ആദ്യ ഇലക്ട്രിക് മാലിന്യ ശേഖരണ ലോറിയുമായി അബൂദബി
text_fieldsഅബൂദബി: മാലിന്യ ശേഖരണ രംഗത്തും വൈദ്യുതി വാഹനങ്ങൾ പരീക്ഷിച്ച് അബൂദബി. അബൂദബി മാലിന്യനിര്‍മാര്‍ജന വകുപ്പായ തദ് വീര്‍ ആണ് പരിസ്ഥിതി സൗഹൃദ ലോറി അവതരിപ്പിച്ചത്. റിനൗള്‍ട്ട് ട്രക്സ് മിഡിലീസ്റ്റ്, അല്‍ മസൂദ് ഗ്രൂപ് എന്നിവയുമായി സഹകരിച്ചാണ് മാലിന്യ ശേഖരണത്തിന് ഇലക്ട്രിക് ലോറി ഏര്‍പ്പെടുത്തിയത്.
അബൂദബിയിലെ ഗാര്‍ഹിക മാലിന്യമാണ് ലോറി ശേഖരിക്കുക. ലോറിയുടെ പ്രവര്‍ത്തന മികവ് പരിശോധിക്കുന്നതിനു പുറമേ ഇവ പോവുന്ന റൂട്ടുകളില്‍ മതിയായ ചാര്‍ജിങ് സ്റ്റേഷനുകള്‍ അധികൃതര്‍ ഉറപ്പുവരുത്തും.
മാലിന്യശേഖരണത്തിന് ഇലക്ട്രിക് ലോറി ഏര്‍പ്പെടുത്തുന്നതില്‍ തങ്ങള്‍ ആകാംക്ഷാഭരിതരാണെന്ന് തദ് വീര്‍ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടിവുമായ അലി അല്‍ ധാഹരി പറഞ്ഞു. റിനൗള്‍ട്ടിന്റെ ഡിവൈഡ് ഇ-ടെക് ലോറി ഇതിനകം യൂറോപ്പില്‍ പ്രകടനമികവ് കാഴ്ചവെച്ചുകഴിഞ്ഞു. പാരിസിലും ബാഴ്ലസലോണയിലുമാണ് റിനൗള്‍ട്ടിന്റെ ട്രക്കുകള്‍ നിരത്ത് കീഴടക്കിയിരിക്കുന്നത്.
ഇരുനഗരങ്ങളിലും ഇലക്ട്രിക് ലോറികളുടെ ഉപയോഗത്തിലൂടെ പ്രതിവര്‍ഷം നാലായിരം ടണ്ണിലേറെ കാര്‍ബണ്‍ഡയോക്സൈഡ് പുറന്തള്ളല്‍ കുറക്കാന്‍ കഴിയുന്നുവെന്നാണ് കണക്ക്. ഒറ്റചാര്‍ജില്‍ 200 കിലോമീറ്ററിനിടക്ക് ദൂരം സഞ്ചരിക്കാന്‍ ഇലക്ട്രിക് ലോറിക്കാവും.
2050ഓടെ കാര്ബൺമുക്തമാവുകയെന്ന യു.എ.ഇയുടെ വിശാല ലക്ഷ്യത്തിന് കരുത്തുപകരുന്ന നടപടിയാണ് അബൂദബിയിലെ പുതിയ ഇലക്ട്രിക് മാലിന്യശേഖരണ ലോറികള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.