അബൂദബിയിൽ യാത്രാ വിലക്ക് ഒരാഴ്ച കൂടി നീട്ടി
text_fieldsഅബൂദബി: കോവിഡ് വൈറസ് വ്യാപനം തടയുന്നതിന് അബൂദബി എമിറേറ്റിൽ ഏർപെടുത്തിയ യാത്രാ വിലക്ക് ഒരാഴ്ചത്തേക്കു കൂടി ദീർഘിപ്പിച്ചു. തിങ്കളാഴ്ച യാത്രാ നിയന്ത്രണം അവസാനിക്കാനിരിക്കെയാണ് 23വരെ വീണ്ടും നീട്ടിയത്. എമിറേറ്റിലെ വിവിധ മേഖലകൾക്കിടയിലും അബൂദബിയിൽ നിന്നു പുറത്തേക്കും മറ്റു എമിറേറ്റുകളിൽ നിന്ന് അബൂദബിയിലേക്കുമുള്ള കർശന യാത്രാവിലക്ക് തുടരും. തിങ്കളാഴ്ച ചേർന്ന അബൂദബി ദുരന്ത നിവാരണ സമിതിയുടേതാണ് തീരുമാനം.
ആരോഗ്യപ്രവർത്തകർ ദിവസവും പതിനായിരക്കണക്കിന് ആളുകളെ കോവിഡ് പരിശോധന നടത്തുന്നതിനാൽ ഒരു സ്ഥലത്തു നിന്ന് മറ്റു സ്ഥലത്തേക്കുമുള്ള വാഹന സഞ്ചാരത്തിനും ജനങ്ങളുടെ യാത്രക്കുമാണ് കർശന നിയന്ത്രണമുള്ളത്. ഈ മാസം രണ്ട് മുതലാണ് അബൂദബിയിൽ യാത്ര നിയന്ത്രണം കർശനമാക്കിയത്. ഒരാഴ്ചത്തേക്കായിരുന്നു നിയന്ത്രണം. ഇത് പിന്നീട് 15 വരെ നീട്ടി. ഇതാണ് ഇപ്പോൾ 22വരെ നീട്ടിയിരിക്കുന്നത്. അബൂദബി സിറ്റി, അൽഐൻ, അൽദഫ്ര എന്നിവിടങ്ങളിലെ താമസക്കാർക്ക് അവർ താമസിക്കുന്ന നഗര മേഖലകളിൽ മാത്രം യാത്ര ചെയ്യാം. മറ്റു മേഖലകളിലേക്ക് പോകാനോ ഇവിടേക്ക് വരാനോ കഴിയില്ല. മറ്റ് എമിറേറ്റുകളിലേക്കുള്ള യാത്രക്കും വിലക്കുണ്ട്.
ദേശീയ അണു നശീകരണയജ്ഞം നടക്കുന്ന രാത്രി 10നും രാവിലെ ആറിനും ഇടയിൽ ആളുകൾ ഭവനങ്ങളിൽ നിന്ന് പുറത്തു പോകുന്നതിന് വിലക്കുണ്ട്. മറ്റു സമയങ്ങളിൽ പുറത്തിറങ്ങുന്നതിന് വിലക്കില്ല.
സുപ്രധാന മേഖലകളിലെ അടിയന്തിര ജോലികളിൽ ഏർപ്പെടുന്നവരെയും വിമാന യാത്രക്കാരെയും പ്രത്യേക സാഹചര്യങ്ങളിൽ മറ്റു ഭാഗത്തേക്ക് പോകേണ്ട അടിയന്തിരാവശ്യമുള്ള മറ്റാളുകളെയും നിരോധനത്തിൽ നിന്ന് ഒഴിവാക്കുമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ, യാത്രക്കുള്ള മതിയായ കാരണം ബോധ്യപ്പെടുത്തുന്നവരെയും പൊലീസിൽ നിന്നുള്ള അംഗീകാരം നേടുന്നവരെയുമാണ് ചെക്ക് പോസ്റ്റുകളിൽ നിന്ന് കടക്കാൻ അനുവദിക്കൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.