അബൂദബി സമ്മർ സ്പോർട്സിന് തുടക്കം
text_fieldsഅബൂദബി: അബൂദബിയിലും അൽ ഐനിലും മൂന്നാമത് അബൂദബി സമ്മർ സ്പോർട്സിന് തുടക്കം കുറിച്ച് അബൂദബി സ്പോർട്സ് കൗൺസിൽ. ഈ വർഷം ആരോഗ്യ, ക്ഷേമ പ്രവർത്തനങ്ങൾക്കുപുറമേ വിവിധ പ്രായക്കാർക്കും ശാരീരികക്ഷമതക്കും അനുസൃതമായ പുതിയ കായിക പ്രവർത്തനങ്ങൾ അവതരിപ്പിക്കും. അബൂദബിയിലെ അഡ്നെക് സെന്ററിൽ 2024 ആഗസ്റ്റ് 23 വരെയാണ് അബൂദബി സമ്മർ സ്പോർട്സ് തുടരുക. അൽ ഐനിൽ ആഗസ്റ്റ് 25 വരെയും സമ്മർ സ്പോർട്സ് തുടരും.
ഫുട്ബാൾ, ക്രിക്കറ്റ്, ടെന്നിസ്, ഒരു കി.മീറ്റർ ഓട്ടം, ബാഡ്മിന്റൺ, വോളിബാൾ, ടേബിൾ ടെന്നിസ് തുടങ്ങി ഒട്ടേറെ കായിക വിനോദങ്ങൾ അരങ്ങേറും. 34,000 ചതുരശ്ര മീറ്ററിലാണ് അബൂദബിയിൽ ഇത്തവണത്തെ സമ്മർ സ്പോർട് വേദിയൊരുക്കിയിരിക്കുന്നത്. മുൻവർഷം ഇത് 27,000 ചതുരശ്ര മീറ്ററായിരുന്നു.
വ്യത്യസ്ത കായിക പരിപാടികൾക്ക് വേദിയൊരുക്കുന്നതിൽ അബൂദബിക്കുള്ള ആഗോള സ്ഥാനം വർധിപ്പിക്കുന്നതാണ് പരിപാടിയെന്ന് അഡ്നെക് മാനേജിങ് ഡയറക്ടറും ഗ്രൂപ് സി.ഇ.ഒയുമായ ഹുമൈദ് മതർ അൽ ദാഹിരി പറഞ്ഞു.
അബൂദബി സമ്മർ സ്പോർട് മേഖലയിലെ ഏറ്റവും വലിയ ഇൻഡോർ കായിക മേളയാണെന്ന് അബൂദബി സ്പോർട്സ് കൗൺസിൽ ജനറൽ സെക്രട്ടറി ആരിഫ് അൽ അവാനി പറഞ്ഞു. അബൂദബി സമ്മർ സ്പോർട്സിനെക്കുറിച്ചുള്ള വിശദാംശങ്ങൾ അറിയുന്നതിനും പങ്കെടുക്കുന്നതിനുമായി അഡ്നെക് ഗ്രൂപ് മൊബൈൽ ആപ്പും വെബ്സൈറ്റും തയാറാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.