‘കടൽക്കൂട്’ മത്സ്യകൃഷി പദ്ധതിയുമായി അബൂദബി
text_fieldsഅബൂദബി: എമിറേറ്റിൽ ആദ്യത്തെ കടൽക്കൂട് (സീ കേജ്) മത്സ്യകൃഷി പദ്ധതിക്ക് തുടക്കമിട്ട് അബൂദബി പരിസ്ഥിതി ഏജൻസി. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ടുള്ള പ്രത്യാഘാതങ്ങൾക്ക് പരിഹാരം കാണുകയും സ്വാഭാവിക മത്സ്യ സമ്പത്തിൻമേലുള്ള സമ്മർദം ലഘൂകരിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
സമുദ്രോൽപന്നങ്ങളുടെ ആവശ്യകത വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഭക്ഷ്യസുരക്ഷാ ലക്ഷ്യങ്ങളെ പിന്തുണക്കാനും മേഖലയിലെ ഭാവി നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. വെള്ളത്തിൽ ഒഴുകിനടക്കുന്ന ആറ് കടൽക്കൂടുകളാണ് പദ്ധതിയുടെ ഭാഗമായി മത്സ്യവളർത്തലിന് സ്ഥാപിക്കുന്നത്.
പ്രതിവർഷം 100 ടൺ മത്സ്യ ഉൽപാദനത്തിന് ഇത് സഹായിക്കും. സഫി അറബി, ഗാബിറ്റ്, ഷാം, ഷെറി എന്നിങ്ങനെ പ്രാദേശികമായി ഒട്ടേറെ ആവശ്യക്കാരുള്ള ഇനങ്ങളാണ് ഈ കൂടുകളിൽ വളർത്തുക. അൽ ദഫ്റ മേഖലയിലെ ഡെൽമ ദ്വീപിന് തെക്കുകിഴക്കായാണ് കൂടുകൾ സ്ഥാപിച്ചിരിക്കുന്നത്. കൂടുകളിൽ നിർമിത ബുദ്ധിയിലധിഷ്ഠിതമായ അത്യാധുനിക നിരീക്ഷണ, ഡാറ്റാ കലക്ഷൻ സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
പശ്ചിമേഷ്യയിൽതന്നെ ആദ്യമായാണ് ഇത്തരമൊരു പദ്ധതിയെന്ന് അധികൃതർ അവകാശപ്പെട്ടു. ഈ സംവിധാനത്തിലൂടെ മത്സ്യ വളർത്തൽ സംബന്ധമായ ഒട്ടേറെ വിവരങ്ങൾ ലഭിക്കും. സമുദ്രജല ഗുണമേന്മ, താപനില, പി.എച്ച്, ലവണത്വം, അമോണിയയുടെ അളവ്, ഓക്സിജൻ തുടങ്ങിയവയുടെയൊക്കെ അളവ് ഇതിലൂടെ അതിവേഗം അറിയാനാവും. സൗരോർജത്തിലാണ് ഈ ഉപകരണങ്ങൾ പ്രവർത്തിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.