അധ്യയന വർഷാരംഭം: സുരക്ഷ ഉറപ്പാക്കാൻ പൊലീസ് പൂർണസജ്ജം
text_fieldsദുബൈ: തിങ്കളാഴ്ച രാജ്യത്തെ സ്കൂളുകൾ പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിക്കാനിരിക്കെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് പൂർണസജ്ജമെന്ന് അറിയിച്ച് വിവിധ എമിറേറ്റുകളിലെ പൊലീസ് സേനകൾ.
അക്കാദമിക് വർഷത്തിന്റെ ആദ്യദിനത്തിൽ ‘അപകടരഹിത ദിനം’ ആചരിക്കുന്നതടക്കം വിവിധ പദ്ധതികൾ നടപ്പാക്കി പൂർണസുരക്ഷ ഉറപ്പുവരുത്താൻ പൊലീസ് ഒരുക്കങ്ങൾ പൂർത്തിയാക്കി. ഇതിനായി സ്കൂൾ സോണുകളിൽ പട്രോളിങ്ങും നിരീക്ഷണവും ബോധവത്കരണ പ്രവർത്തനങ്ങളും ശക്തമാക്കും.
അബൂദബിയിൽ 6010 സ്കൂൾ ബസുകളിലായി 1.81 ലക്ഷം വിദ്യാർഥികളാണ് സ്കൂളുകളിലേക്ക് യാത്ര ചെയ്യുക. ഇവരെ സ്കൂളിലെത്തിക്കാൻ പരിശീലനവും ബോധവത്കരണ പരിപാടികളും വിജയകരമായി പൂർത്തിയാക്കിയ ശേഷം എമിറേറ്റ്സ് ട്രാൻസ്പോർട്ട് മാത്രം 4960 ഡ്രൈവർമാരെയും 5960 ബസ് സൂപ്പർവൈസർമാരെയും നിയമിച്ചിട്ടുണ്ട്.
ഗതാഗതം നിയന്ത്രിക്കുന്നതിനും സ്കൂൾ ബസുകളുടെ സഞ്ചാരം സുഗമമാക്കുന്നതിനുമായി പട്രോളിങ് ശക്തമാക്കുന്നതിന് ഒരുക്കങ്ങൾ സജീവമാക്കിയതായി അബൂദബി പൊലീസിലെ കേണൽ നാസർ അൽ സആദി പറഞ്ഞു. ഈ കാമ്പയിനിൽ ‘ഹാപ്പിനസ് പട്രോൾ’, ‘ചൈൽഡ് പട്രോൾ’ എന്നിവ ഭാഗവാക്കാകുന്നുണ്ട്.
കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താൻ സ്കൂൾ സോണുകളിൽ ഡ്രൈവർമാർ വാഹനങ്ങളുടെ വേഗം നിയന്ത്രിക്കണമെന്നും കാൽനട ക്രോസിങ്ങുകളിൽ വാഹനങ്ങൾ നിർത്താൻ ശ്രദ്ധിക്കണമെന്നും സമൂഹ മാധ്യമ കാമ്പയിനിലൂടെ ദുബൈ പൊലീസ് ആവശ്യപ്പെട്ടു.
അക്കാദമിക വർഷത്തിന്റെ തുടക്കത്തിന് മുന്നോടിയായി എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയാക്കിയതായി ഷാർജ പൊലീസ് സെൻട്രൽ ഓപറേഷൻസ് ഡയറക്ടർ ബ്രി. ഡോ. അഹ്മദ് സഈദ് അൽ നൗർ പറഞ്ഞു.
സുഗമവും സുരക്ഷിതവുമായ ഗതാഗതം ഉറപ്പാക്കാൻ റോഡുകളിൽ പട്രോളിങ് സാന്നിധ്യം വർധിപ്പിക്കുകയും ട്രാഫിക് സാഹചര്യങ്ങളെ അടിസ്ഥാനമാക്കി പട്രോളിങ് ക്രമീകരിക്കുകയും ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി.
‘ബാക്ക് ടു സ്കൂൾ’ സീസണിനെ സ്വാഗതം ചെയ്യുന്നതിനുള്ള സുരക്ഷാ പദ്ധതി പൂർത്തിയായതായി റാസൽഖൈമ പൊലീസ് ജനറൽ കമാൻഡും അറിയിച്ചു. സ്കൂളുകൾക്ക് സമീപം വേഗം കുറക്കണമെന്നും 10 വയസ്സിന് താഴെയുള്ള വിദ്യാർഥികൾ അവരുടെ സുരക്ഷ ഉറപ്പാക്കാൻ വാഹനങ്ങളുടെ പിൻസീറ്റിൽ ഇരിക്കണമെന്നും സീറ്റ് ബെൽറ്റ് ഉപയോഗിക്കണമെന്നും രക്ഷിതാക്കളെ അധികൃതർ ഓർമിപ്പിച്ചു.
പുതിയ അധ്യയന വർഷത്തിനായുള്ള തയാറെടുപ്പിന്റെ ഭാഗമായി സമഗ്രമായ സുരക്ഷ, ട്രാഫിക് പ്ലാൻ തയാറാക്കിയതായി ഫുജൈറ പൊലീസ് ജനറൽ കമാൻഡും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.