പ്ലാസ്റ്റിക് നിരോധനം ഏറ്റെടുത്ത് അബൂദബി
text_fieldsഅബൂദബി: ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് നിരോധനത്തെ ഏറ്റെടുത്ത് അബൂദബി നിവാസികള്‍. പ്ലാസ്റ്റിക് നിരോധന പ്രഖ്യാപനം വന്നപ്പോള്‍ തന്നെ അതിനെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞുവെന്നും ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിച്ചുവെന്നും ആദ്യദിനം ഷോപ്പിങ് മാളുകളിലെത്തിയ നിരവധി പേര്‍ അഭിപ്രായപ്പെട്ടു. നിരോധനം നടപ്പാക്കിയത് എമിറേറ്റിനെ സംബന്ധിച്ച് ചരിത്രദിവസമാണെന്ന് അബൂദബി പരിസ്ഥിതി ഏജന്‍സി സെക്രട്ടറി ജനറല്‍ ഡോ. ശൈഖ സാലിം അല്‍ ദാഹിരി അഭിപ്രായപ്പെട്ടു. അബൂദബി മുശ്രിഫ് മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്, സ്പിന്നീസ്, കാരിഫോര്‍, അബൂദബി കോഓപറേറ്റിവ് സൊസൈറ്റി എന്നിവയില്‍ പ്ലാസ്റ്റിക് നിരോധനവും ബദല്‍ മാര്‍ഗങ്ങളും നേരിൽ വിലയിരുത്താന്‍ ഡോ. അല്‍ ദാഹിരിയുടെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥർ സന്ദർശിച്ചു.
തലസ്ഥാനത്തെ എല്ലാ പ്രധാന റീട്ടെയില്‍ ഷോപ്പുകളും നിരോധനം പാലിച്ച് ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിച്ചത് അഭിനന്ദനാര്‍ഹവും പ്രോത്സാഹജനകവുമാണ്. ചില്ലറ വ്യാപാരികളുടെ അനുകൂലമായ പ്രതികരണം അബൂദബിയിലെ എല്ലാ താമസക്കാര്‍ക്കും സുസ്ഥിരമായ ജീവിതം ക്രമപ്പെടുത്തി നല്‍കുകയെന്ന ലക്ഷ്യം വളരെ വേഗത്തിൽ കൈവരിക്കാന്‍ സഹായകമാവും - ഡോ. അല്‍ ദാഹിരി കൂട്ടിച്ചേര്‍ത്തു.
ഉപഭോക്താക്കൾക്ക് സംതൃപ്തി
ഇമാറാത്തി പൗരന്മാരും പ്രവാസികളും പ്ലാസ്റ്റിക് നിരോധനത്തെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ ഒഴിവാക്കിയ നടപടി വളരെ ഉപകാരപ്രദമാണെന്ന് പലരും പ്രതികരിച്ചു. ഇത് വളരെ നല്ല ഒരു സംരംഭമാണ്, വരും തലമുറകള്‍ക്ക് ഗുണം ചെയ്യും- ഇമാറാത്തി പൗരന്‍ അല്‍ ഹമ്മാദി മാധ്യമങ്ങളോട് പറഞ്ഞു.
സംരംഭത്തില്‍ സംതൃപ്തനാണെന്നും കേരളം ഇത്തരമൊരു പരിപാടി വന്‍ വിജയത്തോടെ നടപ്പാക്കിയിട്ടുണ്ടെന്നും ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലെത്തിയ പ്രവാസി മലയാളി ജോജോ ആന്‍റണി പറഞ്ഞു. നല്ലതും ഫലപ്രദവുമായ സംവിധാനമാണ്. പുനരുപയോഗിക്കാവുന്ന ബാഗ് മറന്നതിനാല്‍ അതെടുക്കാന്‍ വീണ്ടും വീട്ടിലേക്ക് മടങ്ങേണ്ടിവന്നു. നേരത്തേ വാങ്ങിവെച്ച പുനരുപയോഗിക്കാവുന്ന ബാഗാണ് തന്‍റെ പക്കലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിസ്ഥിതി സൗഹൃദ ബദലുകൾ ലഭ്യം
ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ 7.5 ദിര്‍ഹം വിലയിൽ ചണച്ചാക്കുകൾ, സൂപ്പര്‍മാര്‍ക്കറ്റുകള്‍ 2.5 ദിര്‍ഹം നിരക്കില്‍ ബയോ ഡീഗ്രേഡബിള്‍ ബാഗുകള്‍, പുതിയ പേപ്പര്‍ ബാഗുകള്‍, റീസൈക്കിള്‍ ചെയ്ത പേപ്പര്‍ ബാഗുകള്‍, തുണി സഞ്ചികള്‍ തുടങ്ങിയവയാണ് ഉപഭോക്താക്കൾക്ക് ബദലായി നൽകുന്നത്. സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ക്ക് സ്വന്തമായി പുനരുപയോഗിക്കാവുന്ന ബാഗുകളും കൊണ്ടുവരാം.
അനിവാര്യമായ ആവശ്യകത പരിഗണിച്ചും ജോലിയുടെ സ്വഭാവം അനുസരിച്ചും ചില മേഖലകളെയും ജോലിക്കാരെയും ഒറ്റത്തവണ പ്ലാസ്റ്റിക് ബാഗുകള്‍ ഉപയോഗിക്കുന്നത് തുടരാന്‍ അനുവദിച്ചിട്ടുണ്ട്. ഫാര്‍മസികളില്‍ മരുന്നുകള്‍ കൊണ്ടുപോകാന്‍ നിയോഗിക്കപ്പെട്ടവര്‍, പച്ചക്കറികള്‍, മാംസം, മത്സ്യം, ചിക്കന്‍, ധാന്യങ്ങള്‍, റൊട്ടി എന്നിവയ്ക്കുള്ള റോളുകള്‍ (കെട്ട് ബാഗുകള്‍), ഫാഷന്‍ അല്ലെങ്കില്‍ ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകള്‍, കളിപ്പാട്ടങ്ങള്‍ എന്നിവക്കായി രൂപകൽപന ചെയ്ത വലിയ ഷോപ്പിങ് ബാഗുകള്‍, പലതരം മാലിന്യ പാക്കറ്റുകള്‍, തപാല്‍ പാർസലുകള്‍, മാസികകള്‍, പത്രങ്ങള്‍ എന്നിവ കൊണ്ടുപോകാന്‍ ഉദ്ദേശിച്ചുള്ളവ, അലക്കു ബാഗുകള്‍, ചെടികളും പൂക്കളും കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ എന്നിവ ഉപയോഗിക്കുന്നത് തുടരാമെന്നാണ് അബൂദബി പരിസ്ഥിതി ഏജന്‍സി (ഇ.എ.ഡി)യില്‍ നിന്നുള്ള അറിയിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.