അബൂദബിയിൽ പ്രവാസികൾക്കായി പുതിയ റസിഡൻറ്സ് ഓഫിസ് തുറക്കുന്നു
text_fieldsഅബൂദബി: തലസ്ഥാന നഗരിയിൽ പ്രവാസികൾക്കായി പുതിയ റസിഡൻറ്സ് ഓഫിസ് ആരംഭിക്കാൻ അബൂദബി എക്സിക്യൂട്ടിവ് കമ്മിറ്റി അംഗീകാരം നൽകി. അബൂദബി എമിറേറ്റിലെ ആഗോള പ്രതിഭകളെ പിന്തുണക്കാനും ശാക്തീകരിക്കാനും സാമ്പത്തിക വികസന വകുപ്പിന് കീഴിൽ പ്രത്യേക ഡിവിഷനായാണ് ഓഫിസ് പ്രവർത്തനം.
വിദേശികൾക്ക് താമസിക്കാനും ജോലിചെയ്യാനും ഇഷ്ടമുള്ള സ്ഥലമെന്ന അബൂദബിയുടെ നില മെച്ചപ്പെടുത്തുന്നത് തുടരുന്ന സേവനങ്ങളും പരിപാടികളും ഈ ഓഫിസിനു കീഴിൽ നടപ്പിലാക്കും. ഗോൾഡൻ വിസ അപേക്ഷകൾ, അന്വേഷണങ്ങൾ എന്നിവയുടെ സ്മാർട്ട് സേവനങ്ങളും നൽകും. സർക്കാർ, സർക്കാറിതര സ്ഥാപനങ്ങളുമായി സഹകരിച്ച് പരിപാടികൾ കാര്യക്ഷമമാക്കും. അബൂദബി എമിറേറ്റിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ എല്ലാ താമസക്കാർക്കും പങ്കുവഹിക്കാനാവുമെന്ന് അബൂദബി വിശ്വസിക്കുന്നു. ഇതിനുള്ള നിർദേശങ്ങളും ആശയവിനിമയങ്ങളും സ്വീകരിക്കും.
പ്രവാസികൾ രാജ്യത്തിനു സമർപ്പിച്ച സുപ്രധാന സംഭാവനകൾ തിരിച്ചറിയുകയും എമിറേറ്റിന്റെ സുസ്ഥിര വികസനത്തിന് തുടർന്നും സേവനം ഉറപ്പാക്കുകയും ചെയ്യും. സമൂഹത്തിൽ പ്രവാസികൾ വഹിക്കുന്ന അനിവാര്യവും ഫലപ്രദവുമായ പ്രവർത്തനങ്ങളോട് കടപ്പാടും നന്ദിയുള്ളവരുമാണെന്ന് അബൂദബി സാമ്പത്തിക വികസന വകുപ്പ് ചെയർമാൻ മുഹമ്മദ് അലി അൽ ഷൊറഫ് ചൂണ്ടിക്കാട്ടി. അതിനാൽ അബൂദബി എല്ലാ താമസക്കാർക്കും സ്ഥിരതാമസ ഇടമാക്കി മാറ്റുന്നതിന് അബൂദബി റസിഡൻറ്സ് ഓഫിസ് സഹായിക്കും.
പ്രവാസികളുടെ വ്യക്തിപരവും തൊഴിൽപരവുമായ കഴിവുകൾ പുനർചിന്തനം ചെയ്യാനും പൂർത്തിയാക്കാനും അനുവദിക്കുന്നതോടൊപ്പം അന്താരാഷ്ട്ര സമൂഹത്തിന്റെ ആജീവനാന്ത അഭിലാഷങ്ങളെ പിന്തുണക്കുന്ന സംരംഭങ്ങൾക്ക് നേതൃത്വം നൽകും.
ഉയർന്ന നിലവാരമുള്ള ജീവിതം നയിക്കുന്നതിനുള്ള പിന്തുണയും സേവനങ്ങളും എല്ലാ രാജ്യങ്ങളിലെയും താമസക്കാർക്ക് അബൂദബിയിൽ ലഭ്യമാക്കും.
സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും സ്വാഗതം ചെയ്യുന്നതിനും ഒത്തൊരുമയോടെയുള്ള സമൂഹത്തെ വളർത്തിയെടുക്കാനുള്ള അബൂദബി സർക്കാർ കാഴ്ചപ്പാടിന്റെയും ഭാഗമായാണ് അബൂദബി റസിഡൻറ്സ് ഓഫിസ് പ്രവർത്തിക്കുന്നതെന്നും മുഹമ്മദ് അലി അൽ ഷൊറഫ് ചൂണ്ടിക്കാട്ടി. നംബിയോസ് ക്വാളിറ്റി ഓഫ് ലൈഫ് സൂചിക പ്രകാരം ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമെന്ന നിലയിലും കോവിഡിനോടുള്ള പ്രതികരണത്തിൽ ലോകത്തെ മുൻനിര നഗരമെന്ന നിലയിലും അബൂദബി എമിറേറ്റിന്റെ റാങ്കിങ് മുന്നിലാണ്. ഇരുന്നൂറിലധികം രാജ്യങ്ങളിൽനിന്നുള്ള 22 ലക്ഷത്തിലധികം പ്രവാസികളാണ് അബൂദബിയിലുള്ളത്. കഴിഞ്ഞ വർഷത്തെ ഇൻറർനാഷനൽ എക്സ്പാറ്റ് സിറ്റി റാങ്കിങ് അനുസരിച്ച് അബൂദബി എമിറേറ്റ് പ്രവാസികൾക്കുള്ള ഏറ്റവും മികച്ച മിഡിൽ ഈസ്റ്റ് നഗരമാണ്. ആഗോളതലത്തിൽ പ്രവാസികൾ ഏറ്റവും ഇഷ്ടപ്പെടുന്ന പത്താമത്തെ നഗരമായും അബൂദബി തിരഞ്ഞെടുക്കപ്പെട്ടു.
പ്രതിഭകളുടെ ആകർഷകമായ ആഗോള കേന്ദ്രം, സാമ്പത്തിക വൈവിധ്യ സുസ്ഥിര വികസന കേന്ദ്രം എന്ന നിലയിലും അബൂദബിയുടെ പ്രശസ്തി കൂട്ടാനും അബൂദബി റസിഡൻറ്സ് ഓഫിസ് ലക്ഷ്യമിടുന്നു. ഭാവിയിൽ നടപ്പാക്കുന്ന ഒട്ടേറെ സേവനങ്ങൾ പുതിയ ഓഫിസ് പ്രവാസികൾക്ക് ഉറപ്പുനൽകുന്നു.
അബൂദബി എമിറേറ്റിലെ ജീവിത-പ്രവർത്തന മേഖലകളിലെ എല്ലാ നടപടികളും നിരന്തരം മെച്ചപ്പെടുത്തുകയും എല്ലാവർക്കും സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കാൻ കഴിയുന്ന മികച്ച സ്ഥലമാണെന്ന് ഉറപ്പുവരുത്തുകയുമാണ് അബൂദബി റസിഡൻറ്സ് ഓഫിസ് ലക്ഷ്യമാക്കുന്നതെന്ന് എക്സിക്യൂട്ടിവ് അഫയേഴ്സ് ഓഫിസ് ഡയറക്ടർ സമീഹ് അൽ ഖുബൈസി പറഞ്ഞു. ഗോൾഡൻ വിസകളും മറ്റു ദീർഘകാല റെസിഡൻസി ഓപ്ഷനുകളും പ്രോസസ് ചെയ്യുന്നതിൽ റെസിഡൻറ്സ് ഓഫിസ് ശ്രദ്ധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.