അബൂദബിയിൽ കൊതുകുനശീകരണത്തിന് വിപുല പദ്ധതി
text_fieldsദുബൈ: കൊതുകു വളർച്ചയും കൊതുകു ജന്യ രോഗങ്ങളും തടയുന്നതിെൻറ ഭാഗമായി മാലിന്യ നിർമാർജന കേന്ദ്രമായ തദ്വീർ അബൂദബിയിൽ ബോധവത്കരണവും കർമ്മ പദ്ധതിയും ആരംഭിച്ചു. തൊഴിലാളികൾ കൂടുതലായി പാർക്കുന്ന മുസഫ മേഖലയിൽ മലേറിയ കേസുകൾ റിപ്പോർട്ടു ചെയ്ത സംഭവങ്ങളുടെ പശ്ചാത്തലത്തിലാണിത്. ഉപേക്ഷിച്ച ടയറുകൾ, കളിപ്പാട്ടങ്ങൾ, പൂച്ചെട്ടികൾ, കാനകൾ, പ്ലാസ്റ്റിക് കുപ്പികൾ, ജലസേചനം ചെയ്ത് കെട്ടിക്കിടക്കുന്ന വെള്ളം എന്നിവയെല്ലാം കൊതുകുകളുടെ വളർത്തു കേന്ദ്രങ്ങളാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ മാസം വരെ പ്രാണി നശീകരണം സംബന്ധിച്ച് 70,000 ആവശ്യങ്ങളാണ് തദ്വീറിലെത്തിയത്. ഇതിൽ 3,372 എണ്ണം കൊതുകു ശല്യം നീക്കുന്നതു സംബന്ധിച്ചായിരുന്നുവെന്ന് തദ്വീർ പെസ്റ്റ് കൺട്രോൾ വിഭാഗം ഡയറക്ടർ മുഹമ്മദ് അൽ മർസൂഖി പറഞ്ഞു.
കൊതുകുവളർച്ച തടയുന്നതിന് ശ്രമങ്ങളും ബോധവത്കരണവും ആഗസ്റ്റ് വരെ നീളുന്ന കാമ്പയിനിൽ തുടരും. വീടും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കുകയാണ് ആദ്യമായി ചെയ്യേണ്ടത്.72 ദശലക്ഷം ദിർഹമാണ് അബൂദബി സർക്കാർ കീടനശീകരണതിനായി വിനിയോഗിക്കുന്നത്. യു.എ.ഇയിൽ 1997ലാണ് അവസാനമായി മലേറിയ റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്നാൽ മറ്റുനാടുകളിൽ നിന്നുള്ള ആളുകൾ നാട്ടിൽ നിന്ന് രോഗവാഹകരായി എത്തുകയും മറ്റുള്ളവരിലേക്ക് പകരുകയും ചെയ്യുന്ന സംഭവങ്ങൾ പിന്നീടുമുണ്ടാവുന്നുണ്ട്. വെള്ളം കെട്ടിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ 800555 നമ്പറിൽ അറിയിക്കണം.
അബൂദബി ഫുഡ് കൺട്രോൾ അതോറിറ്റിയും അബൂദബി ഫാർമേഴ്സ് സർവീസ് സെൻററും ബോധവത്കരണ യജ്ഞത്തിൽ സഹകരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.