ദേശീയ ദിനത്തിന് കൊഴുപ്പേകാൻ അബൂദബി ടി 10
text_fieldsയു.എ.ഇയുടെ ദേശീയ ദിനാഘോഷങ്ങൾക്ക് തിളക്കമേകാൻ ഇക്കുറി ക്രിക്കറ്റുമുണ്ടാവും. കുട്ടി ക്രിക്കറ്റിെൻറ പുതുരൂപമായ അബൂദബി ടി 10 ക്രിക്കറ്റ് നവംബർ 19 മുതൽ ഡിസംബർ നാല് വരെ അബൂദബി ശൈഖ് സായിദ് സ്റ്റേഡിയത്തിൽ നടക്കുമെന്ന് സംഘാടകർ പ്രഖ്യാപിച്ചു. ദേശീയ ദിനത്തോടനുബന്ധിച്ചാണ് ഇക്കുറി ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ സീസണുകളെ അപേക്ഷിച്ച് ഇക്കുറി കൂടുതൽ ദിവസം ടൂർണമെന്റ് നടത്തുന്നുണ്ട്. 10 ദിവസമായിരുന്ന ടൂർണമെന്റ് അഞ്ചാം സീസണിൽ 15 ദിവസമായി വർധിപ്പിച്ചിട്ടുണ്ട്. 79 ശതമാനം കൂടുതൽ ടെലിവിഷൻ കാഴ്ചക്കാരെ ഇക്കുറി പ്രതീക്ഷിക്കുന്നു. അബുദബി ക്രിക്കറ്റും ടെൻ സ്പോർട്ട്സ് മാനേജ്മെന്റും സഹകരിച്ചാണ് ക്രിക്കറ്റ് നടത്തുന്നത്.
90 മിനിറ്റിൽ ആവേശം വിതറുന്ന ടൂർണമെൻറിൽ ലോകോത്തര ക്രിക്കറ്റ് താരങ്ങൾ കളത്തിലിറങ്ങും. ക്രിസ് ഗെയിൽ, നികോളാസ് പുരാൻ, ഡ്വെയ്ൻ ബ്രാവോ, മുഹമ്മദ് നബി അടക്കമുള്ള താരങ്ങൾ ടൂർണമെൻറിൽ പങ്കെടുക്കുന്നുണ്ട്. 2017ൽ നാല് ടീമുമായി തുടങ്ങിയ ടൂർണമെൻറാണ് ഇപ്പോൾ ലോകശ്രദ്ദേയമായ ടൂർണമെൻറായി വളർന്നത്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിെൻറയും എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡിെൻറയും അംഗീകൃത ടൂർണെമൻറാണിത്. ഈ വർഷം രണ്ടാം തവണയാണ് ടൂർണെമൻറ് നടത്തുന്നത്. ഫെബ്രുവരിയിൽ കോവിഡ് വെല്ലുവിളികൾക്കിടയിലും സുരക്ഷിതമായി ടൂർണമെൻറ് നടത്താൻ കഴിഞ്ഞു. വിൻഡീസ് താരം നിക്കോളാസ് പുരാൻ നയിച്ച നോർതേൺ വാരിയേഴ്സായിരുന്നു ചാമ്പ്യൻമാർ. ഡെൽഹി ബുൾസ്, നോർതേൺ വാരിയേഴ്സ്, ക്വാലാൻഡേഴ്സ്, ടീം അബൂദബി, ബംഗ്ലാ ടൈഗേഴ്സ്, ഡെക്കാൻ ഗ്ലാഡിയേറ്റേഴ്സ്, മറാത്ത അറേബ്യൻസ്, പുണെ ഡെവിൾസ് എന്നീ ടീമുകളാണ് കളത്തിലിറങ്ങിയത്. ഭൂരിപക്ഷവും ഇന്ത്യ, പാകിസ്താൻ ഉടമസ്ഥതയിലുള്ള ക്ലബ്ബുകളാണ് കളിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.