താമസക്കെട്ടിടങ്ങളിലെ വാടക അബൂദബി നഗരസഭ വർധിപ്പിച്ചു
text_fieldsഅപാർട്ട്മെൻറുകൾക്ക് മൂന്ന് മുതൽ അഞ്ച് ശതമാനം വരെയും വില്ലകൾക്ക് മൂന്ന് മുതൽ 7.5 ശതമാനം വരെയുമാണ് ഫീസ് വർധന
അബൂദബി: കെട്ടിടങ്ങളിൽ വാടകക്ക് താമസിക്കുന്നവർ അടക്കുന്ന ഫീസ് അബൂദബി നഗരസഭ കുത്തനെ കൂട്ടി. അപാർട്ട്മെൻറുകൾക്ക് മൂന്ന് മുതൽ അഞ്ച് ശതമാനം വരെയും വില്ലകൾക്ക് മൂന്ന് മുതൽ 7.5 ശതമാനം വരെയുമാണ് ഫീസ് വർധന. നിയമം പ്രാബല്യത്തിലായിട്ടുണ്ടെങ്കിലും വർധിപ്പിച്ച ഫീസ് എന്ന് മുതലാണ് നൽകേണ്ടി വരികയെന്ന് വ്യക്തമല്ല.
പുതിയ ആസൂത്രണ മാർഗരേഖയനുസരിച്ച് നടപ്പാക്കിയ ഫീസ് വർധന എമിറേറ്റിലെ പ്രവാസികളെയാണ് ബാധിക്കുക. കഴിഞ്ഞ വർഷമാണ് അബൂദബി നഗരസഭയിൽ വാടകക്കരാറിനൊപ്പം കരാർ തുകയുടെ മൂന്ന് ശതമാനം ഫീസ് ഇൗടാക്കി തുടങ്ങിയത്. ഇതിന് പിന്നാലെയാണ് പുതിയ നീക്കം. സ്വദേശികൾക്ക് ഇൗ ഫീസ് ബാധകമല്ല. 2016 ഫെബ്രുവരിയിലാണ് വാടകക്കാരിൽനിന്ന് ഫീസ് ഇൗടാക്കുന്നതായി ആദ്യം പ്രഖ്യാപിച്ചത്. അബൂദബി ഡിസ്ട്രിബ്യൂഷൻ കമ്പനിയുടെ ബില്ലുകൾക്കൊപ്പമാണ് ഇൗ ഫീസും സമാഹരിക്കുന്നത്. പുതിയ വർധനയനുസരിച്ച് രണ്ട് ലക്ഷം ദിർഹം വാർഷിക വാടക നൽകുന്നയാൾ 6000 മുതൽ 15000 ദിർഹം വരെ അധികം നൽകേണ്ടി വരും. അതേസമയം, ഫീസ് വർധന റിയൽ എസ്റ്റേറ്റ് മേഖലക്ക് ഗുണകരമാകുമെന്നും താമസക്കെട്ടിടങ്ങളുടെ വിൽപന വർധിക്കുമെന്നും കരുതപ്പെടുന്നു. സ്വന്തം കെട്ടിടങ്ങളിൽ താമസിക്കുന്നവർ ഇൗ ഫീസിൽ നിന്ന് ഒഴിവായതിനാൽ കൂടുതൽ പേർ കെട്ടിടങ്ങൾ വാങ്ങാൻ തയാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.