വിനോദ കേന്ദ്രങ്ങളിൽ സുരക്ഷയൊരുക്കി അബൂദബി പൊലീസ്
text_fieldsഅബൂദബി: വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സേവനങ്ങള്‍ ഉറപ്പാക്കാന്‍ ടൂറിസറ്റ് പൊലീസ് പദ്ധതിയുമായി അബൂദബി പൊലീസ്. വിനോദത്തിനായി ജനങ്ങള്‍ എത്തുന്നയിടങ്ങളില്‍ ക്ലബ് കാറില്‍ റോന്ത് ചുറ്റുകയും സുരക്ഷ ഉറപ്പു വരുത്തുന്നത് അടക്കമുള്ള ആവശ്യമായ സഹായ സേവനങ്ങള്‍ നല്‍കുന്നതുമാണ് പദ്ധതി. അബൂദബി എമിറേറ്റിന്‍റെ സുരക്ഷ എല്ലാ മേഖലയിലും ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായിട്ടാണ് ടൂറിസ്റ്റ് പൊലീസ് പദ്ധതി നടപ്പാക്കുന്നതെന്നും അബൂദബിയെ ലോകോത്തര ടൂറിസം നഗരമാക്കുകയാണ് ലക്ഷ്യമെന്നും പൊലീസ് ടീമിന്‍റെ പട്രോളിങ് ഉദ്ഘാടനം ചെയ്ത് ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗം ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് സുഹൈല്‍ അല്‍ റശ്ദി വ്യക്തമാക്കി.
ജനങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കുക, കുറ്റകൃത്യങ്ങള്‍ തടയുക, എമിറേറ്റിലെത്തുന്ന സഞ്ചാരികള്‍ക്കും താമസക്കാര്‍ക്കും മികവുറ്റ സേവനങ്ങള്‍ ഉറപ്പുവരുത്തുക തുടങ്ങിയവയാണ് ടൂറിസ്റ്റ് പൊലീസ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍. പദ്ധതിയുടെ ഭാഗമായി യു.എ.ഇയിലെയും അബൂദബിയിലെയും നിയമങ്ങളും പാലിക്കേണ്ട മാര്‍ഗ നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തിയ ലഘുലേഖകള്‍ വിവിധ ഭാഷകളില്‍ വിതരണം ചെയ്യും.
അബൂദബിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, ടാക്‌സി സേവനം, ഡ്രൈവിങ് നിയമങ്ങള്‍, വിവിധ ഡിപാര്‍ട്ടുമെന്‍റുകളുടെ സഹായം, എമര്‍ജന്‍സി നമ്പറുകള്‍ തുടങ്ങിയവ ലഘുലേഖയില്‍ ഉള്‍പ്പെടുത്തും. അബൂദബിയിലെ താമസക്കാരില്‍ 93 ശതമാനത്തിലേറെയും രാത്രിയില്‍ തനിച്ചു നടക്കുന്നതില്‍ സുരക്ഷിതബോധം അനുഭവിച്ചവരാണെന്ന് സാമൂഹിക വികസന വകുപ്പ്(ഡി.സി.ഡി.)സര്‍വേ നേരത്തെ പുറത്തുവന്നിരുന്നു.
വകുപ്പ് സംഘടിപ്പിക്കുന്ന ജീവിത നിലവാര സര്‍വേ (ക്യു.ഒ.എല്‍.എസ്)യുടെ മൂന്നാം ഘട്ടത്തില്‍ പങ്കെടുത്ത 82761 പേരുടെ പ്രതികരണങ്ങളെ ആസ്പദമാക്കിയാണ് റിപോര്‍ട്ട് തയ്യാറാക്കിയത്. സാമ്പത്തിക സഹകരണ, വികസന സംഘടന(ഒ.ഇ.സി.ഡി.)യുടെ ആഗോള സര്‍വേ മാതൃകയിലായിരുന്നു അബൂദബിയിലും ഇത്തരമൊരു സര്‍വേ നടത്തിയത്. 2020ല്‍ 93 ശതമാനമായിരുന്നു ഈ അഭിപ്രായം പങ്കുവച്ചത്. മറ്റേതൊരു ഒ.ഇ.സി.ഡി. രാജ്യത്തേക്കാളും ഉയര്‍ന്ന ശതമാനമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.