മാര്‍ത്തോമ ചര്‍ച്ചിന്‍റെ പ്രവര്‍ത്തനം ശ്ലാഘനീയം -മന്ത്രി ശൈഖ് നഹ്യാൻ
text_fieldsഅബൂദബി: യു.എ.ഇയില്‍ മതസൗഹാര്‍ദം ഊട്ടിയുറപ്പിക്കുന്നതിലും സഹവര്‍ത്തിത്വം നിലനിര്‍ത്തുന്നതിലും മാര്‍ത്തോമ ചര്‍ച്ചിന്‍റെ കഴിഞ്ഞ 50 വര്‍ഷത്തെ പ്രവര്‍ത്തനം ശ്ലാഘനീയമാണെന്ന് സഹിഷ്ണുത-സഹവര്‍ത്തിത്വ മന്ത്രി ശൈഖ് നഹ്യാൻ ബിന്‍ മുബാറക് ആല്‍ നഹ്യാന്‍. അബൂദബി മാര്‍ത്തോമ ഇടവകയുടെ സുവര്‍ണജൂബിലി ആഘോഷത്തിന്‍റെ സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
മാനുഷികമൂല്യങ്ങള്‍ നിലനിര്‍ത്തുന്നതിലും പരസ്പര ബഹുമാനം പുലര്‍ത്തുന്നതിലും യു.എ.ഇ ജനത നിസ്വാര്‍ഥമായ ഇടപെടലുകളാണ് നടത്തുന്നത്. അത് രാജ്യത്തിന്‍റെ സുസ്ഥിര പുരോഗതിക്ക് ആവശ്യമാണ്, ഗുണകരവുമാണ്. ബന്ധങ്ങള്‍ ആഴത്തില്‍ ഊട്ടിയുറപ്പിക്കുന്നതിലും മതസൗഹാർദത്തോടെ തുടരുന്നതിലും നമുക്ക് ഐക്യത്തോടെ മുന്നോട്ടുപോകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡ് അനുഭവത്തില്‍നിന്ന് പാഠം ഉള്‍ക്കൊണ്ടുള്ള ജീവിതശൈലി ക്രമപ്പെടുത്തിവേണം മുന്നോട്ടുള്ള യാത്രയെന്ന് മാര്‍ത്തോമ സഭയുടെ പരമാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ മെത്രാപ്പോലീത്ത ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കോവിഡ്മുക്ത കാലത്തെക്കുറിച്ച് ചിന്തിക്കാതെ അതിനെ അതിജീവിക്കാനുള്ള പരിശ്രമമാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
1971ല്‍ ആരംഭിച്ച മാര്‍ത്തോമ സഭക്ക് ഇന്ന് രാജ്യത്ത് ഏഴ് ഇടവകകളുണ്ട്. ഇതില്‍ ആറിനും സ്വന്തമായി സ്ഥലവും പള്ളിയുമുണ്ടെന്ന് റാന്നി നിലയ്ക്കല്‍ ഭദ്രാസന അധ്യക്ഷന്‍ തോമസ് മാര്‍ തിമോത്തിയോസ് പറഞ്ഞു. 10 പട്ടക്കാരാണ് സേവനമനുഷ്ഠിക്കുന്നത്. ഈ സൗകര്യങ്ങള്‍ ഒരുക്കിയ സഹിഷ്ണുതയുടെ വക്താക്കളായ യു.എ.ഇ ഭരണാധികാരികള്‍ക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി. ഗോള്‍ഡന്‍ ജൂബിലി സ്മരണിക ഡോ. തിയഡോഷ്യസ് മാര്‍ത്തോമ മെത്രാപ്പോലീത്ത തോമസ് മാര്‍ തിമോത്തിയോസിന് നല്‍കി പ്രകാശനം ചെയ്തു. ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീര്‍, ജെംസ് ഗ്രൂപ് ചെയര്‍മാന്‍ സണ്ണി വര്‍ക്കി, സെന്‍റ് ആന്‍ഡ്രൂസ് സീനിയര്‍ ചാപ്ലിന്‍ ക്രിസ്റ്റീന്‍ ട്രെയിനര്‍, ഇടവക വികാരി ജിജു ജോസഫ്, സഹവികാരി അജിത്ത് ഈപ്പന്‍ തോമസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.