പുതുവത്സരാഘോഷം; അബൂദബിയിൽ ഒരു മണിക്കൂർ വെടിക്കെട്ട്
text_fieldsഅബൂദബി: പുതുവത്സരാഘോഷത്തിന്റെ ഭാഗമായി അബൂദബിയിൽ ഒരു മണിക്കൂർ ദൈർഘ്യമുള്ള കരിമരുന്ന് പ്രയോഗം നടത്തുമെന്ന് സംഘാടകർ അറിയിച്ചു. അബൂദബിയിലെ അൽ വത്ബ ഷോ ഗ്രൗണ്ടിൽ നടക്കുന്ന ശൈഖ് സായിദ് ഫെസ്റ്റിവലിന്റെ ഉന്നത സംഘാടക സമിതിയാണ് പുതുവത്സരം ആഘോഷിക്കുന്നതിനായി മെഗാ ഇവന്റുകളും ഷോയും വെള്ളിയാഴ്ച പ്രഖ്യാപിച്ചത്. വെടിക്കെട്ട് 60 മിനിറ്റിലധികം നീണ്ടുനിൽക്കും. കരിമരുന്നിന്റെ അളവ്, സമയം, ഡിസൈൻ വൈവിധ്യം എന്നിവയുടെ അടിസ്ഥാനത്തിൽ നാല് ഗിന്നസ് വേൾഡ് റെക്കോഡുകൾ തകർക്കുന്നതാകും പ്രകടനം. അതോടൊപ്പം, 5,000ത്തിലധികം ഡ്രോണുകൾ ഉപയോഗിച്ച് അൽ വത്ബ ആകാശത്ത് ഡ്രോൺ ഷോയും നടക്കും. ഇതും പുതിയ റെക്കോഡ് സൃഷ്ടിക്കും. ലേസർ ഷോ, എമിറേറ്റ്സ് ഫൗണ്ടൻ, ഗ്ലോവിങ് ടവേഴ്സ് ഗാർഡൻ, ഫെസ്റ്റിവലിന്റെ വിവിധ പവിലിയനുകൾ എന്നിവിടങ്ങളിലെ പ്രത്യേക പരിപാടികളും ആഘോഷത്തിന്റെ മാറ്റുകൂട്ടും. പുതുവർഷരാവിൽ ലക്ഷം കളർ ബലൂണുകൾ ആകാശത്തേക്ക് പറത്തുന്ന ദൃശ്യവിരുന്നിനും കാണികൾ സാക്ഷ്യംവഹിക്കും. ഡി.ജെ, ലൈവ് മ്യൂസിക് ഷോയും രാവിന്റെ ഭംഗികൂട്ടും.
ഫെസ്റ്റിവൽ ചത്വരത്തിനു പുറത്തു വലിയ സ്ക്രീനുകളിലായി പരിപാടികൾ സംപ്രേഷണം ചെയ്യുമെന്ന് ശൈഖ് സായിദ് ഫെസ്റ്റിവലിന്റെ ഉന്നത സംഘാടകസമിതി അറിയിച്ചു. വിവിധ രാജ്യങ്ങളുടെ പവിലിയനുകളിലായി നാടൻ കലാപരിപാടികളും സാംസ്കാരിക ആഘോഷങ്ങളും ഒരുക്കുന്നുണ്ട്. ഫെസ്റ്റിവൽ പവിലിയനുകളിൽ സന്ദർശകർക്കായി വൻ ഡിസ്കൗണ്ടും ഓഫർ ചെയ്യുന്നുണ്ട്. ശൈഖ് സായിദ് ഫെസ്റ്റിവലിൽ 2024 മാർച്ച് ഒമ്പതുവരെ സന്ദർശിക്കാൻ അവസരമുണ്ട്. വൈകീട്ട് നാല് മുതൽ അർധരാത്രിവരെ സാധാരണ ദിവസങ്ങളിലും ആഴ്ചാന്ത്യങ്ങളിലും പൊതുഅവധി ദിവസങ്ങളിലും പുലർച്ച ഒന്നുവരെയുമാണ് സന്ദർശന സമയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.