സമൂഹങ്ങൾക്കിടയിൽ സഹവർത്തിത്വം ശക്തമാക്കാൻ അബൂദബി
text_fieldsഅബൂദബി: അബൂദബിയിൽ വിവിധ സമൂഹങ്ങൾക്കിടയിൽ ഐക്യവും സഹിഷ്ണുതയും പ്രോത്സാഹിപ്പിക്കാൻ 'വൺ കമ്യൂണിറ്റി' എന്ന പേരിൽ പ്രചാരണ പരിപാടികൾ ആരംഭിക്കുന്നു. വിവിധ വിശ്വാസവും സംസ്കാരവും പുലർത്തുന്നവർക്ക് ഒന്നിച്ച് പ്രവർത്തിക്കാനുള്ള അവസരമൊരുക്കാൻ ലക്ഷ്യമിടുന്നതാണ് ഈ കാമ്പയിൻ.
അബൂദബി സാമൂഹിക വികസന വകുപ്പ്, സോഷ്യൽ കോൺട്രിബ്യൂഷൻ അതോറിറ്റി, അബൂദബി സ്പോർട്സ് കൗൺസിൽ എന്നിവയുമായി സഹകരിച്ചാണ് ഒരു സമൂഹം എന്ന പേരിൽ കാമ്പയിൻ ആരംഭിക്കുന്നത്.
വിവിധ രാജ്യക്കാരും ഭാഷക്കാരും വിശ്വാസ സമൂഹങ്ങളും ഒന്നിച്ച് താമസിക്കുന്ന അബൂദബിയിൽ സാമൂഹിക സഹവർത്തിത്വത്തോടെ ഇടപഴകാനും പുരോഗമനപരമായി ഒറ്റ സമൂഹമായി മുന്നോട്ടുപോകാനും അന്തരീക്ഷമൊരുക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്യുന്നതെന്ന് സാമൂഹിക വികസന വകുപ്പ് എക്സിക്യൂട്ടിവ് ഡയറക്ടർ മുഹമ്മദ് ഹിലാൽ ആൽ ബലൂഷി പറഞ്ഞു. വിഭിന്ന സാംസ്കാരിക പശ്ചാത്തലമുള്ളവരെ ഒറ്റ സമൂഹമായി കൂട്ടിയിണക്കുക എന്നത് യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് മുന്നോട്ടുവെച്ച ആശയങ്ങളിൽ പ്രധാനപ്പെട്ടതാണ്. വ്യക്തികളും കുടുംബങ്ങളും തമ്മിലെ ബന്ധം ശക്തമാക്കുന്നതിലൂടെ സമാധാനവും സുസ്ഥിരതയുമുള്ള നാട് എന്നതാണ് ഈ പ്രവർത്തനങ്ങൾ ലക്ഷ്യമിടുന്നതെന്ന് അധികൃതർ പറഞ്ഞു. കായിക പരിപാടികളിലും മറ്റും വിവിധ രാജ്യക്കാരെയും ഭാഷക്കാരെയും വേറിട്ട സാംസ്കാരിക പശ്ചാത്തലമുള്ളവരെയും ഒന്നിച്ച് പങ്കെടുപ്പിക്കും. ആശയവിനിമയം നടത്താനും സാംസ്കാരികമായി പരസ്പരം മനസ്സിലാക്കാനും അവസരമൊരുക്കുകയാണ് പദ്ധതിയുടെ ആദ്യഘട്ടം. നാടിന്റെ വളർച്ചയിൽ ഇത്തരം സഹവർത്തിത്വത്തിന് വലിയ സംഭാവനകൾ നൽകാൻ കഴിയുമെന്ന് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.