സഹായവിളികൾക്ക് നിമിഷങ്ങൾക്കകം സേവനമെത്തിച്ച് അബൂദബി പൊലീസ്
text_fieldsഅബൂദബി: വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന അബൂദബി പൊലീസിെൻറ സഹായം തേടിയെത്തുന്ന ഫോൺവിളികളിൽ വൻ വർധന. ഇൗ വർഷത്തെ ആദ്യ ഏഴു മാസങ്ങളിൽ മാത്രം 15 ലക്ഷത്തോളം കോളുകളാണ് പൊലീസിെൻറ അടിയന്തിര സഹായ നമ്പറായ 999ൽ എത്തിയത്. പലപ്പോഴും ഒാരോ മിനിറ്റിലും അഞ്ച് കോളുകൾ. എന്നാൽ ഇവയെല്ലാം അടിയന്തിര സഹായം എത്തിക്കേണ്ട വിഷയങ്ങളായിരുന്നില്ലെന്ന് ഒാപ്പറേഷൻസ് വിഭാഗം ഡയറക്ടർ കേണൽ നാസർ അൽ മസ്കരി പറഞ്ഞു.
അബൂദബിയിൽ നിന്ന് 980,066 വിളികളാണെത്തിയത്. അൽെഎനിൽ നിന്ന് 415,330 ഉം അൽ റഫ്റയിൽ നിന്ന് 80,986 ഉം വിളികളെത്തി. കുറ്റകൃത്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ മുതൽ ഗതാഗത പ്രശ്നങ്ങൾ വരെയും സ്ഥലങ്ങളും വഴികളുമന്വേഷിച്ചുള്ള വിളികളും ഇതിലുൾപ്പെടും. വാഹനം ബ്രേക്ക്ഡൗണായി വഴിയിൽ കുടുങ്ങിയവരും സഹായം തേടി വിളിച്ചിരുന്നു.
അത്യാധുനിക ഹൈടെക് സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്ന കൺട്രോൾ റൂമുകളിൽ ഫോൺ കാളുകൾ എത്തിയാലുടൻ തുടർനടപടികൾ സജ്ജീകരിക്കാൻ അതാതിടങ്ങളിലെ ഉദ്യോഗസ്ഥർക്ക് നിർദേശമെത്തും. ഉടനടി പൊലീസ് പട്രോൾ സംഘങ്ങൾ സംഭവസ്ഥലത്തേക്ക് കുതിക്കും. സന്ദർഭാനുസരണം എയർവിങ്, ആംബുലൻസ്, കമ്യുനിറ്റി പൊലീസ്, ദ്രുതകർമയൂനിറ്റ്, ഫോറൻസിക് വിഭാഗം എന്നിവയുടെ സംവിധാനങ്ങളും ലഭ്യമാവും.
അടിയന്തിര ഘട്ടങ്ങളിൽ മാത്രം 999 നമ്പർ ഉപയോഗിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു. അല്ലാത്ത പക്ഷം അത്യാവശ്യ സഹായം തേടുന്ന പലർക്കും സേവനം എത്തിക്കുന്നതിന് ഇത് താമസം വരുത്തും.സഹായം തേടിയുള്ള വിളികൾ മുൻവർഷത്തെ അപേക്ഷിച്ച് വർധിച്ചിരിക്കയാണ്. ഇൗ വർഷം ഏഴുമാസം കൊണ്ട് 1,476,382 കാളുകളാണ് ലഭിച്ചതെങ്കിൽ കഴിഞ്ഞ വർഷം ഇത് 1,227,645 ആയിരുന്നു.പ്രത്യേക പരിഗണന ആവശ്യമായ ആളുകൾക്ക് കൂടുതൽ കരുതലോടെ സഹായമെത്തിക്കാനും പൊലീസ് സജ്ജമാണെന്ന് കേണൽ അൽ മസ്റക്കി പറഞ്ഞു. 5999 എന്ന നമ്പറിൽ എസ്.എം.എസ് അയച്ചാലും പൊലീസ് ഉടനടി ഇടപെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.