സ്കൂൾ മേഖലകളിൽ ഡ്രൈവർമാർക്ക് ജാഗ്രത വേണമെന്ന് അബൂദബി പൊലീസ്
text_fieldsഅബൂദബി: വേനലവധിക്കുശേഷം സ്കൂളുകൾ തുറക്കുന്ന പശ്ചാത്തലത്തിൽ സ്കൂൾ മേഖലകളിൽ സുരക്ഷിതമായി വാഹനമോടിക്കണമെന്ന് മാതാപിതാക്കളെയും സ്കൂൾ ബസ് ഡ്രൈവർമാരെയും ഓർമപ്പെടുത്തി അബൂദബി പൊലീസ്. നിരന്തരം മുന്നറിയിപ്പുകൾ നൽകിയിട്ടും ചില രക്ഷിതാക്കൾ ഗതാഗത നിയമലംഘനം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
ചില രക്ഷിതാക്കൾ കുട്ടികളെ സ്കൂളുകളിലേക്ക് കൊണ്ടുവരുമ്പോൾ ഗതാഗത നിയമം പാലിക്കാതെ അലക്ഷ്യമായി വാഹനം നടുറോഡിൽ നിർത്തുകയാണെന്നും ഇത് ഗതാഗത തടസ്സത്തിനു കാരണമാകുന്നുണ്ടെന്നും പൊലീസ് ചൂണ്ടിക്കാട്ടി. സ്കൂളുകൾക്ക് സമീപം നിർദിഷ്ട പാർക്കിങ് സൗകര്യം ഉപയോഗപ്പെടുത്തണമെന്നും വാഹനങ്ങളുടെ വേഗത സ്കൂൾ പരിസരങ്ങളിൽ കുറക്കണമെന്നും ഡ്രൈവിങ്ങിൽ ശ്രദ്ധ പുലർത്തണമെന്നും പൊലീസ് ഓർമിപ്പിച്ചു.നിർദിഷ്ട ഇടങ്ങളിൽ മാത്രമാവണം സ്കൂൾ ബസുകൾ നിർത്തേണ്ടതെന്നും വിദ്യാർഥികൾ സുരക്ഷിതരായാണ് ബസിൽ കയറുന്നതെന്നും ഇറങ്ങുന്നതെന്നും ഉറപ്പുവരുത്തണമെന്നും സ്കൂൾ ബസ് ഡ്രൈവർമാരോട് പൊലീസ് ആവശ്യപ്പെട്ടു.
കുട്ടികൾ ഇറങ്ങുമ്പോഴും കയറുമ്പോഴും സ്റ്റോപ് അടയാളം ബസുകളിൽ പ്രദർശിപ്പിക്കണമെന്നും പൊലീസ് ഓർമിപ്പിച്ചു. സ്റ്റോപ് അടയാളം പ്രദർശിപ്പിച്ച സ്കൂൾ ബസുകളിൽനിന്ന് അഞ്ചുമീറ്ററിൽ കുറയാത്ത അകലത്തിൽ ഇതര വാഹനങ്ങൾ നിർത്തണമെന്നും പൊലീസ് പറഞ്ഞു.
സ്റ്റോപ് അടയാളം പ്രദർശിപ്പിക്കാത്ത സ്കൂൾ ബസ് ഡ്രൈവർമാർക്ക് 500 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയന്റും ചുമത്തും. സ്റ്റോപ് അടയാളം സ്കൂൾ ബസുകളിൽ പ്രദർശിപ്പിച്ചിട്ടും നിശ്ചിത അകലത്തിൽ വാഹനം നിർത്തിയിടാൻ കൂട്ടാക്കാത്ത മറ്റു വാഹനങ്ങളിലെ ഡ്രൈവർമാർക്ക് 1000 ദിർഹം പിഴയും 10 ബ്ലാക്ക് പോയന്റും ചുമത്തുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.