അമ്മമാരെ ആദരിക്കാനായി മാതൃവന്ദനവുമായി അക്കാഫ്
text_fieldsദുബൈ: തിരുവോണദിനത്തിൽ അക്കാഫ് അസോസിയേഷൻ വേൾഡ് ട്രേഡ് സെന്ററിൽ പൊന്നോണക്കാഴ്ച സംഘടിപ്പിക്കുന്നു. അക്കാഫിന്റെ 26ാമത് ഓണാഘോഷത്തിന്റെ ഭാഗമായി കേരളത്തിൽനിന്നെത്തുന്ന തെരഞ്ഞെടുക്കപ്പെട്ട 26 അമ്മമാരൊത്തുള്ള ‘അമ്മയോണ’മാണ് ഇത്തവണത്തെ പരിപാടിയുടെ പ്രത്യേകത. അക്കാഫ് അസോസിയേഷൻ മന്നത്ത് ഗ്രൂപ്പുമായി സഹകരിച്ചാണ് ‘അമ്മയോണം’ സംഘടിപ്പിക്കുന്നത്.
കേരളത്തിലെ വിവിധ ജില്ലകളിൽനിന്നുമാണ് അമ്മമാരെത്തുന്നത്. ദുബൈയിൽ താരതമ്യേന കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്ന പ്രവാസികളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടവരുടെ സ്വപ്നമാണ് ഓണാഘോഷത്തോടനുബന്ധിച്ച മാതൃവന്ദനത്തിൽ സാക്ഷാത്കരിക്കുന്നതെന്ന് ഭാരവഹികൾ ദുബൈയിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഇന്ത്യൻ കോൺസുലേറ്റ്, നോർക്ക റൂട്ട്സ് എന്നിവരും വിവിധ വാണിജ്യ സ്ഥാപനങ്ങളും അക്കാഫ് അസോസിയേഷന്റെ ഓണാഘോഷവുമായി സഹകരിക്കുന്നുണ്ട്. സെപ്റ്റംബർ 15ന് രാവിലെ എട്ടിന് പൊന്നോണനക്കാഴ്ചയുടെ തിരശ്ശീലയുയരും.
തുടർന്ന് വിവിധ കോളജ് അലുമ്നി മെംബർമാർക്കായുള്ള അത്തപ്പൂക്കള മത്സരം, സിനിമാറ്റിക് ഡാൻസ്, പായസം മത്സരം, പുരുഷ കേസരി, മലയാളി മങ്ക മത്സരം, കോളജുകളുടെ സാംസ്കാരിക ഘോഷയാത്ര മത്സരം, കുട്ടികൾക്കായി പെയിന്റിങ്-ചിത്രരചന മത്സരങ്ങൾ എന്നിവ അരങ്ങേറും. ഉച്ചക്ക് 12ഓടെ ഓണസദ്യ ആരംഭിക്കും. ഏകദേശം ഏഴായിരത്തോളം പേരെയാണ് ഓണസദ്യക്ക് പ്രതീക്ഷിക്കുന്നത്. സച്ചിൻവാര്യരുടെയും ആര്യദയാലിന്റെയും നേതൃത്വത്തിലുള്ള ബാൻഡിന്റെ സംഗീതനിശയും അരങ്ങേറും.
അക്കാഫ് അസോസിയേഷൻ പ്രസിഡന്റ് പോൾ ടി. ജോസഫ്, സെക്രട്ടറി ദീപു എ.എസ്, ട്രഷറർ മുഹമ്മദ് നൗഷാദ്, ജനറൽ കൺവീനർ ശങ്കർ നാരായണൻ, വൈസ് പ്രസിഡന്റ് വെങ്കിട് മോഹൻ, ഡയറക്ടർ ബോർഡ് മെംബർമാരായ മച്ചിങ്ങൽ രാധാകൃഷ്ണൻ, മുഹമ്മദ് റഫീഖ്, ഷൈൻ ചന്ദ്രസേനൻ, സാനു മാത്യു, ജോ. ജനറൽ കൺവീനർമാരായ ഡോ. ജയശ്രീ, എ.വി. ചന്ദ്രൻ, സഞ്ജു കൃഷ്ണൻ, ഫെബിൻ, മൻസൂർ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് പരിപാടിയുടെ വിജയത്തിനായി പ്രവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.