സാലിക് ഗതാഗത തിരക്കുള്ള സമയത്ത് മാത്രം –അബൂദബി ഗതാഗത വകുപ്പ്
text_fieldsഅബൂദബി: ഗതാഗത തിരക്കുള്ള സമയങ്ങളിൽ മാത്രമേ റോഡ് ചുങ്കം (സാലിക്) ഇൗടാക്കൂ എന്ന് അബൂദബി ഗതാഗത വകുപ്പ് വ്യക്തമാക്കി. റോഡിൽ വാഹനത്തിരക്കുണ്ടാകുന്ന സമയങ്ങളിൽ ടോൾഗേറ്റ് പ്രവർത്തിപ്പിക്കുന്നതിനെ കുറിച്ച് അവലോകനം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ഗതാഗത വകുപ്പ് അണ്ടർ സെക്രട്ടറി ഖലീഫ മുഹമ്മദ് ആൽ മസ്റൂഇ വ്യക്തമാക്കി. രാവിലെയും വൈകുന്നേരവും അബൂദബിയിലെ റോഡിലെ തിരക്ക് ഒഴിവാക്കുന്നതിനാണ് ടോൾ ഗേറ്റ് സ്ഥാപിക്കുന്നതെന്ന് അൽ ബതീൻ കൗൺസിലിൽ നടന്ന പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു. പൊതു ഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നവർക്കും നടപടി സഹായകമാകുമെന്നും കൂട്ടിച്ചേർത്തു.
ഉപഭോക്താക്കളുടെ ആവശ്യം പരിഗണിച്ച് പൊതുഗതാഗത സംവിധാനങ്ങൾ വർധിപ്പിച്ചതായി ഗതാഗത വകുപ്പിലെ സമഗ്ര ഗതാഗത കേന്ദ്രം ഡയറക്ടർ ജനറൽ മുഹമ്മദ് റാശിദ് ആൽ ഖാംസി പറഞ്ഞു. 2008ൽ 120 ബസുകളാണ് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ 546 ബസുകളുണ്ട്. ടാക്സികളുടെ എണ്ണവും വർധിച്ചിട്ടുണ്ട്. 2008ൽ 904 ടാക്സികളാണ് ഉണ്ടായിരുന്നത്. 2017ൽ ടാക്സികളുടെ എണ്ണം 6,698 ആയി ഉയർന്നു.
98 ശതമാനം പേരും ഇപ്പോൾ നിശ്ചിത പാർക്കിങ് സ്ഥലങ്ങളിൽതന്നെ പാർക്ക് ചെയ്യുന്നതായും ക്രമരഹിതമായ പാർക്കിങ് ഇല്ലാതാക്കാൻ സാധിച്ചതായും ഗതാഗത^പാർക്കിങ് മേധാവി മുഹമ്മദ് ഹമദ് ആൽ മുഹൈരി വ്യക്തമാക്കി. പ്രദേശത്തെ ജനങ്ങൾക്കായി 30000 പാർക്കിങ് പെർമിറ്റുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവയിൽ 3500 പെർമിറ്റുകൾ വില്ലകളിൽ താമസിക്കുന്നവരുടെ വാഹനങ്ങൾക്കുള്ളതാണ്. പെർമിറ്റുകൾ ഒരു മാസത്തിനകം പുതുക്കാൻ സാധിക്കും.
സായിദ് സ്പോർട്സ് സിറ്റി, കോർണിഷ് പ്രദേശങ്ങളിൽ ‘പാർക്ക് ആൻഡ് റൈഡ്’ സേവനം ലഭ്യമാക്കാനുള്ള പദ്ധതികൾ പുരോഗതിയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.