ഭിക്ഷാടനം: മുന്നറിയിപ്പുമായി അബൂദബി പൊലീസ്
text_fieldsഅബൂദബി: വീടുവീടാന്തരം കയറി നടത്തുന്ന പരമ്പരാഗത ഭിക്ഷാടനരീതികൾക്കു പകരം പണസമ്പാദനത്തിന്റെ മാർഗമായി സമൂഹമാധ്യമങ്ങളിലൂടെയുള്ള ഭിക്ഷാടനം മാറിയെന്ന് അബൂദബി പൊലീസ്. റമദാൻ മാസത്തിൽ താമസക്കാരുടെയും സന്ദർശകരുടെയും അനുകമ്പ ചൂഷണം ചെയ്യാനുള്ള യാചകരുടെ നീക്കത്തെ കരുതിയിരിക്കണമെന്ന് അധികൃതർ ഓർമിപ്പിച്ചു.
റമദാനിൽ യാചകരുമായി ഇടപഴകുന്നതിൽനിന്നും പണത്തിനോ സഹായത്തിനോ വേണ്ടിയുള്ള അവരുടെ പദ്ധതികളിൽനിന്നും വഞ്ചനയിൽനിന്നും വിട്ടുനിൽക്കണമെന്നും അബൂദബി പൊലീസ് പൊതുജനങ്ങളോട് നിർദേശിച്ചു. പള്ളികളുടെ മുന്നിലോ തെരുവിലോ മാർക്കറ്റുകളിലോ മാളുകളിലോ നിന്ന് ഭിക്ഷാടകർ പണത്തിനുവേണ്ടി കൈനീട്ടുന്നത് ആശങ്ക ഉയർത്തുന്നതാണെന്ന് പൊലീസ് പ്രസ്താവനയിൽ അറിയിച്ചു.
തെരുവുകളിലോ പൊതു ഇടങ്ങളിലോ സമൂഹമാധ്യമങ്ങളിലൂടെയോ നടത്തുന്ന ഏതുതരം ഭിക്ഷാടനത്തെയും തടയാൻ ഏവരും കൈകോർക്കണമെന്നും അബൂദബി പൊലീസ് ആവശ്യപ്പെട്ടു.
ഭിക്ഷാടനം അപരിഷ്കൃത പ്രവൃത്തിയാണ്. ഭിക്ഷാടനം ഇല്ലായ്മ ചെയ്യാൻ ഏവരും പരസ്പരം സഹായിക്കണം. അംഗീകൃത വഴികളിലൂടെ മാത്രമേ അർഹരായവരെ സഹായിക്കാവൂ എന്നും പൊലീസ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. യു.എ.ഇയിൽ ഭിക്ഷാടനത്തിന് 5000 ദിർഹം പിഴയും മൂന്നുമാസം തടവുമാണ് ശിക്ഷ.
ഭിക്ഷാടകന് ശാരീരികമായ വൈകല്യങ്ങൾ ഇല്ലെങ്കിലും വരുമാനസ്രോതസ്സ് ഉണ്ടെങ്കിലും വൈകല്യങ്ങൾ നടിക്കുന്നുവെന്ന് കണ്ടെത്തിയാലും കടുത്ത ശിക്ഷയായിരിക്കും ലഭിക്കുക. കുട്ടികളെ ഭിക്ഷാടനത്തിന് ഉപയോഗിച്ചാലും ശിക്ഷ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.