റെക്കോഡുകളുടെ ചിറകിലേറി അബൂദബി
text_fieldsപുതുവര്‍ഷപ്പുലരിയിലേക്ക് അബൂദബി മിഴിതുറക്കുക നിരവധി ലോകറെക്കോഡോടു കൂടി. അല്‍ വത്ബയിലെ ശൈഖ് സായിദ് ഫെസ്റ്റിവലില്‍ സംഘടിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വെടിക്കെട്ട് അടക്കമുള്ളവയാണ് അബൂദബിക്ക് പുതിയ ലോകറെക്കോഡുകള്‍ സമ്മാനിക്കുക.
ആറായിരം ഡ്രോണുകളെ ഉള്‍ക്കൊള്ളിച്ച് 20 മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള ആകാശ ഷോയും ലോകറെക്കോഡ് പ്രകടനത്തിന്റെ ഭാഗമായി അരങ്ങേറും. ആറു ലോകറെക്കോഡുകളാവും പുതുവര്‍ഷത്തലേന്ന് ശൈഖ് സായിദ് ഫെസ്റ്റിവലില്‍ കുറിക്കുകയെന്നാണ് അധികൃതരുടെ വിശദീകരണം. ഡിസംബര്‍ 31ന് വൈകീട്ട് ആറുമുതല്‍ ഓരോ മണിക്കൂര്‍ ഇടവിട്ടാവും കരിമരുന്ന് പ്രകടനം നടത്തുക. ഇതിനു പുറമേ ലേസര്‍ ഷോകളും സാംസ്കാരിക പരിപാടികളും ആഘോഷരാവില്‍ അരങ്ങേറും. ഇതിനു പുറമേ യാസ് ദ്വീപിലെ യാസ്ബേയിലും കോര്‍ണിഷിലും കരിമരുന്ന് പ്രകടനങ്ങളുണ്ടാവും. യാസ് ബേയില്‍ ഡിസംബര്‍ 31ന് രാത്രി 9നും 12നുമാണ് കരിമരുന്ന് പ്രകടനങ്ങള്‍.
ഏറെ ശ്രദ്ധേയമായ നേട്ടങ്ങളും പ്രത്യേകതകളുമായിട്ടാണ് 21ാമത് അബൂദബി അന്താരാഷ്ട്ര ഹണ്ടിങ് ആന്‍ഡ് ഇക്വേസ്ട്രിയന്‍ എക്സിബിഷൻ (അഡിഹെക്സ്) സമാപിച്ചതും. ഒരു ഗിന്നസ് ലോക റെക്കോഡ് കൂടി രാജ്യത്തിന് സ്വന്തമായി എന്ന പ്രത്യേകത കൂടിയുണ്ടിതിന്. ഒട്ടകത്തോൽ കൊണ്ട് 1.95 മീറ്റർ വലുപ്പമുള്ള ഫാൽക്കൺ ഹുഡ് നിർമിച്ചാണ് ഗിന്നസ് ബുക്കിൽ ഇടംപിടിച്ചത്. ഏറ്റവും വലിയ ഫാൽക്കൺ ഹുഡ് എന്ന പ്രത്യേകതയാണ് ഇതിനുള്ളത്. അഡിഹെക്സിൽ ഏറെ ശ്രദ്ധയാകർഷിച്ചതും ഇതായിരുന്നു. മറ്റൊന്ന് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ഒട്ടകം ലേലം ആയിരുന്നു. ഓരോ വർഷവും ഫാൽകണുകളെയും ഒട്ടകങ്ങളെയും ഒക്കെ വിറ്റഴിക്കുന്നത് വൻതുകയ്ക്കാണ്. ഇത്തവണ 15 അറേബ്യന്‍ ഒട്ടകങ്ങളെ ലേലത്തില്‍ വിറ്റത് 25 ലക്ഷം ദിര്‍ഹമിനാണ്. ഓട്ടമല്‍സരത്തില്‍ പേരുകേട്ട മികച്ച ബ്രീഡുകളാണ് വൻതുകയ്ക്ക് ലേലത്തില്‍ വിറ്റുപോയത്. അറബ് പൈതൃക കായിക വിനോദങ്ങളിൽ പ്രധാനമായ ഫാൽക്കണറിയിലെ മുഖ്യ ഉപകരണമാണ് ഫാൽക്കൺ ഹുഡ്. ഫാൽക്കണുകളുടെ കാഴ്ചയെ മറയ്ക്കാനും ശാന്തരാക്കാനും ഇത് ഉപയോഗിക്കുന്നു. അവയുടെ തല വലിപ്പം അനുസരിച്ചാണ് നിർമാണം. രാജ്യത്തെ വരും തലമുറകൾക്ക് അറബ് പൈതൃകവും സംസ്കാരവും പകർന്നു നൽകുന്നതിനുള്ള ശ്രമങ്ങൾക്ക് ലഭിച്ച അംഗീകാരം ആണ് ഗിന്നസ് റെക്കോഡെന്ന് അബൂദബി ഹെറിറ്റേജ് അതോറിറ്റി ആക്ടിങ് ഡയറക്ടർ ജനറൽ അബ്ദുല്ല മുബാറക് അൽ മുഹൈരി അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ മറ്റൊരു അഭിമാനകരമായ നേട്ടം കൂടിയാണ് ഗിന്നസ് റെക്കോഡ് പട്ടികയിലെ ഈ സ്ഥാനവും.
ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ ഈ വർഷവും അബൂദബി ഒന്നാമതാണ്. 86.8 പോയിന്റുമായാണ് അബൂദബി പട്ടികയില്‍ മുന്നിലെത്തിയത്. തായ്പേയും തായ് വാനും 84.4 പോയിന്റുകളുമായി തൊട്ടുപിന്നിലെത്തി. ദോഹ(84), അജ്മാന്(83.5) ദുബൈ(83.4), റാസല്‍ഖൈമ(83.3)മസ്ക്കത്ത്, ഒമാന്‍(80.2)എന്നിവയാണ് പട്ടികയില്‍ മുന്നിലെത്തിയ മറ്റു നഗരങ്ങള്‍. പട്ടികയിലെ ആദ്യ പത്ത് സ്ഥാനങ്ങളില്‍ 4 യു.എ.ഇ. നഗരങ്ങളാണ് ഇടംപിടിച്ചതെന്നതും ശ്രദ്ധേയ നേട്ടമായി. പൗരന്മാരുടെയും താമസക്കാരുടെയും സന്ദര്‍ശകരുടെയും ജീവിതനിലവാരവും ഉയര്‍ന്ന നിലവാരത്തിലുള്ള സുരക്ഷയും ഉറപ്പുവരുത്തുന്ന എമിറേറ്റിന്റെ നേതൃത്വത്തിന്റെ പ്രതിഫലനമാണ് നമ്പിയോ ഓണ്‍ലൈന്‍ ഡാറ്റാബേസിന്റെ പട്ടികയിലെ അബൂദബിയുടെ സ്ഥാനം തെളിയിക്കുന്നത്. 329 നഗരങ്ങളെ ഉള്‍പ്പെടുത്തി നമ്പിയോ നടത്തിയ സര്‍വേയിലാണ് അബൂദബി വീണ്ടും ലോകത്തിലെ മികച്ച സുരക്ഷിതനഗരമെന്ന ഖ്യാതി നേടിയത്. 2017 മുതലാണ് അബൂദബി ഈ നേട്ടം അലങ്കരിക്കുന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള നിക്ഷേപശേഖര (സോവറിന്‍ വെല്‍ത്ത് ഫണ്ട്-എസ്ഡബ്ല്യുഎഫ്)ത്തിന്റെ അടിസ്ഥാനത്തില്‍ ലോകത്തിലെ ഏറ്റവും സമ്പന്നമായ നഗരമായി അബൂദബിയെ ഗ്ലോബല്‍ എസ്ഡബ്ല്യുഎഫ് തിരഞ്ഞെടുത്തിട്ടുണ്ട്. 1.7 ലക്ഷം കോടി ഡോളര്‍ ആണ് ഈയിനത്തില്‍ അബൂദബിയുടെ മൂലധനം. രണ്ടാം സ്ഥാനത്തിന് നോര്‍വേയുടെ തലസ്ഥാനമായ ഓസ്ലോ അര്‍ഹമായി. ബെയ്ജിങ്, സിംഗപ്പൂര്‍, റിയാദ്, ഹോങ്കോങ് എന്നീ നഗരങ്ങളാണ് മൂന്നുമുതല്‍ ആറുവരെയുള്ള സ്ഥാനങ്ങലിടം പിടിച്ചത്. 2024 ഒക്ടോബര്‍ 1ലെ കണക്കനുസരിച്ച് ലോകമെമ്പാടുമുള്ള 12.5 ലക്ഷം കോടി ഡോളര്‍ സോവറിന്‍ വെല്‍ത്ത് ഫണ്ടുകള്‍ നിയന്ത്രിക്കുന്ന മൂലധനത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും പട്ടികയിലെ ആദ്യ ആറു സ്ഥാനങ്ങളിലിടം പിടിച്ച ഈ നഗരങ്ങളാണ് വഹിക്കുന്നത്. അബൂദബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി, മുബാദല, അബൂദബി ഇന്‍വെസ്റ്റ്മെന്റ് കൗണ്‍സില്‍, അബൂദബി ഡവലപ്മെന്റല്‍ ഹോള്‍ഡിങ് കമ്പനി, ലുനേറ്റ്, അബൂദബി ഫണ്ട് ഫോര്‍ ഡവലപ്മെന്റ്, തവസുന്, എമിറേറ്റ്സ് ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി എന്നിവയുടെ ആസ്തികളാണ് അബൂദബിയെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താന്‍ സഹായിച്ചത്. ഏതാനും പതിറ്റാണ്ടുകള്‍ക്കിടെ അബൂദബി വലിയ വളര്‍ച്ചയാണ് കൈവരിച്ചിട്ടുള്ളത്. സോവറിന്‍ വെല്‍ത്ത് ഫണ്ടുകള്‍ക്ക് പുറമേ സെന്‍ട്രല്‍ ബാങ്കുകള്‍, പബ്ലിക് പെന്ഷന് ഫണ്ടുകള്‍, റോയല്‍ പ്രൈവറ്റ് ഓഫിസുകള്‍ എന്നിവയും അബൂദബിയുടെ മൂലധനത്തിന് മികച്ച സംഭാവനകള്‍ നല്കുന്നു. ഇതു കൂടി കണക്കിലെടുക്കുമ്പോള്‍ 2.3 ലക്ഷം കേടി ഡോളറാണ് അബൂദബിയുടെ പൊതു മൂലധനം.
എണ്ണ, പ്രകൃതിവാതക ഉല്‍പ്പാദനത്തില്‍ യുഎഇയില്‍ തന്നെ മുന്നില്‍ നില്ക്കുന്നതിനാല് അബൂദബിക്ക് ആഗോളതലത്തില്‍ മികച്ച സാമ്പത്തിക പദവി അരക്കിട്ടുറപ്പിക്കാന്‍ സാധിക്കുന്നുണ്ട്. യുഎഇയിലെ എണ്ണ ഉല്‍പ്പാദനത്തില്‍ 95 ശതമാനവും പ്രകൃതിവാതക ഉല്‍പ്പാദനത്തില്‍ 92 ശതമാനവും നല്‍കുന്നത് അബൂദബിയാണ്. തലസ്ഥാനങ്ങളുടെ തലസ്ഥാനമെന്ന അബൂദബിയുടെ ഖ്യാതി എന്തുകൊണ്ടും അര്‍ഹമാണെന്ന് തെളിയിക്കുന്നതാണ് ഈ വസ്തുതകള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.