ലോകത്ത് കോവിഡ് നിർമാർജനത്തിൽ അബൂദബി ഒന്നാമത്
text_fieldsഅബൂദബി: കോവിഡ് നിർമാർജനത്തിൽ ലോകത്തിലെ മുൻനിര നഗരങ്ങളുടെ പട്ടികയിൽ അബൂദബി വീണ്ടും ഒന്നാമതെത്തി. ലണ്ടൻ ആസ്ഥാനമായുള്ള ഡീപ് നോളജ് ഗ്രൂപ് അനലറ്റിക്സ് കൺസോർട്യമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സിംഗപ്പൂർ, സിയോൾ, തെൽഅവീവ്, ദുബൈ എന്നിവയാണ് അബൂദബിക്ക് തൊട്ടുപിന്നിലുള്ള നഗരങ്ങൾ. ഈ വർഷം രണ്ടാം പാദത്തിലെ ഏറ്റവും സുരക്ഷിത നഗരങ്ങളുടെ റാങ്കിങ്ങിലാണ് അബൂദബി മുന്നിലെത്തിയതെന്ന് ഡീപ് നോളജ് ഗ്രൂപ് പുറത്തിറക്കിയ റിപ്പോർട്ട് പറയുന്നു.
കോവിഡ് പ്രതികരണത്തിെൻറ 114 സവിശേഷതകൾ അടിസ്ഥാനമാക്കിയായിരുന്നു റാങ്കിങ്. സർക്കാർ കാര്യക്ഷമത, സാമ്പത്തിക പ്രതിരോധം, ക്വാറൻറീൻ നടപടികളിലെ കാര്യക്ഷമത, ആരോഗ്യ പരിപാലനം, വാക്സിനേഷൻ നിരക്കുകൾ എന്നിവയുൾപ്പെടെ അഞ്ച് പ്രധാന വിഭാഗങ്ങളിൽ ഉൗന്നിയാണ് റാങ്കിങ്. ലോകമെമ്പാടുമുള്ള 72 നഗരങ്ങളിലും മുനിസിപ്പാലിറ്റികളിലും ഇതുസംബന്ധിച്ച വിലയിരുത്തൽ നടത്തിയാണ് ഏറ്റവും ഉയർന്ന റാങ്കുള്ള 50 നഗരങ്ങളെ തിരഞ്ഞെടുത്തത്. പകർച്ചവ്യാധി സമയത്ത് ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി 2021 ഏപ്രിലിൽ റിപ്പോർട്ടിെൻറ ആദ്യ ലക്കത്തിൽ അബൂദബിയെ തിരഞ്ഞെടുത്തിരുന്നു.
കോവിഡ് ബാധിതരെ വേഗത്തിൽ ക്വാറൻറീനിലാക്കുന്ന നടപടി ഫലപ്രാപ്തി വർധിപ്പിച്ചതായി റിപ്പോർട്ട് പറയുന്നു. ഈ നടപടിയിലൂടെ സമൂഹത്തിന് ആരോഗ്യം സംരക്ഷിക്കപ്പെട്ടു. ശാസ്ത്രഗവേഷണം, ഡിജിറ്റൽ സംരംഭങ്ങൾ, സാങ്കേതികവിദ്യ, മെഡിക്കൽ ടൂറിസത്തിെൻറ പ്രധാന ലക്ഷ്യസ്ഥാനം എന്നീ നിലകളിലും അബൂദബി മികച്ച സ്ഥാനം നിലനിർത്തി.
കുറഞ്ഞ പോസിറ്റിവ് കേസുകളും ലോകത്തിൽ ഏറ്റവും കുറഞ്ഞ മരണനിരക്കും നിലനിർത്താൻ അബൂദബിക്ക് കഴിഞ്ഞതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ആഴ്ചകൾക്കുള്ളിൽ ഫീൽഡ് ആശുപത്രികൾ, ബഹുജന പരിശോധന കേന്ദ്രങ്ങൾ, ഡ്രൈവ്-ത്രൂസ് ഉൾപ്പെടെയുള്ള പരിശോധന സൗകര്യങ്ങൾ എന്നിവ സ്ഥാപിച്ചു. പുതിയ സംരംഭങ്ങൾക്കൊപ്പം സൗജന്യ പരിശോധന, ദശലക്ഷക്കണക്കിന് സൗജന്യ ഭക്ഷണവിതരണം, വിവിധ ഭാഷകളിൽ ആരോഗ്യ ബോധവത്കരണ പരിപാടികൾ, മാനസികാരോഗ്യ പിന്തുണ എന്നിവ ഉൾപ്പെടെ ദുർബല വിഭാഗങ്ങൾക്ക് മുൻഗണന നൽകി.
കോവിഡ് ഗവേഷണത്തിന് നേതൃത്വം നൽകിയത് വൈറസിനെ നേരിടാനുള്ള ശാസ്ത്രീയ കണ്ടുപിടിത്തങ്ങൾ സുഗമമാക്കി. വാക്സിൻ കണ്ടെത്താനുള്ള ആഗോളശ്രമങ്ങളിലും അബൂദബി സഹകരിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.