കർശന നിർദേശവുമായി അബൂദബി പൊലീസ്; ഡെലിവറി റൈഡർമാർ നിയമം പാലിക്കണം
text_fieldsഅബൂദബി: റോഡ് സുരക്ഷ ഉറപ്പുവരുന്നതിന് ഗതാഗത നിയമങ്ങൾ പാലിക്കണമെന്ന് ഡെലിവറി ബൈക്ക് റൈഡർമാരോട് ഓർമപ്പെടുത്തി അബൂദബി പൊലീസ്. അനുവദനീയമായ ലൈനുകളിലൂടെ മാത്രമേ ഇരുചക്രവാഹനങ്ങൾ ഓടിക്കാവൂവെന്നും ഈ സമയം ഹെൽമറ്റും പാഡുകളോടു കൂടിയ വസ്ത്രവും ധരിച്ചിരിക്കണമെന്നും സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച ബോധവത്കരണ വിഡിയോയിൽ പൊലീസ് ആവശ്യപ്പെട്ടു.
വാഹനത്തിന്റെ മുന്നിലെയും പിന്നിലെയും ലൈറ്റുകളും ടയറുകളും പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തുകയും വാഹനം ശരിയായ രീതിയിൽ പരിപാലിച്ചിരിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു. അനുചിതമായ ഓവർടേക്കിങ്ങും പൊടുന്നനെയുള്ള ലൈൻ മാറ്റവും നടത്തരുതെന്നും പൊലീസ് താക്കീത് നൽകി.
ഏതു റോഡുകളിലെയും വലത്തെ ലൈനുകളിലുള്ള 100 കി. മീറ്ററോ അതിനു മുകളിലോ വേഗപരിധിയുള്ള ലൈനുകൾ ഡെലിവറി റൈഡർമാർക്ക് ഉപയോഗിക്കാമെന്ന് സംയുക്ത ഗതാഗത സുരക്ഷാ സമിതി അറിയിച്ചിരുന്നു.ഡെലിവറി ബൈക്ക് റൈഡർമാർ അതിവേഗ ലൈനായ ഇടത്തേയറ്റത്തെ ലൈൻ ഉപയോഗിക്കരുതെന്ന് 2023 ജൂണിൽ അധികൃതർ നിയമം കൊണ്ടുവന്നിരുന്നു.
50 സെൻറിമീറ്റർ വീതം വീതിയും നീളവും ഉയരവുമുള്ള ഡെലിവറി പെട്ടികൾ മാത്രമേ ബൈക്ക് റൈഡർമാർ ഉപയോഗിക്കാവൂ എന്ന ഉത്തരവ് 2022 മേയിൽ അബൂദബി പൊലീസ് പുറപ്പെടുവിച്ചിരുന്നു. ഈ പെട്ടികളിലെ എഴുത്ത് 20 മീറ്റർ ദൂരത്തുനിന്ന് വായിക്കാൻ കഴിയണം, പെട്ടി ഫൈബർ ഗ്ലാസിൽ നിർമിച്ചതാവണം, മുന്നിൽ നിന്ന് തുറക്കാൻ കഴിയുന്നതാവണം തുടങ്ങിയ നിർദേശങ്ങളും അധികൃതർ നിഷ്കർഷിച്ചിട്ടുണ്ട്.
ഡെലിവറി വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പലയിടങ്ങളിലും വര്ധിച്ചതായിട്ടാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മറ്റു വാഹനങ്ങളുമായി സുരക്ഷിതമായ അകലം പാലിക്കാത്തതും പൊടുന്നനെയുള്ള ലൈന്‍ മാറ്റവും അടക്കം ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നതാണ് ഇത്തരം അപകടങ്ങള്‍ക്ക് കാരണം.
ഇതിനു പുറമെ, ദീര്‍ഘസമയത്തെ ജോലി മൂലമുള്ള ക്ഷീണവും അപകടങ്ങളുണ്ടാവുന്നതിന് പ്രധാന കാരണമാണ്. നല്ല ടയറുകള്‍, മുന്നിലെയും പിന്നിലെയും പ്രവര്‍ത്തിക്കുന്ന ലൈറ്റുകള്‍, റിഫ്ലക്ടിവ് സ്റ്റിക്കറുകള്‍ മുതലായവ ഉണ്ടാവണം, മോശം കാലാവസ്ഥയില്‍ വാഹനമോടിക്കരുത്, കാല്‍നടയാത്രികര്‍ക്ക് നിഷ്കര്‍ഷിച്ചിരിക്കുന്ന പാതകളിലും വീടുകളുടെയും കെട്ടിടങ്ങളുടെയും പ്രവേശനകവാടങ്ങളിലും വാഹനം നിര്‍ത്തരുത് തുടങ്ങിയ നിര്‍ദേശങ്ങളും ഡെലിവറി ഡ്രൈവര്‍മാര്‍ക്ക് നല്‍കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.