അപകടരഹിതം, ദുബൈയിലെ പുതുവൽസരാഘോഷം
text_fieldsദുബൈ: വിനോദസഞ്ചാരികളും താമസക്കാരുമടക്കം ലക്ഷകണക്കിന് പേർ പങ്കെടുത്ത ദുബൈയിലെ പുതുവത്സരാഘോഷത്തിനിടെ ഒരു വാഹനാപകടമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ദുബൈ പൊലീസ് അറിയിച്ചു. പ്രധാനമായും 30 സ്ഥലങ്ങളിലാണ് എമിറേറ്റിൽ വെടിക്കെട്ടും സംഗീത പരിപാടികളും അടക്കം അരങ്ങേറിയത്. ആയിരക്കണക്കിന് വാഹനങ്ങൾ നഗര പാതയിൽ നിറഞ്ഞിട്ടും ഒരു അപകടം പോലുമുണ്ടാകാതിരുന്നത് പൊലീസിന്‍റെ മികച്ച ആസൂത്രണത്തിന്‍റെയും നിരീക്ഷണത്തിന്‍റെയും വിജയമാണ്.
അന്താരാഷ്ട്ര, പ്രദേശിക പരിപാടികൾ സുരക്ഷിതാമാക്കുന്നതിന് ചുമതലയുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ കാര്യക്ഷമതയും പ്രെഫഷണലിസവുമാണ് ആഘോഷം അപകടരഹിതമാക്കിയതെന്ന് ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി പറഞ്ഞു.
ട്രാഫിക് നിയന്ത്രിക്കുന്നതിനൊപ്പം ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തിച്ചേരുന്നതിന് സുരക്ഷിതവും എളുപ്പവുമായ വഴികളും അധികൃതർ ഒരുക്കിയിരുന്നു. 48 സ്ഥാപനങ്ങൾ വിശ്രമമ രഹിതമായി പ്രവർത്തിച്ചതിന്‍റെ വിജയമാണിതെന്നും ലഫ്. ജനറൽ അൽ മർറി പറഞ്ഞു. ആകെ 10579 പൊലീസ് ഉദ്യോഗസ്ഥർ, 5800 സുരക്ഷാ ജീവനക്കാർ, 1420 വളണ്ടിയർമാർ, 3651 പട്രോൾ വാഹനങ്ങൾ, 45 സുരക്ഷാ ബോട്ടുകൾ എന്നിവയാണ് സുരക്ഷക്കായി എമിറേറ്റിലുടനീളം വിന്യസിച്ചത്.
പുതുവത്സര രാവിൽ ആകെ 20,337 ഫോൺ വിളികൾ ലഭിച്ചിട്ടുണ്ടെന്നും ഇവയിൽ 19147 എണ്ണം അടിയന്തിര ഹോട്ട്ലൈൻ നമ്പറായ 999ലും 901 എണ്ണം അടിയന്തരമല്ലാത്ത വിളികൾക്കുള്ള 901 എന്ന നമ്പറിലേക്കുമാണെന്നും ആക്ടിങ് അസി. കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സൈഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു. ഡിസംബർ 31ന് രാവിലെ മുതൽ ജനുവരി ഒന്നിന് രാവിലെ ആറു വരെയുള്ള കണക്കാണിത്. ഗതാഗത സുരക്ഷാ വിഭാഗവും മറ്റു വകുപ്പുകളുമായി സഹകരിച്ച് 20 ലക്ഷത്തിലേറെ വരുന്ന യാത്രക്കാരെ സുരക്ഷിതമാക്കുന്നതിന് സഹായിച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.