അബൂദബി പൊതുയിടങ്ങളില്‍ മദ്യപാനം; അഞ്ചുപേര്‍ പിടിയിൽ
text_fieldsഅബൂദബി: പൊതുയിടങ്ങളിലും താമസമേഖലകളിലെ തുറസ്സായ സ്ഥലങ്ങളിലും മദ്യപാനം അടക്കമുള്ള സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെതിരെ ശക്തമായ നടപടിയുമായി അബൂദബി പൊലീസ്. വ്യക്തികള്‍ മദ്യം വില്‍ക്കുന്നതും ശേഖരിക്കുന്നതും നിയമലംഘനമാണെന്നിരിക്കേ, ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് കണ്ടെത്താന്‍ പൊലീസ് നടത്തിയ പരിശോധനയില്‍ മലയാളികള്‍ അടക്കമുള്ള നിരവധി വിദേശികൾ പിടിയിലായി.
എമിറേറ്റിലെ ഏറ്റവും വലിയ ജനവാസ കേന്ദ്രമായ മുസഫയിലെ ഷാബിയ 12ല്‍ നടത്തിയ പരിശോധനയില്‍ അഞ്ചുപേരാണ് അറസ്റ്റിലായത്. താമസിക്കുന്ന സ്ഥലത്തിനു സമീപത്തെ തുറസ്സായ ഇടങ്ങളില്‍ മദ്യപിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരെ പ്രോസിക്യൂഷനു കൈമാറി. ഇത്തരത്തില്‍ പിടിയിലാവുന്നവര്‍ക്ക് തടവോ പിഴയോ രണ്ടുംകൂടിയ ശിക്ഷയോ കോടതി വിധിച്ചേക്കാം. അതേസമയം, പൊതുയിടങ്ങളില്‍ നടക്കുന്ന ഇത്തരം സാമൂഹിക വിരുദ്ധ പ്രവണതകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പരിശോധന ശക്തമാക്കിയിരിക്കുകയാണ് അധികൃതര്‍. ലേബര്‍ ക്യാമ്പ്, ബാച്ചിലേഴ്സ് താമസകേന്ദ്രങ്ങള്‍ അടക്കം പരിശോധനയില്‍ ഉള്‍പ്പെടുത്തുന്നുണ്ട്.
മുസ്ലിം ഇതര വിഭാഗങ്ങൾക്ക് വ്യക്തിഗത ആവശ്യങ്ങള്‍ക്ക് മദ്യം വാങ്ങാന്‍ യു.എ.ഇയില്‍ അനുമതിയുണ്ട്. മദ്യപാനത്തിന് അനുമതി നല്കിയ ഗണത്തില്‍പ്പെട്ട താമസസ്ഥലങ്ങള്‍, ടൂറിസം കേന്ദ്രങ്ങള്‍, ഹോട്ടലുകള്‍ തുടങ്ങിയവ ഇതിനായി ഉപയോഗിക്കാം. എന്നാല്‍, തുറസ്സായ സ്ഥലങ്ങളില്‍ മദ്യപിക്കുന്നത് നിയമലംഘനമാണ്. മദ്യപിച്ച് വാഹനം ഓടിച്ചാല്‍ തടവും അമ്പതിനായിരം ദിര്‍ഹം പിഴയുമാണ് ശിക്ഷ. നാടുകടത്തലിനു വരെ കാരണമായേക്കാവുന്ന കുറ്റകൃത്യമാണ് ലഹരി ഉപയോഗിച്ചുള്ള ഡ്രൈവിങ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.