കള്ളപ്പണത്തിനെതിരെ വീണ്ടും നടപടി; എക്സ്ചേഞ്ച് കമ്പനിയുടെ ലൈസൻസ് റദ്ദാക്കി
text_fieldsദുബൈ: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട ഗുരുതര നിയമലംഘനം നടത്തിയ ഒരു എക്സ്ചേഞ്ച് കമ്പനിയുടെ കൂടി ലൈസൻസ് യു.എ.ഇ സെൻട്രൽ ബാങ്ക് റദ്ദാക്കി. ഡോളർ എക്സ്ചേഞ്ച് കമ്പനിക്കെതിരെയാണ് നടപടിയെടുത്തത്. കഴിഞ്ഞദിവസം നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് അൽ റശീദ് എക്സ്ചേഞ്ച് കമ്പനിയുടെ ലൈസൻസ് റദ്ദാക്കിയിരുന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് നടപടിയുണ്ടാകുന്നത്. മൂലധനവും ബാങ്ക് ഗാരന്റിയും ആവശ്യമായ അളവിൽ നിലനിർത്തുന്നതിൽ പരാജയപ്പെട്ടതും ഇക്വിറ്റി ബാധ്യതകളിൽ വീഴ്ചവരുത്തിയതുമാണ് ഡോളർ എക്സ്ചേഞ്ച് കമ്പനിക്കെതിരെ നടപടിക്ക് കാരണമായതെന്ന് അധികൃതർ അറിയിച്ചു.
കമ്പനികളുടെ പ്രവർത്തനങ്ങൾ പരിശോധിച്ചശേഷം ക്രമക്കേടുകൾ വ്യക്തമായതോടെയാണ് നടപടിയുണ്ടായത്. സെൻട്രൽ ബാങ്ക് രജിസ്റ്ററിൽനിന്ന് എക്സ്ചേഞ്ച് ഹൗസിന്റെ പേര് ഒഴിവാക്കിയതായും അധികൃതർ അറിയിച്ചു. ഈമാസം ലൈസൻസ് റദ്ദാക്കപ്പെടുന്ന മൂന്നാമത്തെ കമ്പനിയാണ് ഡോളർ എക്സ്ചേഞ്ച്. ചട്ടങ്ങൾ പാലിക്കാത്തതിന് മറ്റൊരു ധനകാര്യ കമ്പനിക്ക് 18 ലക്ഷം ദിർഹം പിഴചുമത്തുകയും ചെയ്തിരുന്നു. ഫെഡറൽ നിയമത്തിലെ ആർട്ടിക്കിൾ 137 പ്രകാരമാണ് ലൈസൻസ് റദ്ദാക്കാനുള്ള തീരുമാനമെടുത്തത്.
അൽ റശീദ് എക്സ്ചേഞ്ച് ഹൗസ് വിനിമയ ഇടപാടുകൾ ബോധപൂർവം കുറച്ചുകാണിച്ചതായും പണത്തിന്റെ ലഭ്യത സംബന്ധിച്ച നിയമങ്ങൾ പാലിച്ചില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമെ സെൻട്രൽ ബാങ്കിന് തെറ്റായവിവരങ്ങൾ കൈമാറുകയും ഗുരുതരമായ കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ ക്രമക്കേടിൽ ഏർപ്പെടുകയും ചെയ്തിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. കള്ളപ്പണ ഇടപാടുകൾക്കും തീവ്രവാദ ഫണ്ടിങ്ങിനും എതിരായി ശക്തമായ നടപടികളാണ് യു.എ.ഇ സെൻട്രൽ ബാങ്ക് സ്വീകരിച്ചുവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.