അബൂദബി മോഡല്‍ സ്കൂൾ; പ്രവേശനം കാത്ത് 4000 കുട്ടികള്‍
text_fieldsഅബൂദബി: ക്ലാസുകള്‍ ആരംഭിക്കാന്‍ രണ്ടുമാസം മാത്രം ശേഷിക്കേ അബൂദബി മോഡൽ സ്കൂളിൽ വിവിധ ക്ലാസുകളിലായി പ്രവേശനം കാത്തിരിക്കുന്നത് 4700 ഓളം കുട്ടികൾ. കുട്ടികളുടെ എണ്ണം വർധിച്ചതും അതിനനുസരിച്ച് അബൂദബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പില്‍നിന്ന് (അഡെക്ക്) അനുമതി ലഭിക്കാത്തതുമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. കൂടുതല്‍ പേര്‍ക്ക് അഡ്മിഷന് നല്‍കാനുള്ള അനുമതി അഡെക്കാണ് നൽകേണ്ടത്. തല്‍സ്ഥിതിയില്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന എണ്ണം കുട്ടികൾക്ക് കെ.ജി വിഭാഗത്തില്‍ കഴിഞ്ഞദിവസം അഡ്മിഷന് നല്‍കിയിരുന്നു. എഴുപതോളം കുട്ടികള്‍ക്കു മാത്രമാണ് പ്രവേശനം ലഭിച്ചത്. ഇതേ സ്കൂളില്‍ പഠിക്കുന്ന കുട്ടികളുടെ സഹോദരങ്ങള്‍ക്കാണ് പ്രവേശനം നല്‍കിയത്. കെ.ജി മുതല്‍, ഒമ്പത്, 11 ക്ലാസുകളിലായി ഇനിയും 4700ഓളം അഡ്മിഷനാണ് തീരുമാനമാവാതെ കിടക്കുന്നത്. ഇവിടെ പഠിക്കുന്ന കുട്ടികളുടെ സഹോദരങ്ങള്‍ക്കുപോലും അഡ്മിഷന് നല്കാൻ ഒഴിവില്ല എന്നതും രക്ഷിതാക്കളെ വിഷമിപ്പിക്കുന്നു.
സാധാരണക്കാരായ പ്രവാസികളുടെ മക്കള്‍ കൂടുതലായി പഠിക്കുന്ന അബൂദബി മുസഫദ് മോഡല്‍ സ്കൂളിലെ പ്രവേശനവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം എത്രയും വേഗമുണ്ടാവാന്‍ അധികൃതര്‍ ഇടപെടണമെന്നാണ് രക്ഷിതാക്കളുടെ അപേക്ഷ. കേരള സിലബസ് പിന്തുടരുന്ന സ്കൂളാണിത്. അതുകൊണ്ടുതന്നെ കെ.ജിയിലേക്ക് കുട്ടികളെ ചേര്‍ക്കാനും മറ്റ് ക്ലാസുകളിലേക്ക് നിലവിലുള്ള സ്കൂളില്നിന്നുമാറ്റി പ്രവേശനം നേടാനുമുള്ള ശ്രമത്തിലാണ് രക്ഷിതാക്കള്‍.
നിലവില്‍ പല സ്കൂളുകളും ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍തന്നെ അപേക്ഷ സ്വീകരിക്കുകയും പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്. മോഡല്‍ സ്കൂളിലും മുന്‍ വര്‍ഷങ്ങളില്‍ ഒക്ടോബറിലാണ് അഡ്മിഷന് നടപടികള്‍ ആരംഭിച്ചിരുന്നത്. ഒക്ടോബര്‍ കഴിഞ്ഞ് നാലുമാസമായിട്ടും പ്രവേശനകാര്യത്തില്‍ തീരുമാനമാവാത്തതാണ് രക്ഷിതാക്കളെ ആശങ്കയിലാക്കുന്നത്.
ബ്രിട്ടീഷ്, അമേരിക്കൻ സിലബസുകളിലെ സ്കൂളുകള്‍ സെപ്റ്റംബറിലാണ് ആരംഭിക്കുന്നതെന്നിരിക്കേ, അവരും പ്രവേശന നടപടികള്‍ തുടങ്ങിയിട്ടുണ്ട്. മോഡല്‍ സ്കൂളിനെ ആശ്രയിച്ച് പ്രവേശനത്തിനായി കാത്തിരിക്കുന്നവര്‍ വന്‍ തുക ഫീസടച്ച് ഇത്തരം സ്കൂളുകളിലേക്ക് മാറേണ്ടി വരും.
ഏപ്രിലിലാണ് സി.ബി.എസ്.ഇ, കേരള സിലബസ് സ്കൂളുകളില്‍ ക്ലാസുകള്‍ ആരംഭിക്കുന്നത്. മാര്‍ച്ചിലും അഡ്മിഷന് കിട്ടിയില്ലെങ്കില്‍ കുട്ടികളെയും കുടുംബത്തെയും നാട്ടിലേക്ക് അയക്കേണ്ടിവരുമെന്നും രക്ഷിതാക്കള്‍ ആശങ്കപ്പെടുന്നു. മുസഫ ഷാബിയ, മുഹമ്മദ് ബിന്‍ സായിദ് സിറ്റി തുടങ്ങിയയിടങ്ങളില്‍ കുടുംബങ്ങള്‍ കൂടുതലായി താമസിക്കാനുള്ള പ്രധാന കാരണം കുട്ടികളുടെ വിദ്യാഭ്യാസമാണ്.
വിദൂരത്താണെങ്കില്‍ കുട്ടികള്‍ ഏറെനേരം ബസുകളില്‍ യാത്ര ചെയ്യണം. അല്ലെങ്കില്‍ മറ്റ് യാത്രാസൗകര്യങ്ങള്‍ ഒരുക്കണം. വരുംദിവസങ്ങളില്‍ അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂല സമീപനമുണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും അതിനായി അപേക്ഷകള്‍ സമര്‍പ്പിച്ചിരിക്കുകയാണെന്നും സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.