രക്തദാനത്തിൽ മാതൃകയായി അബൂ മഹ്മൂദ്
text_fieldsഅൽഐൻ: രക്തദാനത്തിന്റെ ആവശ്യകതയും ഗുണവും മനസ്സിലാക്കി കഴിഞ്ഞ ആറു വർഷമായി രക്തം ദാനം ചെയ്യുകയാണ് അബൂ മഹ്മൂദ്. പള്ളി ഇമാമാണ് ഇദ്ദേഹം. ആരോഗ്യമുള്ള ഒരു വ്യക്തിക്ക് രണ്ടു മാസം കൂടുമ്പോൾ രക്തം ദാനം ചെയ്യാമെന്നിരിക്കെ രണ്ടോ, മൂന്നോ മാസം കൂടുമ്പോൾ ബ്ലഡ് ബാങ്കിലെത്തി രക്തം നൽകും. വൈകിയാൽ ബ്ലഡ് ബാങ്കിൽനിന്നും അന്വേഷിച്ച് വിളി വരും ഇദ്ദേഹത്തിന്. പലപ്പോഴായി ആരോഗ്യ വകുപ്പിൽ നിന്ന് പ്രശസ്തി പത്രവും ലഭിച്ചിട്ടുണ്ട്.
യു.എ.ഇയിൽ കഴിഞ്ഞ മാസങ്ങളിലുണ്ടായ അസ്ഥിര കാലാവസ്ഥ മൂലം പല എമിറേറ്റുകളിലും രക്ത ശേഖരണ ദൗത്യങ്ങൾ കുറവാണ്. ഇതുമൂലം രക്തസംഭരണത്തിലും കുറവ് വന്നിട്ടുണ്ട്. പല എമിറേറ്റുകളിലെയും ബ്ലഡ് ബാങ്കുകൾ രക്തം പരസ്പരം കൈമാറിയാണ് ക്ഷാമം പരിഹരിച്ചത്. അൽഐൻ ബ്ലഡ് ബാങ്ക് ഇക്കാര്യത്തിൽ മുൻപന്തിയിലുണ്ടായിരുന്നു.
കൂടുതൽ ആളുകൾ രക്തദാനത്തിന് മുന്നോട്ട് വരേണ്ടതിന്റെ ആവശ്യകതയാണ് ഇത് സൂചിപ്പിക്കുന്നത്. രക്തം നൽകുന്നതിലൂടെ മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ സഹായകമാകുന്നതോടൊപ്പം സ്വന്തം ശരീരത്തിന് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങളും ഇടവിട്ട് രക്തദാനം ചെയ്യുമ്പോഴുണ്ടാകുന്ന സൗജന്യ രക്ത പരിശോധനകൾ വഴി ആരോഗ്യം സംരക്ഷിക്കാനും സാധ്യമാകുന്നു.
ചേകനൂർ, കെ.കെ നഗർ സ്വദേശിയായ അബ്ദുൽ ഗഫൂർ കടുങ്ങം കുന്നത്ത് കാട്ടിൽ അറിയപ്പെടുന്നത് അബൂ മഹ്മൂദ് എന്ന പേരിലാണ്. 27 വർഷമായി യു.എ.ഇയിലുള്ള ഇദ്ദേഹം 20 വർഷമായി അൽഐൻ മനാസിറിലെ പള്ളി ഇമാമാണ്. ജോലിയോടൊപ്പം കൃഷിയിലും തൽപരനാണ് ഇദ്ദേഹം. മരുഭൂമിയിൽ നെല്ലും കശുമാവുമടക്കമുള്ള കൃഷി നടത്തി ഫലം കൊയ്ത് വാർത്തകളിൽ ശ്രദ്ധ നേടിയിട്ടുണ്ട്. നാട്ടിൽ പഴയകാലത്ത് ഉപയോഗിച്ചിരുന്ന പല കാർഷികോപകരണങ്ങളുടെ ശേഖരണവും ഇദ്ദേഹത്തിന്റെ പക്കലുണ്ട്. നല്ലൊരു ഗായകനുമാണ് ഇദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.