ഗതാഗതത്തിരക്ക്, താമസക്കാരുടെ എണ്ണം; വിവരങ്ങളുടെ അതിവേഗ വിശകലനത്തിന് ‘ഫ്യൂഷൻ’
text_fieldsഅബൂദബി: ഗതാഗതത്തിരക്ക്, വാഹനാപകടങ്ങളെ തുടർന്നുണ്ടാകുന്ന ഗതാഗത തടസ്സം, അപ്പാര്‍ട്മെന്റുകളിലെ താമസക്കാരുടെ എണ്ണം തുടങ്ങിയ വിവരങ്ങൾ അതിവേഗം വിശകലനം ചെയ്യാന്‍ സഹായിക്കുന്ന നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യയുമായി അബൂദബി മൊബിലിറ്റി. ജൈടെക്സ് ഗ്ലോബല്‍ പ്രദര്‍ശനത്തിലാണ് ‘ഫ്യൂഷന്‍’ എന്നു പേരിട്ടിരിക്കുന്ന സ്മാര്‍ട്ട് മൊബിലിറ്റി അനലിറ്റിക്സ് ഫ്രെയിംവര്‍ക്ക് അബൂദബി മൊബിലിറ്റി അവതരിപ്പിച്ചത്.
നഗരാസൂത്രണം നടത്തുന്നവർക്ക് വിവിധ സാഹചര്യങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ പര്യാപ്തമായ വിവരങ്ങള്‍ അതിവേഗം ലഭ്യമാക്കാൻ ‘ഫ്യൂഷൻ’ സഹായിക്കും. 7000 കോടിയിലേറെ ഡേറ്റകളുമായി ബന്ധിപ്പിച്ചിരുന്ന ഫ്യൂഷന്‍ ഓരോ സാഹചര്യങ്ങളും വിശകലനം ചെയ്ത് സഞ്ചാരികളുടെ ആവശ്യമറിഞ്ഞുള്ള തീരുമാനങ്ങളെടുക്കാന്‍ സഹായിക്കും. വിവിധ ഗതാഗത മാതൃക സൃഷ്ടിക്കുകയും ചില ദിവസങ്ങളിൽ എന്തുകൊണ്ടാണ് ഗതാഗത തിരക്ക് സംഭവിക്കുന്നതെന്നും തിരിച്ചറിയാൻ ഫ്യൂഷന്‍ കഴിയും.
സ്കൂള്‍ അവധിക്കാലങ്ങളിലെ ഗതാഗത നീക്കവും അവധി ദിവസങ്ങളിലെയും വാരാന്ത്യങ്ങളിലെയും തിരക്കേറിയ സമയങ്ങളിലെ വാഹനസഞ്ചാരവുമൊക്കെ ഫ്യൂഷൻ തിരിച്ചറിയുകയും ഇതനുസരിച്ചുള്ള ഡേറ്റകള്‍ കൈമാറുകയും ചെയ്യും. ചെറുതും വലുതുമായ അപകടങ്ങളുണ്ടാവുമ്പോള്‍ ഇതുമൂലം ഗതാഗത നീക്കത്തിനുണ്ടാവുന്ന പ്രത്യാഘാതങ്ങളും ഫ്യൂഷന്‍ വിലയിരുത്തും. ഇതിലൂടെ ഫലപ്രദമായ തീരുമാനങ്ങളെടുക്കാന്‍ അധികൃതര്‍ക്കു സാധിക്കും. വ്യോമയാന മേഖലയിലും സമുദ്രസഞ്ചാര മേഖലയിലും ഫ്യൂഷന്‍ ഡേറ്റകള്‍ കൈമാറാനാവും.
സായിദ് അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ എത്തുന്നതും പോകുന്നതുമായ വിമാനങ്ങളുടെ എണ്ണവും ചരക്കുകപ്പലുകളുടെയും വാട്ടര്ടാക്സികളുടെയും അവയിലെ സഞ്ചാരികളുടെ എണ്ണവുമൊക്കെ ഫ്യൂഷന്‍ തിരിച്ചറിയാനാവും. ഇതിനായി വ്യോമയാന, സമുദ്രസഞ്ചാര ഉറവിടങ്ങളില്‍ നിന്നുള്ള ഡേറ്റകള്‍ ഫ്യൂഷന്‍ വിശകലനം ചെയ്യും.
ഒരു പ്രദേശത്തെ ജനസംഖ്യ, അത് ഓരോ ദിവസങ്ങളിലും ഓരോ സമയവും എങ്ങനെ വ്യത്യാസപ്പെടുന്നു, ആളുകളുടെ നീക്കം തുടങ്ങി മറ്റു കാര്യങ്ങളും ഫ്യൂഷന്‍ വ്യക്തമായി കാണിക്കും. ഓരോ അപ്പാര്‍ട്മെന്റുകളിലും എത്രപേര്‍ താമസിക്കുന്നുണ്ട് തുടങ്ങിയ ഡേറ്റകളും വിശകലനം ചെയ്യും. ഇതിലൂടെ അപ്പാര്‍ട്മെന്റുകളിലെ തിങ്ങി ഞെരുങ്ങിയ താമസരീതികൾ അതിവേഗം കണ്ടെത്താന്‍ അധികൃതര്‍ക്കാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.