നിശ്ചയദാർഢ്യമുള്ളവർക്ക് അബൂദബി പൊലീസിന്‍റെ സൗജന്യ 'ഡ്രൈവിങ് ലൈസൻസ്' സേവനം
text_fieldsഅബൂദബി: നിശ്ചയദാർഢ്യമുള്ളവർക്ക് സൗജന്യ 'ഡ്രൈവിങ് ലൈസൻസ്' സേവനങ്ങളുമായി അബൂദബി പൊലീസ്. നിശ്ചയദാർഢ്യക്കാരായ ഉപഭോക്താക്കളുടെ ആസ്ഥാനത്തുനിന്ന് വാഹനം സ്വീകരിച്ച് സാങ്കേതിക പരിശോധനയും വാഹന ലൈസൻസിങ് നടപടിക്രമങ്ങളും പൂർത്തിയാക്കി ഗുണഭോക്താവിനു മടക്കിനൽകുന്നതുൾപ്പെടെയുള്ള സേവനങ്ങളാണ് സൗജന്യമായി നൽകുക.
ഇതിന് അബൂദബി പൊലീസും ഡാന കമ്പനിയുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു. അബൂദബി സർക്കാരിന്റെ നാഷണൽ സ്ട്രാറ്റജി ഫോർ ക്വാളിറ്റി ഓഫ് ലൈഫ് 2031 തന്ത്രത്തെ അടിസ്ഥാനമാക്കിയാണ് ഭിന്നശേഷിക്കാർക്ക് പുതിയ സൗജന്യ സേവനം. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും വിശിഷ്ട സേവനങ്ങളും നൂതന പരിഹാരങ്ങളും നൽകാനുള്ള ഡ്രൈവേഴ്‌സ്, വെഹിക്കിൾ ലൈസൻസിങ് ഡയറക്ടറേറ്റിന്‍റെ ശ്രമങ്ങളുടെ ഭാഗമായാണ് നിശ്ചയദാർഢ്യമുള്ളവർക്കുള്ള പുതിയ വാഹന ലൈസൻസിങ് സേവനം.
സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവരുടെ ക്ഷേമവും സന്തോഷവും ഉറപ്പാക്കുന്നതിനുള്ള നടപടികളുമായി പൊലീസ് സേവനം വിപുലീകരിക്കുന്നതിന്‍റെ മുന്നോടിയാണിതെന്നും അബൂദബി പൊലീസ് വ്യക്തമാക്കി. അബൂദബി പൊലീസ് ജനറൽ കമാൻഡിലെ സെൻട്രൽ ഓപ്പറേഷൻ സെക്ടർ ഡയറക്ടർ മേജർ ജനറൽ അഹമ്മദ് സെയ്ഫ് ബിൻ സൈതൂൻ അൽ മുഹൈരിയും ഡാന ബോർഡ് ചെയർമാൻ മുഹമ്മദ് അലി ബിൻ ദാരി അൽ മൻസൂരിയും തമ്മിലാണ് ഇതു സംബന്ധിച്ച ധാരണാപത്രം ഒപ്പുവെച്ചത്.
നിശ്ചയദാർഢ്യമുള്ളവരുടെ പരിപാലനം ഉറപ്പാക്കുന്നതിനാണ് ഡ്രൈവിങ്-വാഹന ലൈസൻസിങ് സേവനങ്ങൾ സൗജന്യമായി നൽകുന്നതെന്ന് അബൂദബി പൊലീസ് ഡ്രൈവേഴ്‌സ് ആൻസ് വെഹിക്കിൾസ് ഡയറക്ടർ കേണൽ മുഹമ്മദ് അൽ ബുറൈക്ക് അൽ അമീരി ചൂണ്ടിക്കാട്ടി.
കസ്റ്റമർ സർവീസ് ആൻഡ് ഹാപ്പിനെസ് ഡിപ്പാർട്ട്‌മെന്റും വാഹനങ്ങളുടെ സാങ്കേതിക പരിശോധന നടത്തുന്ന അഡ്നോക്ക് ഡിസ്ട്രിബ്യൂഷനും സഹകരിച്ചാണ് നിശ്ചയദാർഢ്യമുള്ളവരുടെ ആരോഗ്യ രോഗ പ്രതിരോധ നടപടികൾ ഉറപ്പാക്കുന്നതിനുള്ള പുതിയ സേവനം നടപ്പിലാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.