സമ്മർ ഫെസ്റ്റുകളിലേക്ക് അബൂദാബി
text_fieldsശൈത്യകാലം വിട്ട് ഇമാറാത്തിന് ചൂടുപിടിക്കുമ്പോള്‍ സമ്മര്‍ ഫെസ്റ്റുകള്‍ക്ക് അരങ്ങൊരുങ്ങുകയാണ് അബൂദബിയില്‍. വേനല്‍ക്കാല ആഘോഷങ്ങളുടെ തുടക്കമെന്ന നിലയില്‍ യാസ് ബേ വാട്ടര്‍ഫ്രണ്ടില്‍ അഞ്ചുദിനങ്ങളിലായി നടക്കുന്ന നവസാംസ്കാരിക ഫെസ്റ്റിവലായ ‘ബ്രഡ് അബൂദബി’യില്‍ പങ്കെടുക്കാനെത്തുന്നത് പ്രമുഖ ബ്രാന്‍ഡുകളാണ്. ഏപ്രില്‍ 26 മുതല്‍ 30 വരെയാണ് സാംസ്കാരിക മേള യാസ് ബേ വാട്ടര്‍ഫ്രണ്ടില്‍ അരങ്ങേറുക.
ഗ്രാമി പുരസ്കാര ജേതാവ് ഡിജെ ജാസി ജെഫ് ആണ് ഏപ്രില്‍ 26ന് ബ്രഡ് ഫെസ്റ്റിവല്‍ വേദിയിലെത്തുന്ന ആദ്യ കലാകാരന്. സമ്മര്‍ ടൈം, ബൂം ഷെയ്ഖ് ദ റൂം, ജസ്റ്റ് ക്രൂസിന് എന്നിവ അദ്ദേഹം അവതരിപ്പിക്കും. യു.എ.ഇയുടെ ഇലക്ട്രോണിക് മ്യൂസിക് ഐകണായ ഉമര്‍ സുലൈമാനും അന്നേദിവസം പരിപാടി അവതരിപ്പിക്കും.
ഏപ്രില്‍ 28ന് ബ്രഡ് അരീനയില്‍ നടക്കുന്ന പരിപാടി നയിക്കുന്നത് മൂന്ന് തവണ ഗ്രാമി പുരസ്കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ട അമേരിക്കന്‍ ഗായകന് 6-ലാക് ആണ്. ഇന്‍ഡി-പോപ് പലസ്തീനിയന്‍ ഗായകന് ലിനാ മഖൂല്‍, ഈജിപ്ഷ്യന്‍ ഹിപ് ഹോപ് സ്റ്റാര്‍ അഹ്മദ് സാന്റാ എന്നിവരും വേദികളില്‍ ആവേശം പകരും. ഏപ്രില്‍ 29ന് ബിഗ് സീന്‍ ആണ് വേദിയിലെത്തുക. ബ്രിട്ടീഷ് ഗായന് ജിഗ്സും അദ്ദേഹത്തിനൊപ്പം ചേരും. യു.എ.ഇയിലുള്ള സൊമാലി റാപ്പര്‍ ഫ്രീക്കിന്റെ പരിപാടിയോടെയാണ് ഏപ്രില്‍ 29ലെ പരിപാടി അവസാനിക്കുക.
ലബനീസ് റാപര്‍ എല്‍ റാസ്, മൊറോക്കന്‍ റാപര്‍ താഗ്നേ പലസ്തീനിയന്‍-ജോര്‍ദാനിയന്‍ റാപ്പര്‍ സിനാപ്റ്റിക്, തുണീസ്യന്‍ റാപ്പര്‍ കലാകാരന് ബാല്റ്റി എന്നിവരാണ് സമാപന ദിനത്തില്‍ കാണികളെ ആവേശഭരിതരാക്കുക. ബ്രഡ് പ്ലസ് പാസുകള്‍ക്ക് 195 ദിര്‍ഹമാണ് ഈടാക്കുന്നത്. ബ്രഡ് ഫനാറ്റിക്കിന് 295 ദിര്‍ഹവും ബ്രഡ് വി.ഐ.പിക്ക് 345ഉം ആണ് ടിക്കറ്റ് നിരക്ക്. ബ്രഡ് ക്ലോസിങ് പാര്‍ട്ടി ടിക്കറ്റുകള്‍ 175 ദിര്‍ഹമാണ് നിരക്ക്. ബ്രഡ് ഫെസ്റ്റിവല്‍ പാസിന് 495 ദിര്‍ഹമാണ് ഈടാക്കുന്നത്. ബ്രഡ് അബൂദബി വെബ്സൈറ്റ് മുഖേന ടിക്കറ്റുകള്‍ സ്വന്തമാക്കാം.
അബൂദബിയെ സംഗീതനഗരമായി യുനസ്കോ ക്രിയേറ്റീവ് സിറ്റീസ് നെറ്റ് വര്‍ക്ക് നാമകരണം ചെയ്തശേഷം ആഗോളതലത്തിലുള്ള നിരവധി ബ്രാന്‍ഡുകളാണ് സംഗീത പരിപാടികളുമായി അബൂദബിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ബ്രിട്ടനിലെ ലിവര്‍പൂള്‍, ന്യൂസിലാന്റിലെ ഓക് ലാന്റ്, സ്പെയിനിലെ സെവില, ഇന്ത്യയിലെ ചെന്നൈ നഗരങ്ങള്‍ക്കൊപ്പമാണ് അബൂദബിയും സംഗീതനഗരം പട്ടം ചൂടിയത്. 2004ലാണ് യുനസ്കോ ഇത്തരമൊരു പദ്ധതിക്കു തുടക്കം കുറിച്ചത്. നഗരങ്ങളുടെ വികസന പദ്ധതികള്‍ക്കു സഹായകമാവുന്ന പദ്ധതികളെ പ്രോല്‍സാഹിപ്പിക്കുകയാണ് ഇതിനു പിന്നിലെ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.