മഞ്ഞവര കടന്ന് മരണപ്പാച്ചിൽ; വന്‍ദുരന്തം ഒഴിവായത് തലനാരിഴക്ക്
text_fieldsഅബൂദബി: അതിവേഗ ട്രാക്കിനു സമീപത്തെ മഞ്ഞവരയിലൂടെ പാഞ്ഞ് കയറി കാറിനെ ഇടിച്ച് തെറിപ്പിക്കുന്ന ദൃശ്യം പങ്കുവെച്ച് അബൂദബി പൊലീസ്. മഞ്ഞവര മറികടന്ന് റോഡരികില്‍നിന്ന് തൊട്ടുമുമ്പിലുള്ള വാഹനത്തിന്റെ വളരെ അടുത്തേക്ക് എത്തുകയും ഇടിച്ചു തെറിപ്പിക്കുകയുമായിരുന്നു. കൂട്ടിയിടിയെ തുടര്‍ന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയും വളഞ്ഞുപുളഞ്ഞു പോവുകയും ചെയ്യുന്നത് വിഡിയോയില്‍ കാണാം.
മറ്റ് ട്രാക്കുകളിലെ വാഹനങ്ങള്‍ അകലത്തില്‍ ആയതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. മുന്നില്‍ പോകുന്ന വാഹനവുമായി മതിയായ അകലം പാലിക്കാത്തത് 400 ദിര്‍ഹം പിഴയും ലൈസന്‍സില്‍ നാല് ബ്ലാക്ക് പോയന്റും ചുമത്തപ്പെടാവുന്ന കുറ്റമാണ്. ഇത്തരം ഡ്രൈവിങ്ങിലൂടെ അപകടം സംഭവിക്കുകയും ആളുകള്‍ക്ക് പരിക്കോ മരണമോ സംഭവിക്കുകയോ ചെയ്താല്‍ ഉയര്‍ന്ന ശിക്ഷയാവും ലഭിക്കുക.
മറ്റു വാഹനയാത്രികരുടെ ജീവന് അപകടത്തിൽപെടുത്തുന്ന രീതിയില്‍ അലക്ഷ്യമായി വാഹനമോടിച്ച ഡ്രൈവറെ അബൂദബി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ലെയിനില്നിന്ന് അലക്ഷ്യമായി അടുത്ത ലെയിനിലേക്ക് മാറിയും തിരികെയെത്തുകയും ചെയ്യുന്ന ഇയാളുടെ പ്രവൃത്തി പൊലീസിന്റെ കാമറയില്‍ പതിയുകയായിരുന്നു. നിരവധി തവണയാണ് ഇയാള്‍ ഇതരവാഹനങ്ങളുമായുള്ള കൂട്ടിയിടിയില്‍നിന്ന് രക്ഷപ്പെടുന്നത്.
അപകടകരമായ രീതിയില്‍ വലത്തുനിന്ന് വാഹനങ്ങളെ മറികടക്കാന്‍ ശ്രമിക്കുന്നത് 600 ദിര്‍ഹം പിഴയും 6 ബ്ലാക്ക് പോയന്റും ലഭിക്കുന്ന കുറ്റമാണ്. റോഡിന്റെ വശത്തുനിന്നുള്ള ഓവര്‍ടേക്കിങ് 1000 ദിര്‍ഹം പിഴയും 6 ബ്ലാക്ക് പോയന്റും ലഭിക്കുന്ന കുറ്റമാണ്. ഇതര വാഹനങ്ങളില്‍നിന്ന് മതിയായ അകലം പാലിച്ചില്ലെങ്കില്‍ 400 ദിര്‍ഹം പിഴയും 400 ബ്ലാക്ക് പോയന്റും ലഭിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.