എന്‍ജിനീയര്‍മാര്‍ക്ക് രജിസ്ട്രേഷന് നിര്‍ബന്ധമാക്കി അബൂദബി
text_fieldsഅബൂദബി: കെട്ടിട നിര്‍മാണ മേഖലയില്‍ എന്‍ജിനീയര്‍മാര്‍ക്ക് ജോലി ചെയ്യാന്‍ അബൂദബി നഗരസഭ രജിസ്ട്രേഷന് നിര്‍ബന്ധമാക്കി. സര്‍ക്കാറിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലായ താമില്‍ രജിസ്ട്രേഷൻ സംവിധാനം ഒരുക്കിയതായും രജിസ്്ട്രേഷന് കാര്‍ഡുള്ളവരെ മാത്രമേ ഇനിമുതല്‍ നിര്‍മാണ മേഖലയില്‍ ജോലി ചെയ്യാന്‍ അനുവദിക്കൂ എന്നും അധികൃതര്‍ അറിയിച്ചു.
ആര്‍ക്കിടെക്ചര്‍, മെക്കാനിക്കല്‍, സിവില്‍, ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍മാരും ഇതര വിഭാഗങ്ങളിലുള്ളവരും രജിസ്റ്റര്‍ ചെയ്യണം. നിര്‍മാണ മേഖലയില്‍ ജോലി സംബന്ധിച്ച ഗുണനിലവാരവും സുരക്ഷയും വൈദഗ്ധ്യമികവും ഉയര്‍ത്തുകയാണ് രജിസ്ട്രേഷനിലൂടെ ലക്ഷ്യമിടുന്നത്.
അതേസമയം, കമ്പനികള്‍ക്ക് ഇതിലൂടെ നേട്ടവും എന്‍ജിനീയര്‍മാര്‍ക്ക് ചെലവ് ഏറുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍. നിര്‍മാണ പദ്ധതികളുടെ ടെന്‍ഡര്‍ എടുക്കാന്‍ നിശ്ചിത ശതമാനം പ്രാക്ടിസിങ് എന്‍ജിനീയര്‍, കണ്‍സൽട്ടിങ് എന്‍ജിനീയര്‍, ജൂനിയര്‍ എന്‍ജിനീയര്‍ എന്നീ തസ്തികകളിലുള്ളവര് ഉണ്ടായിരിക്കണം.
ഇത് കമ്പനികള്‍ക്കു ഗുണമുണ്ടാക്കുമെങ്കിലും സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റുകളും അറ്റസ്റ്റ് ചെയ്യാന്‍ വന്‍തുകയാണ് ചെലവഴിക്കേണ്ടിവരുക. രജിസ്ട്രേഷനുള്ള എന്‍ജിനീയര്‍മാര്‍ക്ക് 12000 ദിര്‍ഹം ശമ്പളം നല്‍കണമെന്നാണ് നിയമമെങ്കിലും ഇത് പാലിക്കപ്പെടുക വളരെ കുറവാണ്. ആയിരക്കണക്കിന് മലയാളി എന്‍ജിനീയര്‍മാര്‍ ജോലിചെയ്യുന്ന മേഖലയാണിത്.
രജിസ്ട്രേഷന് കാര്‍ഡ്, ആവശ്യമായ യോഗ്യത സര്‍ട്ടിഫിക്കറ്റ് എന്നിവയുള്ളവര്ക്കായിരിക്കും എന്‍ജിനീയര്‍ എന്ന പ്രഫഷനല്‍ വിസ ലഭിക്കുക. മറ്റ് തസ്തികകളിലുള്ളവര് എന്‍ജിനീയറായി ജോലിചെയ്യാന്‍ പാടില്ലെന്ന നിര്‍ദേശവുമുണ്ട്. കാര്‍ഡുകള്‍ വിവിധ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചാവും അനുവദിക്കുക. നിര്‍മാണ മേഖലയില്‍ മൂന്നുവര്‍ഷത്തിനു മേലെ പരിചയമുള്ളവര്‍ക്ക് പ്രാക്ടിസിങ് എന്‍ജിനീയര്‍ എന്ന കാര്‍ഡ് ലഭിക്കും. അല്ലാത്തവര്‍ക്ക് ട്രെയ്നി എന്‍ജിനീയര്‍ എന്ന കാര്‍ഡാവും ഇഷ്യൂ ചെയ്യുക. യു.എ.ഇ വിദ്യാഭ്യാസ വകുപ്പ് നല്കുന്ന തുല്യതാ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത എന്‍ജിനീയര്‍ ബിരുദധാരികള്‍ക്ക് താല്‍ക്കാലിക ലൈസന്‍സ് നല്‍കും. എന്നാല്‍, ഈ ലൈസന്‍സ് 30 ദിവസത്തിനകവും പെര്‍മനന്റ് ലൈസന്‍സ് 90 ദിവസത്തിനകവും രജിസ്ട്രേഷന് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കണം. അല്ലെങ്കില്‍ അപേക്ഷകള്‍ റദ്ദാക്കും.
ഓഫിസ് മാനേജര്‍, പാര്‍ട്ണര്‍, എന്‍ജിനീയര്‍ തസ്തികകളില്‍ ഉള്ളവര്‍ ഇതുമായി ബന്ധപ്പെട്ട മറ്റ് രേഖകളും സമര്‍പ്പിക്കണം.
ട്രേഡ് ലൈസന്‍സ് കോപ്പി, യു.എ.ഇ. റെസിഡന്റ്സ് വിസ അല്ലെങ്കില്‍ ഇന്‍വെസ്റ്റര്‍ രേഖ, യു.എ.ഇ സൊസൈറ്റി ഓഫ് എന്‍ജിനീയേഴ്സില്‍ അംഗത്വം ലഭിച്ച രേഖ, ലേബര്‍ കാര്‍ഡ്, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, മറ്റ് എമിറേറ്റുകളില്‍ ജോലി ചെയ്തവര്‍ അവിടന്ന് ലഭിച്ച എന്‍ജിനീയറിങ് ലൈസന്‍സ്, വിദ്യാഭ്യാസ വകുപ്പില്‍നിന്നുള്ള തുല്യതാ സര്‍ട്ടിഫിക്കറ്റ് എന്നീ രേഖകള്‍ രജിസ്ട്രേഷനുവേണ്ടി സമര്‍പ്പിക്കണം.
പേര്, വിലാസം, യോഗ്യത, കമ്പനിയുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ തുടങ്ങിയ വിവരങ്ങള്‍ നല്കി താം വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്യാം. തുടര്‍ന്ന് നിർദിഷ്ട സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്യണം. ഒപ്പം മാര്‍ക്ക് ലിസ്റ്റ്, പാസ്പോര്‍ട്ട്, സാക്ഷ്യപ്പെടുത്തിയ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയും നല്‍കണം. തൊഴില്‍ പരിചയം വിദേശത്താണെങ്കില് വിദേശകാര്യ മന്ത്രാലയത്തിന്റെ സാക്ഷ്യപ്പെടുത്തല്‍ നിര്‍ബന്ധം. കൂടുതല്‍ വിവരങ്ങള്‍ https://www.tamm.abudhabi വെബ്സൈറ്റിൽ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.