.
സർക്കാർ ജീവനക്കാർക്കും അബൂദബി നിവാസികൾക്കും പദ്ധതിയിൽ ഭാഗമാവാൻ അവസരമുണ്ട്. സമാന മനസ്കർക്കും ടെക്-വ്യവസായ മേഖലയിലെ വിദഗ്ധർക്കും സഹകരിച്ചു പ്രവർത്തിക്കാനാവും. പദ്ധതി പൂർത്തീകരിക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. പങ്കെടുക്കുന്നവർക്ക് അവരുടേതായ സമയമെടുത്ത് കോഴ്സ് പൂർത്തിയാക്കാൻ അവസരം നൽകുന്ന രീതിയിലാണ് പദ്ധതി ക്രമീകരിച്ചിരിക്കുന്നത്.
നാലാഴ്ച നീളുന്ന പ്രാഥമിക ഘട്ടം (ചലഞ്ച് ഫേസ്) വിജയകരമായി പൂർത്തിയാക്കുന്നവരിൽനിന്ന് മികച്ച പ്രകടനം കാഴ്ചവെച്ച 5000 പേരെ രണ്ടാം ഘട്ടത്തിൽ (കണക്ട് ഫേസ്) പ്രവേശിപ്പിക്കും. ആഗോള സാങ്കേതിക വിദ്യാഭ്യാസ പ്ലാറ്റ്ഫോം ആയ യു.ഡി.എ.സി.ടിയിലെ വിദഗ്ധരാവും ഈ ഘട്ടത്തിലെ കോഴ്സിന് നേതൃത്വം നൽകുക.
പദ്ധതിയുടെ ഭാഗമാവുന്നവർക്ക് വിജ്ഞാനവും വൈദഗ്ധ്യവും വികസിപ്പിക്കാൻ മികച്ച അവസരമാണ് ലഭിക്കുന്നതെന്നും ഇതിലൂടെ അവർക്ക് സാങ്കേതികജ്ഞാനം നേടാനും ഡിജിറ്റൽ മേഖലയിൽ പ്രഫഷനലുകളാവാനും കഴിയുമെന്നും എ.ഡി.എസ്.ജി ഡീൻ സുമയ്യ അബ്ദുൽ അസീസ് അൽ ഹൊസനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.