വാഹനാപകടം: മലയാളിക്ക് 11.5 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് ദുബൈ കോടതി
text_fieldsദുബൈ: വാഹനാപകടത്തിൽ പരിക്കേറ്റ മലയാളി യുവാവിന് 50 ലക്ഷം ദിർഹം (11.5 കോടി രൂപ) നഷ്ട പരിഹാരം വിധിച്ച് ദുബൈ കോടതി. ദുബൈയിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ ഷാർജ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രാന്‍ഗള്‍ഫ് അഡ്വക്കേറ്റ്സ് സീനിയർ കൺസൾട്ടന്റ് ഈസാ അനീസാണ് ഇക്കാര്യം അറിയിച്ചത്. 2022 മാര്‍ച്ച് 26നായിരുന്നു അപകടം. മലപ്പുറം കൂരാട് കുമ്മാളി വീട്ടില്‍ ഉമ്മര്‍ മകന് ഷിഫിന് ആണ് അപകടത്തിൽപ്പെട്ടത്.
അല്‍ ഐനിലെ ബഖാലയില്‍ നിന്നും മോട്ടോര്‍സൈക്കിളില്‍ സാധനങ്ങളുമായി പോകുന്നതിനിടെ സ്വദേശി ഓടിച്ച കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഷിഫിന് തലക്ക് കാര്യമായ പരിക്കേറ്റിരുന്നു. തലച്ചോറിനേറ്റ പരിക്ക് മൂലം പത്തോളം അവയവങ്ങള്‍ക്ക് പ്രവര്‍ത്തനക്ഷമത നഷ്ടപ്പെടുകയും ചെയ്തു.
ഏറെ നാളത്തെ ചികിത്സക്കുശേഷം ഷിഫിന് ശിരസ്സ് ഇളക്കാന്‍ തുടങ്ങിയതോടെ തുടര്‍ ചികിത്സക്ക് നാട്ടിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചു. തുടർന്നാണ് ഷാർജ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രാന്‍ഗള്‍ഫ് അഡ്വക്കേറ്റ്സ് സീനിയർ കൺസൾട്ടന്റ് ഈസാ അനീസ്, അഡ്വക്കറ്റ് യു.സി. അബ്ദുല്ല, അഡ്വ. മുഹമ്മദ് ഫാസിൽ എന്നിവർ കേസ് ഏറ്റെടുത്തത്.
ഇവർ ദുബൈ കോടതിയിൽ നൽകിയ കേസിനെ തുടർന്ന് ഇൻഷുറൻസ് അതോറിറ്റി കോടതി ഷിഫിന് നഷ്ടപരിഹാരമായി 28 ലക്ഷം ദിർഹം വിധിച്ചു. എങ്കിലും അപ്പീൽ കോടതി നിയമ നടപടികളിലൂടെ നഷ്ടപരിഹാര തുക 50 ലക്ഷം ദിർഹം ആക്കി ഉയർത്തുകയായിരുന്നു.
സുപ്രീം കോടതിയും ഈ വിധി നിലനിർത്തിയെന്നും ഈസാ അനീസ് പറഞ്ഞു. ലോക്കൽ ലോയർ ഫരീദ് അൽ ഹസൻ, ഫ്രാൻഗൾഫ് സി.ഇ.ഒ മുഹമ്മദ് ഫാസിൽ, യു.സി ലീഗൽ കൺസൽട്ടന്റ് അഡ്വ. അബ്ദുല്ല, ഷിഫിന്റെ പിതാവ് ഉമ്മർ കുമ്മാലി, മാതാവ് ജമീല എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.