ലഹരി വിമുക്തിക്ക് വിപുല പദ്ധതിയുമായി അബൂദബി പൊലീസ്
text_fieldsഅബൂദബി: ലഹരിക്ക് അടിമകളാകുന്നവരെ ചികിത്സയിലൂടെയും ബോധവത്കരണത്തിലൂടെയും മോചിപ്പിക്കാൻ പദ്ധതിയുമായി അബൂദബി പൊലീസ്.
നാഷനൽ റിഹാബിലിറ്റേഷൻ സെൻററാണ് സൗജന്യ പുനരധിവാസ, ചികിത്സ സൗകര്യമൊരുക്കുന്നതെന്ന് അബൂദബി പൊലീസിലെ പൊതുജനാരോഗ്യ, ഗവേഷണ വിഭാഗം ഡയറക്ടർ ഡോ. അലി ഹസ്സൻ അൽ മസ്റൂഖി പറഞ്ഞു. ചികിത്സക്കുശേഷവും മയക്കുമരുന്നിന് അടിമകളായവരെ പിന്തുടരുകയും ആവശ്യമായ തുടർ സംവിധാനങ്ങളൊരുക്കുന്നതും കേന്ദ്രത്തിന്റെ സവിശേഷതയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മയക്കുമരുന്നിന്റെ ആപത്തിൽനിന്ന് പൊതുസമൂഹത്തെ സംരക്ഷിക്കുന്നതിന് വിവിധ പദ്ധതികൾ പൊലീസ് നടപ്പാക്കിവരുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ‘എ ചാൻസ് ഹോപ്’ എന്ന മറ്റൊരു പദ്ധതി വഴി മയക്കുമരുന്നിന് അടിമകളായവരെ നിയമനടപടിയില്ലാതെയും രഹസ്യമായും ചികിത്സിക്കുന്ന പദ്ധതിയുമുണ്ട്.
മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്ക് നിയമനടപടി പേടിക്കാതെ നേരിട്ട് പൊലീസിനെ ബന്ധപ്പെടാനുള്ള സൗകര്യമാണ് ഇതിലൂടെ ലഭിക്കുന്നത്. പുതിയ മയക്കുമരുന്ന് വിരുദ്ധ നിയമം ചികിത്സ, പുനരധിവാസം, മയക്കുമരുന്ന് വിൽപനക്കാരെ ചെറുക്കൽ എന്നീ ലക്ഷ്യങ്ങൾ അടിസ്ഥാനമാക്കിയാണ് രൂപപ്പെടുത്തിയിരിക്കുന്നത്.
മയക്കുമരുന്ന് വിൽപനയും കടത്തും തടയുന്നതിനും വിപുലമായ സംവിധാനങ്ങളാണ് തലസ്ഥാന എമിറേറ്റിൽ നടപ്പാക്കിയിരിക്കുന്നത്. സംശയാസ്പദമായ ബാങ്ക് അക്കൗണ്ടുകൾ നിരീക്ഷിക്കുക, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും വെബ്സൈറ്റുകളിലും മയക്കുമരുന്ന് പ്രചരിപ്പിക്കുന്നത് തടയുക, മയക്കുമരുന്ന് കള്ളക്കടത്ത് പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യാൻ പൗരന്മാരെ പ്രോത്സാഹിപ്പിക്കുക എന്നിവയുൾപ്പെടെ കർശനമായ നടപടികളാണ് നടപ്പാക്കിവരുന്നത്. യുവാക്കളെ ആകർഷിക്കാൻ മയക്കുമരുന്ന് വ്യാപാരികൾ പലപ്പോഴും പല തന്ത്രങ്ങൾ പ്രയോഗിക്കാറുണ്ടെന്ന് ആന്റി നാർകോട്ടിക്സ് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ താഹിർ ഗരീബ് അൽ ദാഹിരി പറഞ്ഞു. ചിലതരം വസ്തുക്കൾ ഉപയോഗിച്ചാൽ ശരീരഭാരം കുറക്കാനും ശരീരത്തിന്റെ ചർമം പുതുക്കാനും ഓർമശക്തി കൂട്ടാനും സഹായിക്കുമെന്ന് അവകാശപ്പെട്ട് യുവാക്കളെയും കൗമാരക്കാരെയും വലയിൽപെടുത്തുന്നുണ്ടെന്നും അദ്ദേഹം അബൂദബി എഫ്.എം റേഡിയോയിൽ ‘നമ്മുടെ രാജ്യം നിർഭയമാണ്’ എന്ന പരിപാടിയിൽ സംസാരിക്കവെ കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.