'ബാക് ടു സ്കൂൾ'സുരക്ഷ കാമ്പയിനുമായി അബൂദബി പൊലീസ്
text_fieldsഅബൂദബി: സെപ്റ്റംബറിൽ സ്കൂൾ തുറക്കാനിരിക്കെ 'തിരികെ സ്കൂളിലേക്ക്' എന്ന ശീർഷകത്തിൽ സുരക്ഷ ബോധവത്കരണവുമായി അബൂദബി പൊലീസ്. ക്ലാസ് റൂം പഠനത്തിലേക്ക് പ്രവേശിക്കുന്ന വിദ്യാർഥികൾ, അധ്യാപകർ, മറ്റു ജീവനക്കാർ എന്നിവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രചാരണമാണ് ആരംഭിച്ചത്. സ്കൂൾ ബസ് ഡ്രൈവർമാർ ട്രാഫിക് നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും അമിതവേഗം ഒഴിവാക്കുന്നതിനും ബോധവത്കരണം നടത്തുമെന്ന് ട്രാഫിക് ആൻഡ് പട്രോൾസ് ഡയറക്ട്രേറ്റ് സെൻട്രൽ ഓപറേഷൻസ് സെക്ടറിലെ ട്രാഫിക് ആൻഡ് പട്രോൾസ് ഡയറക്ടർ ബ്രിഗേഡിയർ മുഹമ്മദ് ദാഹി അൽ ഹുമൈരി പറഞ്ഞു.
ഇതോടനുബന്ധിച്ച് അബൂദബി, അൽഐൻ, അൽ ദഫ്റ മേഖലയിലെ റോഡുകളിലും തുരങ്കങ്ങളിലും പൊലീസ് നിരീക്ഷണവും പട്രോളിങ്ങും ഊർജിതമാക്കും. കുട്ടികളെ സ്കൂളിലേക്ക് കൊണ്ടുപോകുന്ന രക്ഷിതാക്കൾ കൂടുതൽ ശ്രദ്ധാലുക്കളായിരിക്കണം. റോഡ് മുറിച്ചു കടക്കുന്നതും സ്കൂൾ ബസിൽ കയറുന്നതും ഇറങ്ങുന്നതും സഞ്ചരിക്കുന്നതും സുരക്ഷിതമായി വേണമെന്ന് വിദ്യാർഥികളെ ബോധവത്കരിക്കാൻ രക്ഷിതാക്കളോട് അധികൃതർ അഭ്യർഥിച്ചു.
നിശ്ചിത സ്ഥലങ്ങളിൽ മാത്രം ബസ് നിർത്തുക, കുട്ടികൾക്ക് വാഹനത്തിൽനിന്ന് പുറത്തിറങ്ങാനും പ്രവേശിക്കാനും മതിയായ സമയം അനുവദിക്കുക, റോഡിൽ സഞ്ചരിക്കുമ്പോൾ വാഹനങ്ങൾക്കിടയിൽ സുരക്ഷിത അകലം പാലിക്കുക, മൂടൽമഞ്ഞ് സമയത്ത് സുരക്ഷിതമായി ഡ്രൈവ് ചെയ്യുക എന്നിവ ഉൾപ്പെടെ എല്ലാ സുരക്ഷ, ട്രാഫിക് നിയമങ്ങളും പാലിക്കണമെന്ന് അൽ ഹുമൈരി ആവശ്യപ്പെട്ടു.
സ്കൂൾ ബസുകളിലെ 'ചുവപ്പ് സ്റ്റോപ്അടയാളം'
സ്കൂൾ ബസുകളിലെ 'ചുവപ്പ് സ്റ്റോപ് അടയാളം' കാണുമ്പോൾ മറ്റു ഡ്രൈവർമാർ അഞ്ച് മീറ്റർ സുരക്ഷിത അകലത്തിൽ വാഹനം നിർത്തണമെന്ന് അൽ ഹുമൈരി ഓർമിപ്പിച്ചു.
കുട്ടികളെ ബസിലേക്ക് കയറ്റുമ്പോഴും ഇറക്കുമ്പോഴും 'ചുവപ്പ് സ്റ്റോപ് അടയാളം' കാണിക്കാതിരിക്കുന്ന ബസ് ഡ്രൈവർമാർക്ക് 500 ദിർഹവും ആറ് ട്രാഫിക് പോയൻറുകളും പിഴ ചുമത്തും.
സിഗ്നൽ ഗൗനിക്കാത്ത ഡ്രൈവർമാർക്ക് 1,000 ദിർഹവും 10 ട്രാഫിക് പോയൻറുകളും പിഴ ചുമത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.