നിർഭയത്വം ആസ്വദിക്കുന്ന രാജ്യമാണ് യു.എ.ഇയെന്ന് അന്താരാഷ്ട്ര പഠനം
text_fieldsദുബൈ: സ്ത്രീകളും കുട്ടികളുമടക്കം ജനതയൊന്നാകെ സുരക്ഷിതത്വം അനുഭവിക്കുന്ന നാടാണ് യു.എ.ഇയെന്ന് വീണ്ടും അന്താരാഷ്ട്ര പഠനങ്ങളുടെ കണ്ടെത്തൽ. ലോകത്തെ ഏറ്റവും സുരക്ഷിത രാജ്യങ്ങളെ കണ്ടെത്താനുള്ള 'ഗാലപ്പി'െൻറ ഗ്ലോബൽ ലോ ആൻഡ് ഓഡർ റിപ്പോർട്ടിലാണ് അവസാനമായി യു.എ.ഇ ഒന്നാമതെത്തിയിരിക്കുന്നത്.
രാജ്യത്തെ 95ശതമാനം താമസക്കാരും രാത്രിയിൽ ഒറ്റക്ക് നടക്കാൻ മാത്രം നിർഭയത്വം രാജ്യത്ത് ആസ്വദിക്കുന്നുണ്ടെന്നതാണ് സർവെയിലെ സുപ്രധാന കണ്ടെത്തൽ. ലോകത്തെ വൻകിട രാജ്യങ്ങളെയടക്കം പിന്തള്ളിയാണ് യു.എ.ഇ ഇത്തരമൊരു നേട്ടത്തിലേക്ക് എത്തിയത്. നേരത്തെ ഗ്ലോബൽ ഫിനാൻസ് തയ്യാറാക്കിയ റിപ്പോർട്ടിൽ ലോകത്തെ ഏറ്റവും സുരക്ഷിത രാജ്യങ്ങളിൽ യു.എ.ഇക്ക് രണ്ടാം സ്ഥാനം ലഭിച്ചിരുന്നു. നാലുചോദ്യങ്ങൾ അടിസ്ഥാനമാക്കിയാണ് 'ഗാലപ്' സർവെ പൂർത്തിയാക്കിയത്.
പൊലീസിലുള്ള വിശ്വാസം, രാത്രിയിൽ താമസിക്കുന്ന പ്രദേശത്ത് കൂടെ നടക്കാനുള്ള നിർഭയത്വം, കഴിഞ്ഞ ഒരു വർഷത്തിനിടെ മോഷണത്തിന് ഇരയായിട്ടുണ്ടോ, അതിക്രമത്തിന് ഇരയായോ എന്നീ കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ടിൽ യു.എ.ഇ മുന്നിലെത്തിയത്. തൊട്ടുപിറകിലായി നോർവെ, ചൈന, സ്ലൊവേനിയ എന്നീ രാജ്യങ്ങളാണ് ഇടം പിടിച്ചത്. സർവെയിൽ പങ്കെടുത്ത 15വയസിന് മുകളിൽ പ്രായമുള്ള സ്ത്രീകളിൽ 98.5ശതമാനം പേരും രാത്രി ഒറ്റക്കുള്ള സഞ്ചാരത്തിന് സുരക്ഷിതമാണ് യു.എ.ഇ എന്നാണ് അഭിപ്രായപ്പെട്ടത്.
നേരത്തെ ഗ്ലോബൽ ഫിനാൻസ് തയ്യാറാക്കിയ റിപ്പോർട്ട് കോവിഡ് മഹാമാരിയെ നേരിടുന്നതിലും ജനങ്ങൾക്ക് സുരക്ഷിതത്വം നൽകുന്നതിലും രാജ്യങ്ങൾ സ്വീകരിച്ച നടപടികളാണ് പ്രധാനമായും റാങ്കിങിന് പരിഗണിച്ചത്. യുദ്ധം, വ്യക്തി സുരക്ഷ, പ്രകൃതി ദുരന്തം എന്നിവയും 134രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കുന്നതിെൻറ മാനദണ്ഡമായിരുന്നു. കോവിഡ് മരണങ്ങളുടെ കണക്ക്, വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം എന്നിവയും റാങ്കിങിന് പരിഗണിച്ചു. ഐസ്ലൻഡ് ആണ് പട്ടികയിൽ ഒന്നാമതെത്തിയിരുന്നത്. തൊട്ടുപിറകിലായാണ് യു.എ.ഇ സ്ഥാനം പിടിച്ചത്. ഖത്തർ മൂന്നാമതും സിംഗപ്പൂർ നാലാം സ്ഥാനവും നേടി.
ഗൾഫ് രാജ്യങ്ങളിൽ ബഹ്റൈൻ 12ാം സ്ഥാനത്തും കുവൈത്ത് 18ാമതും സൗദി അറേബ്യ 19ാമതും ഒമാൻ 25ാമതുമാണ്. വികസിത രാജ്യങ്ങളാണ് സുരക്ഷിതത്വ പട്ടികയിൽ മുന്നിലെത്തിയത്.
ഇല്ല, പഴുതില്ല.. ഒരിടത്തും
ഒരിടത്തും പഴുത് അവശേഷിപ്പിക്കാതെയുള്ള സുരക്ഷാ സജ്ജീകരണങ്ങളാണ് യു.എ.ഇയെ ലോകത്തെ നിർഭയ രാജ്യമായി മാറ്റിയത്. അടിയന്തിര ഘട്ടങ്ങളിൽ പൊലീസ് സഹായം തേടുന്നവർക്ക് ദുബൈയിൽ 1.55മിനിറ്റിനകം കൈതാങ്ങ് ലഭിക്കും. നേരത്തെ മൂന്ന് മിനിറ്റിലേറെ എടുത്തിരുന്ന സമയം എക്സ്പോ തുടങ്ങുന്ന പശ്ചാത്തലത്തിൽ സൗകര്യങ്ങൾ ഇരട്ടിയാക്കി കുറച്ചെടുക്കയായിരുന്നു.
ഇതിന് പുറമെ, പൊതുയിടങ്ങളിലും റോഡിലും ബസിലും മെട്രോയിലും തുടങ്ങി എല്ലാ സ്ഥലങ്ങളിലും കൃത്യമായ നിരീക്ഷണ സംവിധാനങ്ങളുള്ളതും നിർഭയത്വം പകരുന്നു. സൈബർ രംഗത്തെ നിരീക്ഷണവും എല്ലാ രൂപത്തിലുള്ള നിയമ ലംഘനങ്ങൾക്കും പിഴയും ശിക്ഷയും നൽകുന്നതും കുറ്റവാളികൾക്ക് പേടി സ്വപ്നമാകുന്നു. വിവിധ എമിറേറ്റുകളിലെ സുരക്ഷ ചുമതലയുള്ള പൊലീസ് വിഭാഗങ്ങളുടെ സാങ്കേതിക മികവ് ലോകോത്തരമാണ്. ലോകത്തെ ജീവിക്കാൻ ഏറ്റവും മികച്ച നാടാക്കി ഇമാറാത്തിനെ മാറ്റിയെടുക്കുക എന്ന രാഷ്ട്ര നേതാക്കളുടെ ആശയമാണ് സുരക്ഷിതത്വത്തിന് അടിസ്ഥാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.