ഈദുല്‍ അദ്ഹ; അബൂദബിയിൽ സുരക്ഷ ഉറപ്പാക്കാൻ നടപടി
text_fieldsഅബൂദബി: ഈദുല്‍ അദ്ഹയോടനുബന്ധിച്ച് എമിറേറ്റിലെ റോഡ് സുരക്ഷയും സമൂഹ സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി അബൂദബി പൊലീസ് പദ്ധതികളാവിഷ്കരിച്ചു. ഇടവഴികളിലും പ്രധാന പാതകളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും പെരുന്നാളിനോടനുബന്ധിച്ച് തിരക്ക് കൂടുന്നത് കണക്കിലെടുത്ത് ഈ മേഖലകളില്‍ പൊലീസ് സാന്നിധ്യം വര്‍ധിപ്പിക്കുകയും പട്രോളിങ് നടത്തുകയും ചെയ്യും. വാണിജ്യകേന്ദ്രങ്ങള്‍, കമ്പോളങ്ങള്‍, ഉദ്യാനങ്ങള്‍, പൊതു പാര്‍ക്കുകള്‍ തുടങ്ങിയ ഇടങ്ങളിലും പൊലീസ് സാന്നിധ്യം വര്‍ധിപ്പിക്കും.
റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഏവരും ഗതാഗതനിയമങ്ങള്‍ പാലിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. വിശേഷദിവസങ്ങളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് നിരവധി പദ്ധതികളാണ് പൊലീസ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. പടക്കങ്ങള്‍ വില്ക്കുകയോ കൈകാര്യം ചെയ്യുകയോ ചെയ്യരുത്.
ഡ്രൈവിങ്ങിലെ മാന്യത പുലര്‍ത്തണമെന്ന് യുവാക്കളായ ഡ്രൈവര്‍മാരോട് ആവശ്യപ്പെട്ട പൊലീസ് അപകടകരമായ അഭ്യാസം നടത്തിയും അശ്രദ്ധമായി വാഹനമോടിച്ചും മത്സരയോട്ടം നടത്തിയും പെരുന്നാള്‍ സന്തോഷം നശിപ്പിക്കരുതെന്നും അവരെ ഓര്‍മിപ്പിച്ചു.
വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്. ഗതാഗതനിയമങ്ങള്‍ കര്‍ശനമായി പാലിക്കണം. അടിയന്തര സാഹചര്യങ്ങളില്‍ 999 എന്ന കണ്ട്രോള് സെന്ററില്‍ വിളിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.