സംരക്ഷിതതീരങ്ങൾ കൂടി പൊതുജനങ്ങൾക്കായി തുറന്ന് അബൂദബി
text_fieldsഅബൂദബി: ഇക്കോ ടൂറിസം വികസനത്തിെൻറ ഭാഗമായി പുതിയ കടലോരങ്ങൾ പൊതുജനങ്ങൾക്ക് തുറന്നുനൽകി. എമിറേറ്റിെൻറ തീരദേശങ്ങളും ജലമാർഗങ്ങളും ആസ്വദിക്കാൻ സഞ്ചാരികൾക്കും താമസക്കാർക്കും വഴിയൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. സംരക്ഷിത തീരങ്ങളാണ് തുറന്നുനൽകിയത്. അബൂദബി എൻവയൺമെൻറൽ ഏജൻസി, അബൂദബി മാരിടൈം, അബൂദബി ഷിപ് ബിൽഡിങ് എന്നിവയുടെ പങ്കാളിത്തത്തോടെ അബൂദബി സാംസ്കാരിക, ടൂറിസം മന്ത്രാലയമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം മോണകോ യാചിൽ ഷോയിൽ നടത്തിയത്. കപ്പൽ കമ്പനികളും ഉടമകളും ഏജൻറുമാരും ക്യാപ്റ്റൻമാരും ജീവനക്കാരുമടക്കം നൂറുകണക്കിന് ഉല്ലാസ നൗക പ്രേമികളും പ്രഫഷനലുകളുമാണ് മേളയിൽ സംബന്ധിച്ചത്. മേഖലയിലെ ഏറ്റവും വലുതും യുനെസ്കോ ആദ്യമായി നാമനിർദേശം ചെയ്തതുമായ മറാവ ബയോസ്ഫിർ അടക്കം ആറു സംരക്ഷിത കടലോരങ്ങളാണ് അബൂദബിയിലുള്ളത്. ഏറ്റവും അധികം കൂനൻ ഡോൾഫിനുകൾ, കടൽപശുക്കൾ തിങ്ങിപ്പാർക്കുന്ന സ്ഥലം, ലോകത്തിൽ ഏറ്റവും കൂടുതൽ കടൽപശുക്കളുള്ള രണ്ടാമത് പ്രദേശം തുടങ്ങിയ പ്രത്യേകതകൾ ഉള്ള പ്രദേശമായതിനാലാണ് ഇവിടം സംരക്ഷിത കേന്ദ്രമാക്കിയിരുന്നതെന്ന് സമുദ്ര ജൈവവൈവിധ്യ വകുപ്പ് ആക്ടിങ് എക്സിക്യൂട്ടിവ് ഡയറക്ടർ അഹമ്മദ് അൽ ഹശ്മി പറഞ്ഞു. എമിറേറ്റിലെ പ്രധാന വിനോദ കേന്ദ്രമായ യാസ് ദ്വീപിൽ യാസ് ബേ അടക്കം നിരവധി പദ്ധതികളാണ് അബൂദബി നടപ്പാക്കിവരുന്നത്. യാസ് ബേയിൽ ഉല്ലാസനൗകകൾക്ക് പുതിയ ഇടങ്ങളൊരുക്കും. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഹോട്ടലുകളും ഫോർമുല വൺ ഇത്തിഹാദ് എയർവേസ് അബൂദബി ഗ്രാൻറ് പ്രീ അടക്കമുള്ള വിനോദ കേന്ദ്രങ്ങളും ഇതിനു സമീപമുണ്ട്.
ടൂറിസം മേഖലയുടെ പരമപ്രധാന ഭാഗമാണ് സമുദ്രതീരങ്ങളെന്ന് അബൂദബി സാംസ്കാരിക ടൂറിസം മന്ത്രാലയത്തിലെ ടൂറിസം ആൻഡ് മാനേജ്മെൻറ് എക്സിക്യൂട്ടിവ് ഡയറക്ടർ അലി ഹസൻ അൽ ഷൈബ പറഞ്ഞു. പുതുതായി തുറന്നുകൊടുത്ത സംരക്ഷിത സമുദ്രതീരങ്ങൾ ഉല്ലാസ നൗക മാനേജ്മെൻറ് കമ്പനികളുടെ വളർച്ചയെ സഹായിക്കും. ഇതിനുപുറമെ, തലസ്ഥാനനഗരത്തിലെ കൂടുതൽ കാഴ്ചകളിലേക്ക് സന്ദർശകരെ കൊണ്ടുപോവാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.