ദീപാവലി ആഘോഷത്തിന് അബൂദബി ക്ഷേത്രം ഒരുങ്ങി
text_fieldsഅബൂദബി: വെളിച്ചത്തിന്റെ ഉത്സവമായി അറിയപ്പെടുന്ന ദീപാവലി ആഘോഷത്തിനൊരുങ്ങി അബൂദബിയിലെ ബാപ്സ് ഹിന്ദു മന്ദിർ. ദർശനത്തിന് എത്തുന്ന എല്ലാവരും ക്ഷേത്രത്തിൽ എത്തുന്നതിനുമുമ്പ് രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. സ്വന്തം വാഹനത്തിൽ വരുന്ന സന്ദർശകർ അൽ ഷഹാമ എഫ് 1 പാർക്കിങ്ങിൽ പാർക്ക് ചെയ്യണം.
ഇവന്റ് പാർക്കിങ് സൈറ്റിൽ നിന്ന് ക്ഷേത്ര സമുച്ചയത്തിലേക്ക് ഷട്ടിൽ ബസ് സർവിസ് നടത്തും. ആഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും ബാഗുകളും ലോഹ വസ്തുക്കളും കൊണ്ടുവരരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്.
ഈ മാസം 31 വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പതുവരെ ദീപാവലി ദർശന പരിപാടിയും നവംബർ രണ്ട് ശനിയാഴ്ചയും നവംബർ മൂന്നു ഞായറാഴ്ചയും രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പത് വരെ അന്നമൂട്ട് ദർശനവും (ഭക്ഷണത്തിന്റെ ഉത്സവം) നടക്കും.
ദീപാവലി ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിന് എത്തുന്ന സന്ദർശകരെ സഹായിക്കുന്നതിന് സമഗ്രമായ പദ്ധതികൾ തയാറാക്കിയിട്ടുണ്ട്. അബൂദബി പൊലീസിന്റെയും സർക്കാർ ഉദ്യോഗസ്ഥരുടെയും പങ്കാളിത്തത്തോടെ, ക്ഷേത്രത്തിലെ ഗതാഗതവും തിരക്ക് നിയന്ത്രിക്കാനും സുഗമമായ പാർക്കിങ് സാധ്യമാക്കാനും ക്ഷേത്രം അധികൃതർ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.
ഈ വർഷത്തെ ആഘോഷങ്ങൾ ചൊവ്വ തുടങ്ങും. ദീപാവലിയുടെ പ്രധാന ആഘോഷം 31നാണ്. ദീപാവലി പ്രമാണിച്ച് യു.എ.ഇയിൽ വലിയ തോതിലുള്ള ആഘോഷ പരിപാടികളും കുടുംബ കൂട്ടായ്മ യോഗങ്ങളും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.