അബൂദബി മലയാളി സമാജം ഇന്തോ അറബ് കൾചറൽ ഫെസ്റ്റ് ഇന്നുമുതൽ
text_fieldsഅബൂദബി: മലയാളി സമാജം ത്രിദിന ഇൻഡോ അറബ് കൾചറൽ ഫെസ്റ്റിന് വെള്ളിയാഴ്ച തുടക്കമാവും. മുസഫ ക്യാപിറ്റൽ മാളിന് സമീപം സജ്ജമാക്കിയ ബൊലെവാർഡ് അവന്യൂവിലാണ് പരിപാടി. വൈകീട്ട് 7.30ന് ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ ഉദ്ഘാടനം ചെയ്യും.
ഇന്തോ-അറബ് പാരമ്പര്യങ്ങളുടെ വൈവിധ്യം പ്രദർശിപ്പിക്കുക എന്നതാണ് സാംസ്കാരിക ആഘോഷത്തിന്റെ ലക്ഷ്യമെന്ന് ഭാരവാഹികൾ വാർത്തസമ്മേളത്തിൽ പറഞ്ഞു. ഇന്തോ അറബ് ഫ്യൂഷൻ സംഗീത പരിപാടിക്കു പുറമെ മറ്റു കലാവിരുന്നും അരങ്ങേറും. ഇമാറാത്തി കലാകാരൻമാർ, വിവിധ അറബ് രാജ്യങ്ങളുടെ കലാരൂപങ്ങൾ, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെ സംസ്കാരം വിളിച്ചോതുന്ന വർണാഭമായ പരിപാടികൾ, നൃത്ത-വാദ്യ പരിപാടികൾ തുടങ്ങിയവ മൂന്ന് ദിവസങ്ങളിലായി കാണികൾക്ക് ഹരം പകരും.ഉത്സവത്തിൽ കലാപരിപാടികളും വിവിധ ഉൽപന്നങ്ങൾ ലഭിക്കുന്ന സ്റ്റാളുകളും ഒരുക്കും. ഇരുരാജ്യങ്ങളുടെ ഭക്ഷണവിഭവങ്ങളും രുചിച്ചറിയാം. വിവിധ സംസ്ഥാനങ്ങളിലെ തനത് വിഭവങ്ങൾ ഭക്ഷണപ്രേമികളുടെ ശ്രദ്ധാകേന്ദ്രമാകും. 10 ദിർഹത്തിന്റെ പ്രവേശന കൂപ്പണിൽ മൂന്നു ദിവസവും സന്ദർശനം നടത്താം. നറുക്കെടുപ്പിലൂടെ ഒരാൾക്ക് 20 പവൻ സ്വർണവും വിലപിടിപ്പുള്ള മറ്റു 55 സമ്മാനങ്ങളും ലഭിക്കും.
20ന് നടി സരയു മോഹൻ, മനോജ് ഗിന്നസ്, കൃഷ്ണപ്രഭ, രാജേഷ് തിരുവമ്പാടി എന്നിവർ നയിക്കുന്ന പരിപാടിയായിരിക്കും മുഖ്യ ആകർഷണം. 21ന് ഇന്ത്യൻ അറബിക് സംസ്കാരം വിളിച്ചോതുന്ന പരിപാടികളും നറുക്കെടുപ്പും ഉണ്ടായിരിക്കും.
വാർത്തസമ്മേളനത്തിൽ സമാജം പ്രസിഡന്റ് റഫീഖ് കയനയിൽ, ജനറൽ സെക്രട്ടറി എം.യു. ഇർഷാദ്, ഹാൻഡി ഹ്യൂമൻ ഇവൻറ്സ് സ്ഥാപകയും ജനറൽ മാനേജരുമായ മസൂമ അൽഐദാനി അൽ ബുആലി, ഷാജഹാൻ ഹൈദർ അലി പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.