നടപ്പാതയിൽ സൈക്കിളും സ്കൂട്ടറും ഓടിക്കരുതെന്ന് അബൂദബി പൊലീസ്; 500 ദിർഹം വരെ പിഴ
text_fieldsഅബൂദബി: കാല്‍നടയാത്രികര്‍ക്ക് നടക്കാനും ജോഗിങ്ങിനുമായി നിഷ്കര്‍ഷിച്ച പാതയിലൂടെ സൈക്കിളും ഇലക്ട്രിക് സ്കൂട്ടറുകളും ഓടിക്കുന്നതിനെതിരെ മുന്നറിയിപ്പ് ആവര്‍ത്തിച്ച് അബൂദബി പൊലീസ്. കാല്‍നടയാത്രികരുടെ സഞ്ചാരപഥങ്ങള്‍ സൈക്കിള്‍, ഇലക്ട്രിക് സ്കൂട്ടര്‍ സഞ്ചാരികള്‍ കൈയടക്കുന്നുവെന്ന പരാതികളെ തുടര്‍ന്നാണ് നടപടി.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ഗതാഗത ബോധവത്കരണം ശക്തിപ്പെടുത്തിയതായി അബൂദബി പൊലീസ് അറിയിച്ചു. കാല്‍നടയാത്രികരുടെ സുരക്ഷയെ ബാധിക്കുംവിധം അലക്ഷ്യമായും മാന്യതയില്ലാതെയും ഇലക്ട്രിക് സ്കൂട്ടറുകളും സൈക്കിളുകളും ഓടിക്കുന്നുവെന്നാണ് കാല്‍നടയാത്രികരുടെ പരാതി. കാല്‍നടയാത്രികരുടെയും ഇലക്ട്രിക് സ്കൂട്ടര്‍, സൈക്കിള്‍ യാത്രികരുടെയും സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
സൈക്കിളുകള്‍ ഓടിക്കുന്നവര്‍ സുരക്ഷ മുന്‍കരുതലുകള്‍ സ്വീകരിച്ചിരിക്കണമെന്നും പൊലീസ് നിര്‍ദേശിച്ചു. കാല്‍നടയാത്രികരും സൂക്ഷ്മത പാലിക്കണമെന്നും കാറുകളോ ഇരുചക്രവാഹനങ്ങളോ തട്ടാതിരിക്കാന്‍ ഇതു സഹായിക്കുമെന്നും പൊലീസ് പറയുന്നു. സര്‍വിസ് റോഡുകളിലും സൈക്ലിങ് ട്രാക്കുകളിലും മാത്രമേ സൈക്കിളുകള്‍ ഓടിക്കാവൂ. ജനങ്ങളെ ഇടിക്കാതിരിക്കാന്‍ സൈക്കിളോടിക്കുന്നവര്‍ ശ്രദ്ധിക്കണം. തിരക്കേറിയ ഇടങ്ങളില്‍ സൈക്കിള്‍ ഓടിക്കരുത്. നിയമം ലംഘിക്കുന്ന സൈക്കിള്‍, ഇലക്ട്രിക് സ്കൂട്ടര്‍ റൈഡര്‍മാര്‍ക്ക് 200 മുതല്‍ 500 ദിര്‍ഹം വരെ പിഴ ചുമത്തും.
സീബ്രലൈനുകളിലൂടെ കാൽനടയാത്രികർക്ക് റോഡ് മുറിച്ചുകടക്കാൻ അവസരം നൽകാത്ത ഡ്രൈവർമാർക്കെതിരെയും 500 ദിർഹം പിഴ ചുമത്തും. ഇതിനു പുറമേ ആറു ബ്ലാക്ക് പോയന്റുകളും ലൈസൻസിൽ ചുമത്തും. അബൂദബിയിലെ നിരവധി ക്രോസിങ്ങുകളിൽ ഡ്രൈവർമാരുടെ നിയമലംഘനം കണ്ടെത്താൻ നിർമിതബുദ്ധിയോടുകൂടിയ റഡാറുകൾ സ്ഥാപിച്ചിട്ടുണ്ട്.
കാൽനടയാത്രികർ സുരക്ഷിതരായി റോഡ് മുറിച്ചുകടന്നുവെന്ന് ഉറപ്പാക്കുന്നതു വരെ വാഹനം നിർത്തിയിടണം. ആളുകൾ റോഡ് മുറിച്ചുകടക്കുമ്പോൾ വാഹനം ഓടിച്ചാലും പിഴയടിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.