കടലോരത്ത് പാമ്പുണ്ട്; സൂക്ഷിക്കണം
text_fieldsഅബൂദബി: മേഖലയിലെ ബീച്ചുകളില്‍ എത്തുന്നവര്‍ കടല്‍പാമ്പുകളുടെ സാന്നിധ്യം ശ്രദ്ധിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും അബൂദബി പരിസ്ഥിതി ഏജന്‍സി അറിയിച്ചു. കടൽപാമ്പുകളെ കണ്ടാല്‍ സുരക്ഷിതമായ അകലം പാലിക്കണം. കടിക്കാനിടയായാല്‍ അടിയന്തരമായി ആശുപത്രിയില്‍ എത്തി ചികിത്സ തേടണമെന്നും ആവശ്യപ്പെട്ടു. തണുത്ത കാലാവസ്ഥയില്‍ ഭക്ഷണത്തിനും പ്രത്യുല്പാദനത്തിനുമായി കടല്‍ പാമ്പുകള്‍ അബൂദബിയിലെ തീരങ്ങളില്‍ എത്താറുണ്ട്. സാധാരണ ഇവ ആക്രമണകാരികളല്ല. അപൂര്‍വമായേ ആക്രമിക്കുകയോ കടിക്കുകയോ ചെയ്യുകയുള്ളൂ. എന്നിരുന്നാലും അകലം പാലിക്കണം. മണല്പരപ്പില് ഇവയെ കണ്ടാല്‍ ശല്യപ്പെടുത്തുകയോ ഉപദ്രവിക്കുകയോ ചെയ്യരുത്. കടലിലേക്ക് മടങ്ങാനുള്ള സാവകാശം നല്കി അകലം പാലിക്കുകയാണ് അഭികാമ്യം.
ലോകത്തെ അറിയപ്പെടുന്ന 70ഓളം കടല്‍ പാമ്പുകളില്‍ ചിലത് മാത്രമെ യു.എ.ഇ ജലാശയങ്ങളില്‍ വസിക്കുന്നുള്ളൂ. രണ്ടുമീറ്റര്‍ വരെ നീളം വളരുന്ന ഇവ ആഴം കുറഞ്ഞ വെള്ളത്തിലും പവിഴപ്പുറ്റുകളിലും ബീച്ചുകളിലും കാണപ്പെടുന്നു. സാദിയാത്ത് ദ്വീപും അബൂദബി കോര്‍ണിഷിലുമാണ് ഇവയെ കൂടുതലായി കാണുന്നത്. അറേബ്യന്‍ ഗള്‍ഫ് കടൽപാമ്പ്, മഞ്ഞ വയറുള്ള കടൽപാമ്പ്, റീഫ് കടൽപാമ്പ് എന്നിവയാണ് യു.എ.ഇയിലെ ഏറ്റവും സാധാരണമായ കടൽപാമ്പുകള്‍. താപനില കുറഞ്ഞതിനാല്‍ കൂടുതല്‍ താമസക്കാര്‍ ബീച്ചുകളിലേക്കും വരുന്നുണ്ട്. അതിനാലാണ് ജാഗ്രത നിർദേശം നൽകിയത്. അബൂദബിയിലെ പല ബീച്ചുകളിലും ബോഗ്നി അടക്കമുള്ള കടൽപാമ്പുകളെ കണ്ടുവരാറുണ്ട്. താപനിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുമ്പോള്‍ കടല്‍ പാമ്പുകള്‍ മണലിലും ആഴമില്ലാത്ത ഭാഗങ്ങളിലും എത്തുന്നത് സാധാരണമാണ്.
കടൽപാമ്പിനെ കണ്ടാൽ..
ബീച്ചില്‍ കടല്പാമ്പിനെ തൊടുകയോ പിടിക്കുകയോ ചെയ്യരുത്
സുരക്ഷിതത്വം ഉറപ്പാക്കാന്‍ സുരക്ഷിതമായ അകലം പാലിക്കുക
കടിയേറ്റാല്‍ രക്തം കട്ടപിടിക്കുന്നതിനും നാഡീവ്യവസ്ഥ തകരാറിലാക്കുന്നതിനും കാരണമാകും. അതിനാൽ ഉടന്‍ ഡോക്ടറെ സമീപിക്കണം.
പാമ്പ് കടിയേറ്റാൽ സൈറ്റ് മാനേജറിനെ അറിയിക്കുകയോ അബൂദബി സര്‍ക്കാര്‍ നമ്പറായ 800555 ല്‍ ബന്ധപ്പെടുകയോ വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.