ദുബൈയിൽ അപകട മരണങ്ങൾ 16 വർഷത്തിൽ 93 ശതമാനം കുറഞ്ഞു
text_fieldsദുബൈ: 2007ന് ശേഷം കഴിഞ്ഞ 16 വർഷങ്ങളിലായി ദുബൈയിൽ അപകട മരണങ്ങൾ 93 ശതമാനം കുറഞ്ഞതായി റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) വ്യക്തമാക്കി.
ഒരു ലക്ഷംപേരിൽ അപകട മരണനിരക്ക് 1.6 എന്ന എക്കാലത്തെയും ഏറ്റവും കുറഞ്ഞ നിരക്കിലാണിപ്പോഴുള്ളത്. ലക്ഷത്തിൽ രണ്ട് എന്നതായിരുന്നു ലക്ഷ്യം വെച്ചിരുന്ന നിരക്ക്. ഇതിനെയും മറികടന്നാണ് മരണനിരക്ക് കുറഞ്ഞിരിക്കുന്നത്.
കർശനമായ നിയമം നടപ്പാക്കൽ, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കൽ, ബോധവത്കരണ കാമ്പയിനുകൾ എന്നിവയുൾപ്പെടെ വിവിധ സംരംഭങ്ങളാണ് നേട്ടത്തിന് കാരണമായത്. 2023ൽ മാത്രം 5 ലക്ഷം റോഡ് സുരക്ഷ ലംഘനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
32 കാൽനട ക്രോസിങ്ങുകൾ നിർമിക്കുകയും 200ലധികം സ്ഥലങ്ങളിൽ വ്യക്തിഗത മൊബിലിറ്റി മാർഗങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ആർ.ടി.എയുടെ പ്രധാന മുൻഗണനയാണ് ട്രാഫിക് സുരക്ഷയെന്ന് ദുബൈ പൊലീസ് കമാൻഡർ-ഇൻ-ചീഫ് ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മർറിയുമായുള്ള ഏകോപന യോഗത്തിനുശേഷം ആർ.ടി.എ ഡയറക്ടർ ജനറലും ചെയർമാനുമായ മതാർ അൽ തായർ പറഞ്ഞു. ആർ.ടി.എയും ദുബൈ പൊലീസും തമ്മിലെ പങ്കാളിത്തത്തെയും മികച്ച ബന്ധത്തെയും ഇരുവരും അഭിനന്ദിച്ചു. ദുബൈ മെട്രോയുടെ വരാനിരിക്കുന്ന ബ്ലൂ ലൈൻ പദ്ധതിയുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള കാര്യങ്ങളും യോഗം ചർച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.