കുടുംബങ്ങള്‍ക്ക് അബൂദബി പൊലീസിന്‍റെ 'കുട്ടിസീറ്റ്' സമ്മാനം
text_fieldsഅബൂദബി: എമിറേറ്റിലെ കുടുംബങ്ങള്‍ക്ക് കാറുകളില്‍ ഘടിപ്പിക്കാവുന്ന ചൈല്‍ഡ് സീറ്റ് സൗജന്യമായി നല്‍കി അബൂദബി പൊലീസ്. വാഹനങ്ങളില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുടെ ഭാഗമായിട്ടാണ് അബൂദബി പൊലീസ് ചൈല്‍ഡ് സീറ്റ് വാഹനങ്ങളില്‍ ഘടിപ്പിച്ചുനല്‍കിയത്. എമിറേറ്റ്‌സ് റെഡ് ക്രസന്‍റ് അതോറിറ്റി, എമിറേറ്റ്‌സ് മോട്ടോര്‍ കമ്പനി എന്നിവയുടെ സഹകരണത്തോടെ അബൂദബി പൊലീസ് നടത്തുന്ന 'ബെഞ്ചസ് ഓഫ് ഗുഡ്' പദ്ധതിയുടെ ഭാഗമായാണ് കുട്ടികള്‍ക്കുള്ള സീറ്റുകള്‍ വിതരണം ചെയ്തത്.
വാഹനങ്ങളില്‍ കുട്ടികള്‍ക്ക് ചൈല്‍ഡ് സീറ്റുകള്‍ ഏര്‍പ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് അബൂദബി പൊലീസിലെ ട്രാഫിക്‌സ് ആന്‍ഡ് പട്രോള്‍സ് ഡയറക്ടറേറ്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് ധാഹി അല്‍ഹിമൈരി പറഞ്ഞു. അപകടങ്ങളെത്തുടര്‍ന്നുണ്ടാവുന്ന മരണങ്ങള്‍ ഒഴിവാക്കാനും പരിക്കുകള്‍ ഇല്ലാതാക്കാനും കുടുംബവാഹനങ്ങളില്‍ ചൈല്‍ഡ് സീറ്റുകള്‍ നിര്‍ബന്ധമായും വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
10 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കാണ് ചൈല്‍ഡ് സീറ്റുകള്‍ വേണ്ടത്. പിന്‍സീറ്റിലാണ് ചൈല്‍ഡ് സീറ്റ് ഘടിപ്പിക്കേണ്ടത്. ഇവര്‍ക്ക് സീറ്റ് ബെല്‍റ്റും നിര്‍ബന്ധമാണ്. 10 വയസ്സില്‍ താഴെയുള്ള കുട്ടികളെ വാഹനങ്ങളുടെ മുന്‍സീറ്റില്‍ ഇരുത്തിയാല്‍ 400 ദിര്‍ഹം ഡ്രൈവര്‍ക്ക് പിഴചുമത്തും. വാഹനം പിടിച്ചെടുക്കുകയും വാഹന ഉടമക്ക് 5000 ദിര്‍ഹം പിഴ ചുമത്തുകയും ചെയ്യുമെന്നും അബൂദബി പൊലീസ് പറഞ്ഞു. നാലുവയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് ചൈല്‍ഡ് സീറ്റ് നല്‍കിയില്ലെങ്കില്‍ കുടുംബത്തിന് 400 ദിര്‍ഹം പിഴ ചുമത്തും.
സാധാരണ സീറ്റില്‍ ഇരിക്കുന്ന കുട്ടികള്‍ക്ക് വാഹനം അപകടത്തില്‍പെടുമ്പോള്‍ 10 മീ. ഉയരത്തില്‍നിന്ന് താഴെ വീഴുന്ന ആഘാതമുണ്ടാകുമെന്നും ചൈല്‍ഡ് സീറ്റ് സുരക്ഷ ഉറപ്പുവരുത്തുമെന്നും പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ചെറിയ കുട്ടികളെ മടിയില്‍വെച്ച് അമ്മമാര്‍ മുന്‍ സീറ്റില്‍ ഇരിക്കുന്നതും അപകടഭീഷണി ഉയര്‍ത്തുന്നുണ്ടെന്നും നിയമം പാലിക്കാത്ത ഇത്തരം സംഭവങ്ങളാണ് അപകടങ്ങളില്‍ കുട്ടികള്‍ ഇരകളാകാന്‍ കാരണമെന്നും പൊലീസ് ചൂട്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.