എം.എ. യൂസഫലിക്ക് അബൂദബിയുടെ ഉന്നത ബഹുമതി
text_fieldsഅബൂദബി: പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി ഉൾപ്പെടെ 12 പേർക്ക് അബൂദബി സർക്കാറിന്‍റെ ഉന്നത ബഹുമതി. യു.എ.ഇയുടെ വാണിജ്യ-വ്യവസായ മേഖലകളിൽ നൽകിയ സംഭാവനകൾക്കും ജീവകാരുണ്യ രംഗത്ത് നൽകുന്ന മികച്ച പിന്തുണക്കുമുള്ള അംഗീകാരമായാണ് ഉന്നത സിവിലിയൻ ബഹുമതിയായ അബൂദബി അവാർഡ് നൽകിയത്. അബൂദബി അൽ ഹൊസൻ പൈതൃക മന്ദിരത്തിൽ നടന്ന ചടങ്ങിൽ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനാ ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പുരസ്കാരം സമ്മാനിച്ചു.
ഏറെ വിനയത്തോടെയും അഭിമാനത്തോടെയുമാണ് അബൂദബി സർക്കാറിന്‍റെ ഈ ബഹുമതിയെ കാണുന്നതെന്ന് അവാർഡ് സ്വീകരിച്ചതിനുശേഷം എം.എ. യൂസഫലി പറഞ്ഞു. 47 വർഷമായി അബൂദബിയിലാണ് താമസം. ഈ രാജ്യത്തിെൻറ ദീർഘദർശികളും സ്ഥിരോത്സാഹികളുമായ ഭരണാധികാരികളോട്, പ്രത്യേകിച്ച് അബൂദബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനോട് നന്ദി രേഖപ്പെടുത്തുന്നുവെന്നും യൂസഫലി പറഞ്ഞു. ഇന്ന് ഞാൻ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അത് യു.എ.ഇ എന്ന മഹത്തായ രാജ്യത്തിെൻറ ഭരണാധികാരികളുടെയും ഇവിടെ വസിക്കുന്ന സ്വദേശികളും മലയാളികൾ ഉൾപ്പെടുന്ന പ്രവാസി സമൂഹത്തിെൻറയും പിന്തുണയും പ്രാർത്ഥനകളും കൊണ്ടാണ്. തനിക്ക് ലഭിച്ച ഈ ബഹുമതി പ്രവാസി സമൂഹത്തിന് സമർപ്പിക്കുന്നുവെന്നും യൂസഫലി പറഞ്ഞു.
ഈ വർഷം പുരസ്കാരം ലഭിച്ച ഏക ഇന്ത്യക്കാരനാണ് യൂസഫലി. 2005ൽ പ്രവാസി ഭാരതീയ സമ്മാൻ, 2008ൽ പത്മശ്രീ പുരസ്കാരം, 2014ൽ ബഹറൈൻ രാജാവിെൻറ ഓർഡർ ഓഫ് ബഹറൈൻ, 2017ൽ ബ്രിട്ടീഷ് രാജ്ഞിയുടെ ക്വീൻസ് പുരസ്കാരം എന്നിങ്ങനെ യൂസഫലിക്ക് ലഭിച്ച പുരസ്കാരങ്ങൾ നിരവധിയാണ്. യു.എ.ഇ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങൾ പ്രവാസികൾക്ക് നൽകുന്ന ആദ്യത്തെ ആജീവനാന്ത താമസ വിസക്ക് അർഹനായതും യൂസഫലിയാണ്.
യു.എ.ഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിൻ സായിദ് അൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, അബൂദബി എക്സിക്യൂട്ടീവ് ഓഫിസ് ചെയർമാൻ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരടക്കമുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.