അബൂദബി മാരത്തണ്‍ ഡിസംബറിൽ
text_fieldsഅബൂദബി: അഞ്ചാമത് അഡ്നോക് അബൂദബി മാരത്തണില്‍ പങ്കെടുക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ നിന്നുള്ള പ്രമുഖ ഓട്ടക്കാരെത്തും. ഡിസംബര്‍ 16ന് അബൂദബിയില്‍ നടക്കുന്ന മാരത്തണില്‍ 23,000ത്തോളം പേർ പങ്കെടുക്കുമെന്നാണ് കരുതുന്നത്. 42.195 കിലോമീറ്റര്‍ മാരത്തണ്‍, മാരത്തണ്‍ റിലേ, 10 കിലോമീറ്റര്‍, അഞ്ചു കിലോമീറ്റര്‍, 2.5 കിലോമീറ്റര്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായാണ് മത്സരം.
2023 മിലാനോ മാരത്തണിലെ ജേതാവായ യുഗാണ്ടയുടെ ആന്‍ഡ്രൂ കീമോയ്, കെനിയയുടെ കിപ്തും ബര്‍ണാബസ് എന്നിവരാണ് പുരുഷ വിഭാഗത്തിലെ ആകര്ഷണങ്ങള്. വനിത വിഭാഗത്തില്‍ ഇത്യോപ്യയുടെ തിരുണേല് ദിബാബ, കെനിയയുടെ മൗറിന് ചെപ്കെമോയി എന്നിവരടക്കം പങ്കെടുക്കും. ലോകോത്തര താരങ്ങളുടെ പങ്കാളിത്തം മാരത്തണിനെ പ്രാദേശിക തലത്തിലും ആഗോളതലത്തിലും ശ്രദ്ധേയമാക്കുമെന്ന് അബൂദബി സ്പോര്‍ട്സ് കൗണ്‍സിലിലെ ഇവന്റ്സ് വകുപ്പ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ സുഹൈല്‍ അല്‍ അരീഫി പറഞ്ഞു. കുട്ടികള്‍ക്കു വരെ മത്സരത്തില്‍ പങ്കെടുക്കാനാവും. നിശ്ചയദാര്‍ഢ്യമുള്ള ജനതക്കും പാരാലിമ്പിക്സില്‍ പങ്കെടുത്തവര്‍ക്കും രജിസ്ട്രേഷന് ഫീസ് ഇല്ല.
അഡ്നോക് ആസ്ഥാനത്തിനു സമീപമാണ് ഇത്തവണത്തെ മാരത്തണ്‍ ഗ്രാമം. ഡിസംബര്‍ 12 മുതല്‍ 16 വരെ ഉച്ചതിരിഞ്ഞ് മൂന്നു മുതല്‍ രാത്രി 10 വരെയാണ് മത്സരങ്ങള്‍. സുസ്ഥിര വസ്തുക്കള്‍ക്കൊണ്ട് നിര്‍മിച്ച നിക്കിയുടെ പ്രത്യേക ടീഷര്‍ട്ട് മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ലഭിക്കും. രജിസ്ട്രേഷനായി https://www.adnocabudhabimarathon.com/ വെബ്സൈറ്റ് സന്ദര്‍ശിക്കുക. ടീഷര്‍ട്ടില്‍ ചേര്‍ക്കേണ്ട പേര് എന്താണെന്ന് മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഓണ്‍ലൈനായി നല്‍കാം. നവംബര്‍ 30ന് ശേഷം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഡിസംബര്‍ 12 മുതല്‍ 15 വരെയുള്ള കാലയളവില്‍ മാരത്തണ്‍ വില്ലേജില്‍ നിന്ന് തങ്ങളുടെ റേസ് പാക്കുകള്‍ ഏറ്റുവാങ്ങാം. ഈ സമയപരിധിക്കു ശേഷം റേസ് പാക്ക് ലഭിക്കില്ല. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 17നായിരുന്നു അഡ്നോക് അബൂദബി മാരത്തണ്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.